Kerala News
ശബരിമല സമരം ശക്തമാക്കാന്‍ ബി.ജെ.പി, സെക്രട്ടേറിയറ്റ് വളയാന്‍ തീരുമാനം; മോദിയും അമിത് ഷായും കേരളത്തിലെത്തും
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Jan 05, 07:13 am
Saturday, 5th January 2019, 12:43 pm

കോഴിക്കോട്: ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിനെതിരെ സമരം ശക്തമാക്കാനൊരുങ്ങി സംഘപരിവാര്‍ സംഘടനകള്‍. ഇതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി, ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഉള്‍പ്പെടെ ബി.ജെ.പിയുടെ ദേശീയ നേതാക്കള്‍ കേരളത്തിലെത്തും.

ഈ മാസം 15നാണ് മോദി കേരളത്തിലെത്തുക. ശബരിമല കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ 18ന് സെക്രട്ടേറിയറ്റ് വളയാനും തീരുമാനമായിട്ടുണ്ട്. സമരം ശക്തമാക്കാന്‍ സംസ്ഥാന നേതൃത്വത്തിന് ബി.ജെ.പി ദേശീയ നേതൃത്വം നിര്‍ദേശം നല്‍കിയിരുന്നു. അതിന്റെ ഭാഗമായാണ് സെക്രട്ടേറിയറ്റ് വളയാനുള്ള തീരുമാനം.


ശബരിമല യുവതീ പ്രവേശത്തില്‍ മുഖ്യമന്ത്രിയെ കേന്ദ്രീകരിച്ച് പ്രക്ഷോഭം ശക്തമാക്കാന്‍ ഇന്നലെ കൊച്ചിയില്‍ ചേര്‍ന്ന ആര്‍.എസ്.എസ്- ബി.ജെ.പി നേതൃയോഗം തീരുമാനിച്ചിരുന്നു. ഹര്‍ത്താലിന്റെ പേരില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരെ ഏകപക്ഷീയമായി കേസുകളെടുക്കാന്‍ അനുവദിക്കില്ലെന്നും ബി.ജെ.പി നേതൃയോഗം വ്യക്തമാക്കിയിരുന്നു.

കൂടാതെ കര്‍മസമിതി പ്രവര്‍ത്തകന്റെ മരണത്തെ കുറിച്ച് കള്ളപ്രചാരണം നടത്തിയ മുഖ്യമന്ത്രിക്കെതിരെ കേസെടുക്കണമെന്നും നേതൃയോഗം ആവശ്യപ്പെട്ടിരുന്നു. ശബരിമല കര്‍മ സമിതിയുടെ സമരങ്ങള്‍ക്ക് പൂര്‍ണപിന്തുണ നല്‍കാനും യോഗം തീരുമാനിച്ചിരുന്നു.

അതേസമയം, ജനുവരി ആറിന് നടത്തുമെന്നറിയിച്ച പ്രധാനമന്ത്രിയുടെ പത്തനംതിട്ട സന്ദര്‍ശനം സംസ്ഥാനത്ത് സംഘര്‍ഷം തുടരുന്ന പശ്ചാത്തലത്തില്‍ മാറ്റിവെക്കുകയായിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഒന്നും ചെയ്യാനില്ലെങ്കിലും സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്ന് ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവിനെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.


ദക്ഷിണേന്ത്യയിലെ മോദിയുടെ ഈ വര്‍ഷത്തെ ആദ്യ റാലിയായിരുന്നു പത്തനംതിട്ടയിലേത്. ശബരിമല വിഷയം മുന്‍നിര്‍ത്തി ലോക്സഭാ തെരഞ്ഞെടുപ്പ് നേട്ടം കൊയ്യാനാണ് ബി.ജെ.പി റാലി കൊണ്ട് ലക്ഷ്യമിട്ടിരുന്നത്. ശബരിമലയിലെ യുവതീ പ്രവേശനത്തിന് പിന്നാലെ സംഘപരിവാര്‍ നടത്തിയ ഹര്‍ത്താലിനെ തുടര്‍ന്ന് വലിയ സംഘര്‍ഷമാണ് സംസ്ഥാനത്തുണ്ടായത്.