| Monday, 10th June 2019, 8:04 pm

മോദിയും അമിത് ഷായുമാണ് ഞങ്ങളുടെ സുപ്രീം കോടതി: രാമക്ഷേത്ര നിര്‍മാണത്തെക്കുറിച്ച് സഞ്ജയ് റാവത്ത് എം.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലക്‌നൗ: അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണ വിഷയത്തിലെ അവസാന വാക്ക് നരേന്ദ്ര മോദിയുടേയും, അമിത് ഷായുടേതുമായിരിക്കുമെന്ന് ശിവസേന നേതാവും എം.പിയുമായ സഞ്ജയ് റാവത്ത്. ഈ വര്‍ഷം അവസാനം രാമക്ഷേത്ര നിര്‍മാണം ആരംഭിക്കുമെന്നും സഞ്ജയ് പറയുന്നു.

‘ഭൂരിപക്ഷമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ പോകുന്നത്. 125 കോടി ജനങ്ങളുടെ ആവശ്യത്തിന് വിലയില്ലേ? സുപ്രീം കോടതി അതിന്റെ പണി തുടര്‍ന്നോളും. എന്നാല്‍ ഞങ്ങള്‍ക്കു മുന്നില്‍ പല വഴികളുമുണ്ട്. ഞങ്ങള്‍ക്ക് സുപ്രീം കോടതി എന്ന് പറഞ്ഞാല്‍ എന്താണ്. നരേന്ദ്ര മോദിജിയും, അമിത് ഷാ ജിയും, യോഗിജിയും, ജനങ്ങളുമാണ് ഞങ്ങളുടെ സുപ്രീം കോടതി. തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ മുഖ്യ വിഷയമായി ഉയര്‍ന്നു വന്നത് രാമക്ഷേത്ര നിര്‍മാണവും, ആര്‍ട്ടിക്കിള്‍ 370, ഏകീകൃത സിവില്‍ കോഡ് എന്നിവയുമാണ്. ജനങ്ങള്‍ ഈ വിഷയങ്ങള്‍ അടിസ്ഥാനമാക്കിയാണ് വോട്ടു ചെയ്തത്’- റാവത്ത് പറഞ്ഞതായി എ.എന്‍.ഐ റിപ്പോര്‍ട്ടു ചെയ്യുന്നു.

ഇന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയെ കാണാനിരിക്കുന്ന റാവത്ത്, മോദിയുടേയും ആദിത്യനാഥിന്റെയും നേതൃത്വത്തില്‍ രാമക്ഷേത്രം നിര്‍മിക്കുമെന്നും അവകാശപ്പെട്ടു.

‘രാമക്ഷേത്രം ഇപ്പോള്‍ നിര്‍മിക്കപ്പെടും. ആര്‍ക്കും അത് തടയാന്‍ കഴിയില്ല. 2019ല്‍ എന്‍.ഡി.എയ്ക്ക് വലിയ ഭൂരിപക്ഷമാണ് ലഭിച്ചിരിക്കുന്നത്. ഇതിനാല്‍ നിയമത്തിനോ മറ്റൊന്നിനോ നിര്‍മാണം തടയാന്‍ സാധിക്കില്ല’- റാവത്ത് പറയുന്നു.

കേസ് തുടരുമെന്നും, എന്നാല്‍ രാജ്യം മുഴുവന്‍ ശ്രീരാമന് അവകാശപ്പെട്ടതാണെന്നും റാവത്ത് പറഞ്ഞു. സര്‍ദാര്‍ പട്ടേലിന് ശേഷം കശ്മീര്‍ വിഷയം പരിഹരിക്കാന്‍ കഴിവുള്ള ആഭ്യന്തരമന്ത്രിയാണ് അമിത് ഷായെന്നും റാവത്ത് പറയുന്നു.

രാമക്ഷേത്ര നിര്‍മാണം നിലവില്‍ സുപ്രീം കോടിതയുടെ പരിഗണനയിലാണ്. കോടതിയുടെ മേല്‍നോട്ടത്തില്‍ കേസില്‍ മധ്യസ്ഥ ചര്‍ച്ചകള്‍ നടന്നു കൊണ്ടിരിക്കുകയാണ്.

We use cookies to give you the best possible experience. Learn more