| Sunday, 22nd December 2019, 2:52 pm

'അവര്‍ക്ക് നിങ്ങളുടെ രോഷം നേരിടാനാവില്ല, അതുകൊണ്ടാണ് ഇന്ത്യയെ വിഭജിക്കുന്നത്'; മോദിക്കും അമിത് ഷായ്ക്കുമെതിരെ രാഹുല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സമ്പദ് വ്യവസ്ഥ തകര്‍ത്തതു മറച്ചുവെയ്ക്കാന്‍ വേണ്ടിയാണ് ഇന്ത്യ വിഭജിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ശ്രമിക്കുന്നതെന്ന ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പൗരത്വ ഭേദഗതി നിയമം എടുത്തുപറയാതെയായിരുന്നു അദ്ദേഹം വിഭജനമെന്ന ആരോപണമുന്നയിച്ചത്. ട്വിറ്ററിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘ഇന്ത്യയിലെ പ്രിയപ്പെട്ട യുവാക്കളേ, മോദിയും ഷായും ചേര്‍ന്നു നിങ്ങളുടെ ഭാവി നശിപ്പിച്ചു. തൊഴിലില്ലായ്മയിലും സമ്പദ് വ്യവസ്ഥ തകര്‍ത്തതിലും നിങ്ങള്‍ക്കുള്ള രോഷം നേരിടാന്‍ അവര്‍ക്കാവില്ല.

അതുകൊണ്ടാണ് അവര്‍ ഇന്ത്യയെ വിഭജിക്കുന്നതും വിദ്വേഷത്തിന്റെ മറവില്‍ ഒളിക്കുന്നതും. ഓരോ ഇന്ത്യക്കാരനോടും സ്‌നേഹം ചൊരിഞ്ഞു കൊണ്ടുമാത്രമേ അവരെ നമുക്കു തോല്‍പ്പിക്കാനാവൂ’, അദ്ദേഹം ട്വീറ്റ് ചെയ്തു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പൗരത്വ ഭേദഗതി ബില്ലും എന്‍.ആര്‍.സിയും ധ്രുവീകരണത്തിനു വേണ്ടി ഇന്ത്യക്കു മേല്‍ ഫാസിസ്റ്റുകള്‍ കെട്ടഴിച്ചുവിട്ട ആയുധങ്ങളാണെന്ന് രാഹുല്‍ നേരത്തേ ആരോപിച്ചിരുന്നു.

നേരത്തേ കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ശിവസേന രംഗത്തെത്തിയിരുന്നു. രാജ്യം ആരുടെയും സ്വന്തമല്ലെന്നും എല്ലാവരുടെയും രക്തം ഇന്ത്യന്‍ മണ്ണിലുണ്ടെന്നും ശിവസേനാ നേതാവ് സഞ്ജയ് റാവത്ത് അഭിപ്രായപ്പെട്ടു. ട്വിറ്ററിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

വോട്ടുബാങ്ക് രാഷ്ട്രീയത്തിന്റെ പേരില്‍ ബി.ജെ.പി ഹിന്ദു-മുസ്ലിം വിഭജനമുണ്ടാക്കാന്‍ നോക്കുകയാണെന്നായിരുന്നു അദ്ദേഹം നേരത്തേ ആരോപിച്ചിരുന്നത്.

‘നിയമവിരുദ്ധരായ നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കണം. കുടിയേറ്റ ഹിന്ദുക്കള്‍ക്ക് പൗരത്വം നല്‍കണം, പക്ഷേ വോട്ട് ബാങ്ക് സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്ന ആരോപണത്തിന് മറുപടി നല്‍കണം. അവര്‍ക്ക് വോട്ടവകാശം നല്‍കരുത്, കശ്മീരി പണ്ഡിറ്റുകളെ കുറിച്ച് താങ്കള്‍ക്ക് എന്താണ് പറയാനുള്ളത്?’- അദ്ദേഹം അമിത് ഷായോടു ചോദിച്ചു.

We use cookies to give you the best possible experience. Learn more