രാഹുല്‍ ഗാന്ധിക്ക് കര്‍ഷക നേതാക്കളുടെ പേരറിയില്ല: കര്‍ഷക സമരങ്ങളെക്കുറിച്ച് മിണ്ടാതെ രാഹുലിനെ വ്യക്തിപരമായി ആക്രമിച്ച് രാജസ്ഥാനില്‍ മോദി
national news
രാഹുല്‍ ഗാന്ധിക്ക് കര്‍ഷക നേതാക്കളുടെ പേരറിയില്ല: കര്‍ഷക സമരങ്ങളെക്കുറിച്ച് മിണ്ടാതെ രാഹുലിനെ വ്യക്തിപരമായി ആക്രമിച്ച് രാജസ്ഥാനില്‍ മോദി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 5th December 2018, 2:03 pm

 

ജയ്പൂര്‍: രാജ്യത്ത് വര്‍ധിച്ചുവരുന്ന കര്‍ഷക ആത്മഹത്യകളെക്കുറിച്ചും കര്‍ഷകര്‍ നടത്തുന്ന പ്രക്ഷോഭങ്ങളെക്കുറിച്ചും മിണ്ടാതെ രാഹുല്‍ ഗാന്ധിയെ വ്യക്തിപരമായി കടന്നാക്രമിച്ച് രാജസ്ഥാനില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് സ്വന്തം പാര്‍ട്ടിയിലെ കര്‍ഷക നേതാക്കളുടെ പേരറിയില്ലെന്നാണ് മോദി പറഞ്ഞത്. രാജസ്ഥാനില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

“കോണ്‍ഗ്രസ് പ്രസിഡന്റിന് അദ്ദേഹത്തിന്റെ പാര്‍ട്ടി നേതാക്കളുടെ തന്നെ പേരറിയില്ല. അദ്ദേഹത്തിന് അന്തരിച്ച കുംഭറാംജിയെപ്പോലെ കോണ്‍ഗ്രസിലെ പ്രമുഖ കര്‍ഷക, ജാട്ട് നേതാക്കളുടെ പേരറിയില്ല. രാഹുല്‍ ഗാന്ധി കുംഭാകരന്‍ എന്നാണ് അദ്ദേഹത്തെ വിളിച്ചത്. അതുപോലുള്ളവര്‍ അധികാരത്തിലെത്തിയാല്‍ കര്‍ഷകര്‍ക്കുവേണ്ടി എന്തു ചെയ്യുമെന്നത് നിങ്ങള്‍ക്ക് ഊഹിക്കാവുന്നതേയുള്ളൂ” മോദി പറഞ്ഞു.

Also Read:യോഗി ആദിത്യനാഥ് വിളിച്ചുചേര്‍ത്ത പ്രത്യേക യോഗത്തില്‍ ബുലന്ദ്ശ്വര്‍ കൊലപാതകം ചര്‍ച്ചയായില്ല; മുഖ്യമന്ത്രി ആവശ്യപ്പെട്ടത് പശുവിനെ കൊല്ലുന്നവര്‍ക്കെതിരെ നടപടി വേണമെന്ന്

രാഹുല്‍ ഗാന്ധിക്ക് ഭാരത് മാതാ കി ജയ് എന്ന് വിളിക്കുന്നതില്‍ പ്രശ്‌നമുണ്ടെന്നും മോദി കുറ്റപ്പെടുത്തി. ” നിങ്ങള്‍ക്ക് ഭാരത് മാതാ കി ജയ് എന്നു വിളിക്കാന്‍ എന്തെങ്കിലും പ്രശ്‌നമുണ്ടോ? നിങ്ങള്‍ക്കുണ്ടോ? കാരണം കോണ്‍ഗ്രസിലെ നാംദാറിന് (രാഹുല്‍ഗാന്ധി) അങ്ങനെ പറയാന്‍ ബുദ്ധിമുട്ടാണ്.” എന്നും മോദി പറഞ്ഞു.

മോദി സര്‍ക്കാറിനെതിരെ യു.പിയിലെയും രാജസ്ഥാനിലെയും തമിഴ്‌നാട്ടിലെയുമൊക്കെ കര്‍ഷകര്‍ പ്രക്ഷോഭവുമായി രംഗത്തെത്തിയിരുന്നു. കഴിഞ്ഞദിവസം ദല്‍ഹിയില്‍ കര്‍ഷകര്‍ കിസാന്‍ മുക്തി മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു.

Also Read:Video: മന്ത്രി എ.സി മൊയ്തീന്‍ പങ്കെടുത്ത വേദിയില്‍ നാമജപവുമായി സ്ത്രീകള്‍; പ്രതിഷേധക്കാരെ കൂക്കിവിളിച്ച് ഇറക്കിവിട്ട് സദസിലുള്ള മറ്റ് സ്ത്രീകള്‍

കാര്‍ഷിക മേഖലയിലെ ഗുരുതര പ്രതിസന്ധികള്‍ അവഗണിക്കുന്ന കേന്ദ്രനിലപാടിനെതിരെയായിരുന്നു പ്രതിഷേധം. പതിനായിരക്കണക്കിന് കര്‍ഷകരാണ് റാലിയില്‍ പങ്കെടുത്തത്. ഇത്തരം പ്രതിഷേധങ്ങളെക്കുറിച്ചോ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനെക്കുറിച്ചോ മിണ്ടാതെയാണ് മോദി രാഹുല്‍ ഗാന്ധിയെ വ്യക്തിപരമായി ആക്രമിക്കുന്നത്.