| Tuesday, 25th September 2018, 5:42 pm

റാഫേല്‍ ഇടപാടിനെക്കുറിച്ച് വാ തുറക്കാതെ കോണ്‍ഗ്രസിനെ വിമര്‍ശിച്ച് മോദി; താമര വിരിയാന്‍ ഏറ്റവും അനുയോജ്യം ചെളിയാണെന്നും മോദി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭോപ്പാല്‍: റാഫേല്‍ ഇടപാടില്‍ അഴിമതിയാരോപണം നിലനില്‍ക്കെ കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തനിക്കെതിരെ അന്താരാഷ്ട്ര തലത്തില്‍ സംഖ്യമുണ്ടാക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും ഇന്ത്യയില്‍ സഖ്യമുണ്ടാക്കാന്‍ കഴിയാത്തതിനാലാണിതെന്നും പ്രധാനമന്ത്രി പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മധ്യപ്രദേശിലെ ഭോപ്പാലില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അധികാരം നഷ്ടപ്പെട്ട കോണ്‍ഗ്രസിന് സമനില തെറ്റിയിരിക്കുകയാണെന്നും,കോണ്‍ഗ്രസ് ബി.ജെ.പിക്ക് നേരെ ചെളി വാരിയെറിയുകയാണെന്നും അദ്ദേഹം പ്രസംഗിച്ചു. എന്നാല്‍ താമര വിരിയാന്‍ ഏറ്റവും അനുയോജ്യം ഈ ചെളിയാണെന്നും ഇന്ത്യയിലെ ഓരോ മുക്കിലും മൂലയിലും താമര വിരിയുക തന്നെ ചെയ്യുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

Also Read തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ക്രിമിനല്‍ കേസ് അയോഗ്യതയല്ല; വിശദാംശങ്ങള്‍ നോമിനേഷനില്‍ ഉള്‍പ്പെടുത്തിയാല്‍ മതിയെന്നും സുപ്രീം കോടതി

കോണ്‍ഗ്രസ് വ്യാജആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്നും വിദേശ രാജ്യങ്ങളാണോ ഇന്ത്യയുടെ പ്രധാനമന്ത്രി ആരാകണമെന്ന് തീരുമാനിക്കുന്നതെന്നും പ്രധാനമന്ത്രി ചോദിച്ചു. സമനില നഷ്ടപ്പെട്ടവര്‍ക്ക് മാത്രമേ ഇങ്ങനെ ചിന്തിക്കാനാകൂവെന്നും വോട്ട് ബാങ്ക് രാഷ്ട്രീയമാണ് കോണ്‍ഗ്രസിന്റെ രീതിയെന്നും മോദി പറഞ്ഞു. എന്നാല്‍ തനിക്കെതിരെ ഉയര്‍ന്ന് ആരോപണത്തില്‍ മറുപടി പറയാന്‍ മോദി തയ്യാറായില്ല.

അതേസമയം റാഫേല്‍ ഇടപാടില്‍ നിന്ന് പൊതുമേഖലാ സ്ഥാപനമായ എച്ച്.എ.എല്ലിനെ (ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സ് ലിമിറ്റഡ്) അനില്‍ അംബാനിയുടെ കമ്പനിക്ക് വേണ്ടി അവസാനം നിമിഷം തഴഞ്ഞുവെന്നതിന്റെ തെളിവുകള്‍ ഇന്ന് വീണ്ടും പുറത്തുവന്നിരുന്നു.

108 റഫാല്‍ യുദ്ധവിമാനങ്ങള്‍ ഇന്ത്യയില്‍ നിര്‍മിക്കുന്നതിനായി ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്സ് ലിമിറ്റഡുമായി ധാരണയുണ്ടെന്ന് ദസോള്‍ട്ട് മേധാവി എറിക് ട്രാപ്പിയര്‍ 2015 മാര്‍ച്ച് 25ന് വ്യോമസേനാ, എച്ച്.എ.എല്‍ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ സംസാരിക്കുന്നതിന്റെ വീഡിയോയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

Also Read “15 ദിവസത്തേക്കെങ്കിലും കുറ്റകൃത്യങ്ങള്‍ ചെയ്യരുത്, അപേക്ഷയാണ്”; ക്രിമിനലുകള്‍ക്ക് മുന്‍പില്‍ കൈകൂപ്പി ബീഹാര്‍ ഉപമുഖ്യമന്ത്രി; നാണംകെട്ട പ്രവൃത്തിയെന്ന് പ്രതിപക്ഷം

ഏപ്രില്‍ 10 ന് മോദി ഫ്രാന്‍സ് സന്ദര്‍ശിച്ചപ്പോള്‍ വിമാനങ്ങള്‍ വാങ്ങുന്നത് 36 ആയി ചുരുങ്ങുകയും എച്ച്.എ.എല്ലിന് പകരം റിലയന്‍സ് കയറി വരികയും ചെയ്യുകയായിരുന്നു. മോദി ഫ്രാന്‍സില്‍ വെച്ച് പുതിയ കരാര്‍ പ്രഖ്യാപിക്കുന്നതിന് രണ്ടു ദിവസം മുമ്പ് വരെ എച്ച്.എ.എല്‍ ഇടപാടില്‍ ഉണ്ടായിരുന്നുവെന്നതിന്റെ തെളിവായി അന്നത്തെ വിദേശകാര്യ സെക്രട്ടറി എസ് ജയശങ്കര്‍ മാധ്യമങ്ങളോട് സംസാരിച്ചതിന്റെ തെളിവുകളും പുറത്തു വന്നിട്ടുണ്ട്.

We use cookies to give you the best possible experience. Learn more