ന്യൂദല്‍ഹി: കോണ്‍ഗ്രസിനെതിരെ വീണ്ടും വിദ്വേഷ പരാമര്‍ശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കോണ്‍ഗ്രസ് ദുര്‍ബലമാകുന്നതില്‍ ദുഃഖം പാകിസ്ഥാനാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഗുജറാത്തില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയിലാണ് കോണ്‍ഗ്രസിനെതിരെ മോദിയുടെ വിദ്വേഷ പ്രസ്താവന.
കോണ്‍ഗ്രസ് പാകിസ്ഥാന്റെ അനുയായികളാണെന്നാണ് പ്രസംഗത്തില്‍ മോദി പറഞ്ഞത്.
‘കോണ്‍ഗ്രസ് ദുര്‍ബലമാകുന്നതില്‍ ദുഃഖം പാകിസ്ഥാനാണ്. കോണ്‍ഗ്രസ് ഇന്ത്യയില്‍ ജയിക്കാന്‍ വേണ്ടി പ്രാര്‍ത്ഥിക്കുന്നത് പാകിസ്ഥാനിലെ നേതാക്കന്‍മാരാണ്. വോട്ട് ജിഹാദിനായി മുസ്‌ലിങ്ങളോട് ആഹ്വാനം ചെയ്യുകയാണ് ഇന്ത്യാ മുന്നണി,’ പ്രധാനമന്ത്രി പറഞ്ഞു.
കോണ്‍ഗ്രസിന്റെ ലക്ഷ്യങ്ങള്‍ അപകടകരമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസും പാകിസ്ഥാനും തമ്മില്‍ രഹസ്യ ബന്ധമുണ്ടെന്നും അത് പരസ്യമായെന്നും ഗുജറാത്തില്‍ നടന്ന റാലിയില്‍ പ്രധാനമന്ത്രി പറഞ്ഞു.
കോണ്‍ഗ്രസിന്റെ ഭരണ കാലത്ത് ഭീകരവാദികള്‍ക്കുള്‍പ്പടെ രാജ്യത്ത് സ്ഥാനമുണ്ടായിരുന്നു. ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷമാണ് ഭീകരവാദത്തെ പൂര്‍ണമായും തുടച്ചുനീക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ രാജ്യത്ത് ആരംഭിച്ചതെന്നും മോദി അവകാശപ്പെട്ടു.
പാകിസ്ഥാന്‍ മുന്‍ മന്ത്രിയായ ഫവാദ് ചൗധരി രാഹുല്‍ ഗാന്ധിയുമായി ബന്ധിപ്പെട്ട ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത് ഉയര്‍ത്തിപ്പിടിച്ചാണ് ഇത്തവണ കോണ്‍ഗ്രസിനെതിരെ മോദി വിദ്വേഷ പ്രസ്താവന നടത്തിയത്. ഒരു കോണ്‍ഗ്രസ് നേതാവും ഇതിനെ അപലപിച്ചില്ലെന്നും മോദി റാലിയില്‍ പറഞ്ഞു.
ഒന്നാംഘട്ട തെരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസിനെ ലക്ഷ്യമിട്ടുള്ള വിദ്വേഷ പ്രസ്താവനകള്‍ കേന്ദ്രീകരിച്ചാണ് മോദിയുടെ തെരഞ്ഞെടുപ്പ് പ്രചരണം. ഇതിനെതിരെ വ്യാപക വിമര്‍ശനം പ്രതിപക്ഷ നിരയില്‍ നിന്ന് ഉയര്‍ന്നിരുന്നു. രാജസ്ഥാനിലെ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ മോദി നടത്തിയ വിദ്വേഷ പ്രചരണത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.
Content Highlight: modi again with controversial remarks against congress