ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇപ്പോള്‍ തന്റെ പ്രസംഗങ്ങളില്‍ ചൗകിദാര്‍ (കാവല്‍ക്കാരന്‍) എന്ന പ്രയോഗം ഉപയോഗിക്കാന്‍ മടിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി. ചൗകിദാര്‍ എന്ന് പറയുമ്പോള്‍ തിരിച്ച് ആരെങ്കിലും ചോര്‍ ഹെ (കള്ളനാണ്) എന്ന് പറയുമോയെന്ന ഭയം കാരണമാണിതെന്നും രാഹുല്‍ പരിഹസിച്ചു.
‘ഇപ്പോള്‍ പ്രധാനമന്ത്രി തന്റെ പ്രസംഗങ്ങളില്‍ ചൗകിദാര്‍ എന്ന വാക്ക് ഉപയോഗിക്കുമ്പോള്‍ മടിച്ചു കൊണ്ടാണ് അത് ചെയ്യാറ്. ആരെങ്കിലും തിരിച്ച് ചോര്‍ ഹെ എന്ന് പറയുമോയെന്ന് ഭയം കൊണ്ടാണത്’- ഹരിയാനയിലെ ഗുരുഗ്രാമില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞതായി എ.എന്‍.ഐ റിപ്പോര്‍ട്ടു ചെയ്യുന്നു.
വോട്ടു കിട്ടാനായി മോദി എന്തും പറയുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ‘മോദി വോട്ടിനായി ആലോചിക്കാതെ എന്തു വേണമെങ്കിലും പറയും. താന്‍ വരുന്നതിന് മുമ്പ് ഇവിടെ ഒന്നും നടന്നിട്ടില്ലെന്ന് മോദി ചെങ്കോട്ടയില്‍ വെച്ച് പറഞ്ഞു. ഒന്നും നടന്നില്ലെന്ന് പറയുക വഴി മോദി നിങ്ങളുടെ പൂര്‍വികരെ പരിഹസിക്കുകയാണ് ചെയ്തത്’- രാഹുല്‍ റാലിയില്‍ പറഞ്ഞു.
മോദി എവിടെ പോയാലും വെറുപ്പ് പ്രചരിപ്പിക്കുകയാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി. മോദി അംബാനിയുടെ കാവല്‍ക്കാരനാണെന്നും, പണക്കാരുടെ ലോണുകള്‍ എഴുതിതള്ളുന്ന മോദി പാവങ്ങളുടെ കാര്യങ്ങള്‍ പരിഗണിക്കില്ലെന്നും പറഞ്ഞു.
ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഏറ്റവും അധികം ഉയര്‍ന്നു കേള്‍ക്കുന്നതും ചര്‍ച്ച ചെയ്യപ്പെട്ടതുമായ മുദ്രാവാക്യമാണ് ‘ചൗകിദാര്‍ ചോര്‍ ഹെ’ (കാവല്‍ക്കാരന്‍ കള്ളനാണ്) എന്നത്. റഫാല്‍ കരാറിലെ അഴിമതികള്‍ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രാഹുല്‍ ഗാന്ധി ഇങ്ങനെ വിശേഷിപ്പിക്കാന്‍ ആരംഭിച്ചതോടെയാണ് മുദ്രാവാക്യം പ്രശസ്തമായത്.
ഈ മുദ്രാവാക്യം ഉണ്ടായതെങ്ങനെയെന്ന് രാഹുല്‍ ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ ഇന്ന് പറഞ്ഞിരുന്നു. ഇത് തന്റെ മുദ്രാവാക്യമല്ലെന്നും, ജനങ്ങള്‍ക്കിടയില്‍ നിന്നുണ്ടായതാണെന്നുമായിരുന്നു രാഹുലിന്റെ പ്രതികരണം.
‘ഞാന്‍ ചത്തീസ്ഗഡില്‍ പ്രസംഗിക്കുകയായിരുന്നു. കാവല്‍ക്കാരന്‍ കര്‍ഷകരുടെ ലോണുകള്‍ എഴുതി തള്ളിയിട്ടില്ല, കാവല്‍ക്കാരന്‍ തൊഴിലുകള്‍ സൃഷ്ടിക്കുന്നതില്‍ പരാജയപ്പെട്ടു, കാവല്‍ക്കാരന്‍ നിങ്ങള്‍ക്ക് 15 ലക്ഷം നല്‍കിയില്ല എന്ന് ഞാന്‍ പ്രസംഗത്തിനിടെ പറയുകയായിരുന്നു. ജനക്കൂട്ടത്തില്‍ കുറെ യുവാക്കള്‍ കൂടി നില്‍ക്കുന്നുണ്ടായിരുന്നു. ഞാന്‍ കാവല്‍ക്കാരന്‍ (ചൗകിദാര്‍) എന്ന് പറയുമ്പോള്‍ അവര്‍ കള്ളനാണ് (ചോര്‍ ഹെ) എന്ന് പറയാന്‍ ആരംഭിച്ചു’- രാഹുല്‍ ഗാന്ധി പറയുന്നു.
‘അപ്പോള്‍ ഞാന്‍ അവരോട് ഒരു വട്ടം കൂടെ അത് ആവര്‍ത്തിക്കാന്‍ ആവശ്യപ്പെട്ടു. അവര്‍ കാവല്‍ക്കാരന്‍ കള്ളനാണ് (ചൗകിദാര്‍ ചോര്‍ ഹെ) എന്ന് പറഞ്ഞു. ഇത് എന്നില്‍ നിന്നുണ്ടായതല്ല. ഇന്ത്യയിലെ ജനങ്ങളില്‍ നിന്നുണ്ടായ മുദ്രാവാക്യമാണിത്’- മുദ്രാവാക്യം ഉണ്ടായ സാഹചര്യം വിശദീകരിച്ച് രാഹുല്‍ ഗാന്ധി പറയുന്നു.