| Thursday, 30th July 2020, 10:33 pm

65 കഴിഞ്ഞവര്‍ ആരാധനാലയങ്ങളില്‍ പോകരുതെന്ന് ആരോഗ്യമന്ത്രാലയം; രാമക്ഷേത്ര ഭൂമി പൂജയ്ക്ക് മോദിയും അദ്വാനിയും എത്തുമോ?

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കൊവിഡ് പശ്ചാത്തലത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം പുറപ്പെടുവിച്ച സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രൊസിജിയേഴ്‌സ് അനുസരിച്ചാണ് രാമക്ഷേത്ര ഭൂമിപൂജ നടക്കുന്നതെങ്കില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കമുള്ള മുതിര്‍ന്ന ബി.ജെ.പി നേതാക്കള്‍ക്ക് അയോധ്യയിലെ ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന് റിപ്പോര്‍ട്ട്.

ആഗസ്റ്റ് അഞ്ചിന് നടക്കുന്ന അയോധ്യയിലെ രാമക്ഷേത്ര ഭൂമി പൂജ നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യുമെന്ന് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.

ആരോഗ്യ മന്ത്രാലയത്തിന്റെ കൊവിഡ് മാര്‍ഗ്ഗരേഖ അനുസരിച്ചാണ് ചടങ്ങെങ്കില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, മുതിര്‍ന്ന ബി.ജെ.പി നേതാവ് മുരളി മനോഹര്‍ ജോഷി, എല്‍.കെ അദ്വാനി, ആര്‍.എസ്.എസ് നേതാവ് മോഹന്‍ ഭാഗവത് തുടങ്ങിയവര്‍ക്ക് ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയില്ല.

കൊവിഡ് പശ്ചാത്തലത്തില്‍ ജൂണിലാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം മാര്‍ഗ്ഗരേഖ പുറത്തിറക്കിയത്. മത സ്ഥാപനങ്ങളില്‍ പാലിക്കേണ്ട നിയന്ത്രണങ്ങള്‍ അടങ്ങുന്ന നിര്‍ദ്ദേശങ്ങളാണ് ഇത്. ഈ നിര്‍ദ്ദേശങ്ങള്‍ പ്രകാരം 65 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍, ഗര്‍ഭിണികള്‍, പത്ത് വയസ്സിന് താഴെയുള്ള കുട്ടികള്‍ എന്നിവര്‍ വീടിന് പുറത്തേക്കുള്ള സമ്പര്‍ക്കം ഒഴിവാക്കണം. മതസ്ഥാപനങ്ങള്‍ ഈ നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി പ്രവര്‍ത്തിക്കണം- ഇതാണ് നിര്‍ദ്ദേശരേഖ.

കഴിഞ്ഞ ദിവസം അണ്‍ലോക്ക് 3.0 യുടെ ഭാഗമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ നിര്‍ദ്ദേശങ്ങളിലും ഇക്കാര്യം വ്യക്തമായി പറയുന്നുണ്ട്. 65 വയസ്സിന് മുകളിലുള്ളവര്‍ വീടുകളില്‍ കഴിയണമെന്നാണ് ഈ മാര്‍ഗ്ഗരേഖയിലും പറയുന്നത്.

എന്നാല്‍ ചടങ്ങിലേക്ക് ക്ഷണിക്കപ്പെട്ടിട്ടുള്ള ബി.ജെ.പി നേതാക്കളുടെ പ്രായം മേല്‍പ്പറഞ്ഞ നിര്‍ദ്ദേശങ്ങളുടെ ലംഘനമാണ്. ഉദ്ഘാടകനായ നരേന്ദ്രമോദിയുടെ പ്രായം 69 ആണ്. മുരളി മനോഹര്‍ ജോഷി 86, എല്‍.കെ അദ്വാനി 92, മോഹന്‍ ഭാഗവത് 69, ആര്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുരേഷ് ഭയ്യാജി ജോഷി 73, മുന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി കല്യാണ്‍ സിംഗ് 88, ആണ്. പ്രധാന അതിഥികളെല്ലാം 65 വയസ്സിന് മുകളിലുള്ളവരാണ്.

കഴിഞ്ഞ ദിവസം കേന്ദ്രം പ്രഖ്യാപിച്ച അണ്‍ലോക്ക് 3.0 മതപരമായ ഒത്തുച്ചേരലുകളെ കര്‍ശനമായി നിരോധിച്ചിട്ടുമുണ്ട്. കൊവിഡ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചാണ് അയോധ്യയിലെ ചടങ്ങ് എങ്കില്‍ പ്രധാനമന്ത്രിയടക്കമുള്ളവര്‍ക്ക് പങ്കെടുക്കാന്‍ സാധിക്കുമോ എന്ന കാര്യത്തില്‍ ഇനിയും വ്യക്തത വന്നിട്ടില്ല.

അതേസമയം ആഗസ്റ്റ് അഞ്ചിലെ ചടങ്ങില്‍ പങ്കെടുക്കുന്നവര്‍ മുന്‍കൂറായി കൊവിഡ് ടെസ്റ്റിന് വിധേയരാകാന്‍ നിര്‍ദ്ദേശമുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് നടത്തിയ ടെസ്റ്റില്‍ 14 പൊലീസുകാര്‍ക്കും രാമക്ഷേത്രപൂജയ്ക്കായെത്തിയ പൂജാരിക്കും കൊവിഡ് പൊസിറ്റീവ് സ്ഥീരികരിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more