കറന്‍സി ക്ഷാമവുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകള്‍ പരാമര്‍ശിക്കാതെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗം. മുക്കാല്‍ മണിക്കൂറോളം നീണ്ട പ്രസംഗത്തില്‍ ബാങ്കിംഗ് നടപടികള്‍ എളുപ്പമാക്കണമെന്ന് നിര്‍ദേശിച്ചുവെന്ന് പറഞ്ഞതല്ലാതെ നോട്ടുനിരോധനവുമായി ബന്ധപ്പെട്ട് സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള നിര്‍ദേശങ്ങളൊന്നും പ്രധാനമന്ത്രി നല്‍കിയിട്ടില്ല.
അതേ സമയം ബജറ്റിന് സമാനമായി കുറേ പദ്ധതികള്‍ പ്രഖ്യാപിക്കുകയാണുണ്ടായത്. ഇതുവരെ പിടിച്ചെടുത്ത കള്ളപ്പണവുമായി ബന്ധപ്പെട്ടോ മറ്റു നടപടികളെ കുറിച്ചോ പ്രധാനമന്ത്രി സംസാരിച്ചിട്ടില്ല. 50 ദിവസം നീണ്ട നിയന്ത്രണങ്ങളടക്കം അവസാനിപ്പിക്കുമെന്ന് പ്രധാനമന്ത്രിയുടെ പ്രസംഗത്തെ കുറിച്ച് പ്രതീക്ഷകളുണ്ടായിരുന്നു.
ബാങ്കുകളില്‍ നിന്നും പണം പിന്‍വലിക്കുന്നതിന്റെ പരിധി ഉയര്‍ത്തുമെന്നും പ്രതീക്ഷിക്കപ്പെട്ടിരുന്നു.
അതേ സമയം നോട്ടുനിരോധനത്തിലൂടെ മഹത്തായ ശുദ്ധിയജ്ഞത്തിന് ഒപ്പം നിന്നതിന് ജനങ്ങളോട് നന്ദി പറയുന്നതായി പ്രധാനമന്ത്രി പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗം പ്രസക്തഭാഗങ്ങള്‍
ചരിത്രത്തിലെ ഏറ്റവും വലിയ ശുദ്ധീകരണമാണ് നടന്നത്. 50 ദിവസം ജനങ്ങളനുഭവിച്ച ബുദ്ധിമുട്ട് മനസിലാക്കുന്നു.അഴിമതിയില്‍ സാധാരണക്കാര്‍ ദുരിതമനുഭവിക്കുന്നുണ്ട്.. മതിപ്പുളവാക്കുന്ന പ്രതികരണമായിരുന്നു ജനങ്ങളുടേത്. കള്ളപ്പണത്തിനെതിരെ ജനം മുന്നോട്ടുവന്നു. കോടി കണക്കിന് ജനം ത്യാഗത്തിന് തയ്യാറായി. ജനവും സര്‍ക്കാരും ഒന്നിച്ചു പോരാടുകയാണ്.
ബാങ്കിംഗ് ഇടപാടുകള്‍ എത്രയും വേഗം സാധാരണയാവും. സത്യസന്ധര്‍ക്ക് നിരവധി പ്രയാസം അനുഭവിക്കേണ്ടി വന്നു. ജനത്തിന് സ്വന്തം പണം പിന്‍വലിക്കാന്‍ ക്യൂവില്‍ നില്‍ക്കേണ്ടി വന്നു. ഗ്രാമങ്ങളിലുള്ളവരുടെയും കര്‍ഷകരുടെയും ബുദ്ധിമുട്ടുകള്‍ മനസിലായി.
പത്തു ലക്ഷത്തിന് മേല്‍ വരുമാനമുണ്ടെന്ന് സമ്മതിച്ചത് വെറും 24 ലക്ഷം പേര്‍. ചില സര്‍ക്കാര്‍ ജീവനക്കാരും അഴിമതിക്ക് കൂട്ടുനിന്നു. ഇവരെ വെറുതെ വിടില്ല.
നഗരങ്ങളില്‍ വീട് വെയ്ക്കാന്‍ രണ്ട് പദ്ധതികള്‍. രണ്ട് ലക്ഷം വരെയുള്ള വായ്പയ്ക്ക് മൂന്ന് ശതമാനം ഇടത്തരക്കാര്‍ക്ക് ഒമ്പത് ലക്ഷത്തിന് നാലുശതമാനം പലിശയിളവ്. 12 ലക്ഷത്തിന് മൂന്ന് ശതമാനം പലിശയിളവ്. ഗ്രാമങ്ങളില്‍ 33 ശതമാനം വീടുകള്‍ വെക്കും. ഗ്രാമങ്ങളില്‍ പഴയ വീടുകള്‍ പുതുക്കാന്‍ കുറഞ്ഞ നിരക്കില്‍ വായ്പ.
കര്‍ഷകര്‍ക്കും ഇളവുകള്‍. പ്രത്യേക വായ്പ പദ്ധതി, കാര്‍ഷിക വായ്പകള്‍ക്ക് 60 ദിവസത്തേക്ക് പലിശയില്ല. 3 ലക്ഷം കിസാന്‍ കാര്‍ഡുകള്‍ റുപ്പേ കാര്‍ഡുകളാക്കും. ചെറുകിട സംരഭങ്ങളുടെ വായ്പകള്‍ക്ക് 2 കോടിയുടെ സര്‍ക്കാര്‍ ഗ്യാരണ്ടി.
ഗര്‍ഭിണികളുടെ പരിചരണത്തിന് 6000 രൂപ. തുക ഗര്‍ഭിണികളുടെ അക്കൗണ്ടിലേക്ക് മാറും.