ന്യൂദല്‍ഹി: അഞ്ചു സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പി നേരിട്ട കനത്ത തിരിച്ചടി അംഗീകരിച്ചു കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനവിധിയെ വിനയത്തോടെ അംഗീകരിക്കുന്നതായി മോദി ട്വിറ്ററില്‍ കുറിച്ചു. തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ച വെച്ച കോണ്‍ഗ്രസിനെ അഭിനന്ദിക്കാനും മോദി മറന്നില്ല.
“ഞങ്ങള്‍ക്ക് ഭരിക്കാന്‍ അവസരം നല്‍കിയ ചത്തീസ്ഗഢിലേയും, മധ്യപ്രദേശിലേയും, രാജസ്ഥാനിലേയും ജനങ്ങള്‍ക്ക് നന്ദി”- അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ഈ സംസ്ഥാനങ്ങളിലെ ജനങ്ങളുടെ നന്മയ്ക്കായി ബി.ജെ.പി അഹോരാത്രം ജോലി ചെയ്തതായും മോദി കൂട്ടിച്ചേര്‍ത്തു.
തെരഞ്ഞെടുപ്പിനായി പ്രവര്‍ത്തിച്ച പാര്‍ട്ടി അണികളേയും മോദി അഭിനന്ദിച്ചു.”ജയവും തോല്‍വിയും ജീവിതത്തിന്റെ ഭാഗമാണ്. ഇന്നത്തെ ഫലം കൂടുതല്‍ നല്ല രീതിയില്‍ ജനങ്ങളെ സേവിക്കാനും രാജ്യത്തിന്റെ വികസനത്തിനായി പ്രവര്‍ത്തിക്കാനും ഞങ്ങളെ പ്രചോദിപ്പിക്കും”- മോദി ട്വീറ്റില്‍ കുറിച്ചു.
തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ച വെച്ച കോണ്‍ഗ്രസിനേയും, തെലങ്കാന രാഷ്ട്ര സമിതിയേയും, മിസോ നാഷണല്‍ പാര്‍ട്ടിയേയും മോദി അഭിനന്ദിച്ചു. രാജസ്ഥാനിലും ചത്തീസ്ഗഡിലും ഭരണം ഉറപ്പിച്ച കോണ്‍ഗ്രസ് മധ്യപ്രദേശില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയാണ്. ബി.എസ്.പിയുടെയും മറ്റു പാര്‍ട്ടികളുടെയും പിന്തുണയോടെ ഇവിടെയും കോണ്‍ഗ്രസ് തന്നെ ഭരണത്തില്‍ വരുമെന്നാണ് വിലയിരുത്തല്‍.