രാഹുല്‍ ആലിംഗനം ചെയ്തപ്പോള്‍ എന്തായിരുന്നു മനസില്‍ തോന്നിയത്? മോദി പറയുന്നു
National Politics
രാഹുല്‍ ആലിംഗനം ചെയ്തപ്പോള്‍ എന്തായിരുന്നു മനസില്‍ തോന്നിയത്? മോദി പറയുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 12th August 2018, 10:23 am

 

ന്യൂദല്‍ഹി: അവിശ്വാസ പ്രമേയ ചര്‍ച്ചയ്ക്കിടെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് അരികിലെത്തി അദ്ദേഹത്തെ ആലിംഗനം ചെയ്തത് വലിയ ചര്‍ച്ചയായിരുന്നു. ഈ സംഭവത്തെക്കുറിച്ച് പ്രതികരിക്കുകയാണ് എ.എന്‍.ഐയ്ക്കു നല്‍കിയ അഭിമുഖത്തില്‍ നരേന്ദ്രമോദി.

എ.എന്‍.ഐ: അവിശ്വാസ പ്രമേയ വേളയില്‍ സഭയില്‍ അസ്വാഭാവികമായ ചില കാര്യങ്ങളല്ലേ കണ്ടത്? രാഹുല്‍ ഗാന്ധി നിങ്ങള്‍ക്കരികിലേക്ക് വന്ന് നിങ്ങളെ കെട്ടിപ്പിടിച്ചു. രാഹുല്‍ ആലിംഗനം ചെയ്തപ്പോള്‍ എന്തായിരുന്നു മനസില്‍?, കോണ്‍ഗ്രസ് ഒരു വിജയമായാണ് അവകാശപ്പെടുന്നത്. എന്നാല്‍ ചിലര്‍ അതിനെയൊരു കുട്ടിക്കളിയായി കാണുന്നു. എന്താണ് താങ്കളുടെ നിഗമനം?

Also Read:ജോലി സൃഷ്ടിക്കാത്തതല്ല, അതിന്റെ കണക്കില്ലാത്തതുകൊണ്ടാണ്: തൊഴിലില്ലായ്മ വര്‍ധിക്കുന്നുവെന്ന ആരോപണങ്ങളെ മോദി പ്രതിരോധിച്ചതിങ്ങനെ

നരേന്ദ്രമോദി: അത് കുട്ടികളിയാണോ അല്ലയോ എന്ന് വിലയിരുത്തേണ്ടത് നിങ്ങളാണ്. നിങ്ങള്‍ക്ക് അതിനു കഴിയുന്നില്ലെങ്കില്‍ ആ കണ്ണിറുക്കല്‍ നോക്കൂ. ഉത്തരം ലഭിക്കും. ഞാനൊരു വിനീത ദാസനാണ്. ഈ രാജ്യത്തെ മുതലാളിമാരുമായി താരതമ്യം ചെയ്യുമ്പോള്‍ ഞാനൊന്നുമല്ല. മുതലാളിമാര്‍ക്ക് അവരുടെ പ്രത്യേക സ്റ്റൈലുണ്ട്. ആരാണ് തങ്ങളെ വെറുക്കേണ്ടതെന്നും ആര് വെറുക്കണമെന്നും ആരെ സ്‌നേഹിക്കണമെന്നും അത് എങ്ങനെ പ്രകടിപ്പിക്കണമെന്നും അവര്‍ തീരുമാനിക്കും. ഇതില്‍ എന്നെപ്പോലൊരു ദാസന്‍ എന്തു പറയാനാണ്.” എന്നാണ് മോദിയുടെ പ്രതികരണം.

പാര്‍ലമെന്റില്‍ അവിശ്വാസ പ്രമേയ ചര്‍ച്ചയ്ക്കിടെ തന്റെ പ്രസംഗം അവസാനിപ്പിച്ചതിനു പിന്നാലെയാണ് രാഹുല്‍ ഗാന്ധി മോദിയെ ആലിംഗനം ചെയ്തത്. രാഷ്ട്രീയമായി മോദിയോടുള്ള വിരോധം ഒരു തരത്തിലും വ്യക്തിവിരോധമല്ലെന്ന് പറഞ്ഞുകൊണ്ടായിരുന്നു രാഹുല്‍ മോദിയ്ക്ക് അരികിലേക്ക് പോയത്.

Also Read:മുന്‍ ലോക്‌സഭാ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

“നിങ്ങള്‍ക്ക് എന്നെ അധിക്ഷേപിക്കാം, പപ്പുവെന്ന് വിളിക്കാം. പക്ഷേ എനിക്ക് നിങ്ങളോട് ഒരുതരി ദേഷ്യമില്ല. നിങ്ങളിലുള്ള വിദ്വേഷത്തെ അകറ്റി ഞാനത് സ്നേഹമാക്കി മാറ്റും. ഞാന്‍ കോണ്‍ഗ്രസുകാരനാണ്” എന്നു പറഞ്ഞശേഷമായിരുന്നു രാഹുല്‍ മോദിയെ കെട്ടിപ്പിടിച്ചത്.