തിരിച്ചടിക്കും; സൈന്യത്തിന് പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി
national news
തിരിച്ചടിക്കും; സൈന്യത്തിന് പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 15th February 2019, 11:20 am

ന്യൂദല്‍ഹി: ജമ്മുകാശ്മീരില്‍ ആക്രമണം നടത്തിയവര്‍ക്ക് തക്ക ശിക്ഷ ലഭിച്ചിരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.

സൈന്യത്തിന് പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ടെന്നും അക്രമികളും അവര്‍ക്ക് പിന്നിലുള്ളവരും കനത്ത വില നല്‍കേണ്ടി വരുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഇത്തരം അക്രമങ്ങള്‍ കൊണ്ട് ഇന്ത്യയില്‍ അസ്ഥിതരതയുണ്ടാക്കാനാവില്ല. സൈന്യത്തിന്റെ ധൈര്യത്തിലും ശൗര്യത്തിലും പൂര്‍ണവിശ്വാസമുണ്ടെന്നും മോദി പറഞ്ഞു

പുല്‍വാമ ആക്രമണത്തില്‍ പ്രതിഷേധവുമായി ഇന്ത്യ നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. പാക്കിസ്ഥാനെ രാജ്യാന്തര സമൂഹത്തില്‍ ഒറ്റപ്പെടത്തുമെന്നും വിദേശ കാര്യമന്ത്രാലയം ഇതിന് സാധ്യമായ എല്ലാ നയന്ത്ര നടപടികളും സ്വീകരിക്കുമെന്നും കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു.


Dont Miss ശബരിമല വിവാദ പോസ്റ്റ്; സംവിധായകന്‍ പ്രിയനന്ദനന് എതിരെ ക്രിമിനല്‍ കേസ് എടുത്തതായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍


ഇതിനായി അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണ തേടുമെന്നും ഇന്ത്യന്‍ സൈനികരെ അക്രമികള്‍ക്കും പിന്തുണച്ചവര്‍ക്കും ശക്തമായ മറുപടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

ജമ്മുകശ്മീരില്‍ യുദ്ധസമാനമായ സാഹചര്യമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചിരുന്നു. പ്രധാനമന്ത്രിയുടെ രാഷ്ട്രീയ പരിപാടികള്‍ റദ്ദാക്കി.

ചാവേര്‍ ആക്രമണത്തെ തുടര്‍ന്നുള്ള സാഹചര്യം ചര്‍ച്ചചെയ്യാന്‍ സുരക്ഷാ കാര്യങ്ങള്‍ക്കായുള്ള കേന്ദ്ര മന്ത്രിസഭായോഗം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്നിരുന്നു. ആഭ്യന്തര, പ്രതിരോധ, വിദേശകാര്യ, ധനമന്ത്രിമാര്‍ക്കു പുറമേ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലും മൂന്ന് സേനാ മേധാവികളും ഐ.ബി, റോ മേധാവികളും ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിറ്ററി ഇന്റലിജന്‍സും ചര്‍ച്ചയില്‍ പങ്കെടുത്തു.

കേന്ദ്രമന്ത്രിസഭാ യോഗത്തിനു ശേഷം ആഭ്യന്തരമന്ത്രി ശ്രീനഗറിലെത്തും. ദേശീയ അന്വേഷണ ഏജന്‍സിയുടെ 12 അംഗസംഘവും സംഭവസ്ഥലത്തെത്തി.