| Saturday, 20th April 2024, 4:56 pm

തന്നേക്കാള്‍ നന്നായി രാഹുലിനെ പരിഹസിക്കുന്നത് പിണറായി വിജയന്‍; മുഖ്യമന്ത്രിയുടെ പ്രസംഗം ഏറ്റുപിടിച്ച് മോദി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരായ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസംഗം പരാമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. താന്‍ പോലും ഉപയോഗിക്കാത്ത ഭാഷയിലാണ് മുഖ്യമന്ത്രി രാഹുലിനെ വിമര്‍ശിക്കുന്നതെന്ന് മോദി പറഞ്ഞു.

ഇത്തരമൊരു സഖ്യത്തെ എങ്ങനെയാണ് രാജ്യത്തെ ജനങ്ങള്‍ വിശ്വസിക്കുകയെന്നും അദ്ദേഹം ചോദിച്ചു. രാഹുല്‍ ഗാന്ധി വയനാട്ടില്‍ നിന്ന് തോറ്റ് മടങ്ങുമെന്നും മോദി പറഞ്ഞു. മഹാരാഷ്ട്രയിലെ റാലിയില്‍ വെച്ചാണ് പിണറായി വിജയന്റെ പ്രസംഗം മോദി പരാമര്‍ശിച്ചത്.

പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധിയും രംഗത്തെത്തി. ബിഹാറില്‍ നടന്ന കോണ്‍ഗ്രസിന്റെ പ്രചരണ പരിപാടിയിലാണ് മോദിക്കും ബി.ജെ.പിക്കും എതിരെ രാഹുല്‍ രംഗത്തെത്തിയത്. രാജ്യത്തെ എയര്‍പോര്‍ട്ടുകളും ഹൈവേകളുമെല്ലാം മോദി അദാനിക്ക് എഴുതി നല്‍കുകയാണെന്നാണ് രാഹുല്‍ പറഞ്ഞത്.

രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് കൊണ്ട് കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി രംഗത്തെത്തിയത്. താങ്കളുടെ പഴയ പേര് ആവര്‍ത്തിക്കാന്‍ ഇടവരുത്തരുതെന്നാണ് മുഖ്യമന്ത്രി രാഹുലിനെ പരിഹസിച്ചത്.

യാത്ര നടത്തിയപ്പോള്‍ കുറച്ച് മാറ്റം വന്നെന്നാണ് കരുതിയത്. അന്വേഷണമെന്നും ജയിലെന്നും കേട്ടാല്‍ പേടിച്ച് പോകുന്നവരല്ല താനടക്കമുള്ളവരെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Content Highlight: modi about pinarayi vijayan statment against rahul gandhi

We use cookies to give you the best possible experience. Learn more