| Sunday, 12th August 2018, 9:49 am

ജോലി സൃഷ്ടിക്കാത്തതല്ല, അതിന്റെ കണക്കില്ലാത്തതുകൊണ്ടാണ്: തൊഴിലില്ലായ്മ വര്‍ധിക്കുന്നുവെന്ന ആരോപണങ്ങളെ മോദി പ്രതിരോധിച്ചതിങ്ങനെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: തൊഴിലസവരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതല്ല, അതിന്റ കൃത്യമായ കണക്കുകള്‍ ലഭ്യമാകാത്തതാണ് പ്രശ്‌നമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രണ്ടുകോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് വാഗ്ദാനം ചെയ്ത് അധികാരത്തിലെത്തിയ മോദി സര്‍ക്കാര്‍ അത് പാലിച്ചില്ലെന്ന വിമര്‍ശനങ്ങളെ പ്രതിരോധിച്ചുകൊണ്ടാണ് മോദിയുടെ ന്യായവാദം. ടൈംസ് ഓഫ് ഇന്ത്യയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് മോദിയുടെ വിശദീകരണം.

“തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലെ പരാജയമെന്ന് വിളിക്കപ്പെടുന്നത്, തൊഴിലുകളുമായി ബന്ധപ്പെട്ട കൃത്യമായ ഡാറ്റയില്ലാത്തതിനാല്‍ ഉയര്‍ന്നുവരുന്ന കള്ളങ്ങളാണ്. കൃത്യമായ വിവരമില്ലാത്തതിനാല്‍ എതിരാളികള്‍ ഈ സാഹചര്യം മുതലെടുക്കുകയും തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചില്ലെന്ന് പറഞ്ഞ് ഞങ്ങളെ കുറ്റപ്പെടുത്തുകയുമാണ്.” എന്നാണ് മോദിയുടെ ന്യായവാദം.

Also Read:“അമിത് ഷായ്ക്ക് മുന്നില്‍ മുട്ടിലിഴഞ്ഞ് ദേശീയമാധ്യമങ്ങള്‍”; അമിത് ഷായ്ക്കും മകനുമെതിരായ കാരവന്‍ റിപ്പോര്‍ട്ട് വാര്‍ത്തയാക്കാതെ മുക്കി

തൊഴിലവസരങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിക്കാന്‍ ശ്രമിക്കുകയാണിപ്പോഴെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനങ്ങളില്‍ സൃഷ്ടിക്കപ്പെട്ട തൊഴിലവസരങ്ങള്‍ പൊതുവില്‍ നോക്കുമ്പോള്‍ രാജ്യത്ത് സൃഷ്ടിക്കപ്പെട്ടിട്ടുള്ളവ തന്നെയല്ലേയെന്നും അതിനാല്‍ ഇത്തരം വിമര്‍ശനങ്ങളില്‍ കഴമ്പില്ലെന്നുമാണ് മോദി പറയുന്നത്. “68 ലക്ഷം ജോലികള്‍ സൃഷ്ടിച്ചെന്നാണ് ബംഗാള്‍ പറയുന്നത്. മുമ്പത്തെ കര്‍ണാടക സര്‍ക്കാര്‍ അവകാശപ്പെട്ടത് 53ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചെന്നാണ്. രാജ്യത്ത് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയെന്നത് ഒരു സംസ്ഥാനത്ത് അല്ലെങ്കില്‍ മറ്റൊരു സംസ്ഥാനത്ത് സൃഷ്ടിക്കുകയെന്നതാണ്. അതാണ് രാജ്യം മുഴുവനുമുള്ള തൊഴിലവസരങ്ങളായി മാറുന്നത്. അതിനാല്‍ ഞങ്ങള്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നില്ലേ?” അദ്ദേഹം ചോദിക്കുന്നു.

തൊഴിലവസരങ്ങളുമായി ബന്ധപ്പെട്ട പ്രചരണം പ്രതിപക്ഷത്തിന്റ രാഷ്ട്രീയ ഗിമ്മിക്കാണെന്നും മോദി പറഞ്ഞു.

We use cookies to give you the best possible experience. Learn more