ന്യൂദല്‍ഹി: അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുന്ന സൈനികരെ ദീപം തെളിയിച്ച് ആദരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ഇന്ത്യ ധീരരായ സൈനികരോടൊപ്പം ഉറച്ചുനില്‍ക്കുന്നുവെന്ന് പറഞ്ഞ മോദി ഉത്സവങ്ങള്‍ ആഘോഷിക്കുമ്പോള്‍ അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുന്ന സുരക്ഷാ സേനയെ ബഹുമാനിക്കാന്‍ വീടുകളില്‍ ഒരു ‘ദിയ’ കത്തിക്കണമെന്നും ജനങ്ങളോട് പറഞ്ഞു.
”ഉത്സവ സമയങ്ങളില്‍ പോലും അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുന്ന നമ്മുടെ സൈനികരെ നമ്മള്‍ ഓര്‍ക്കണം. മാതൃഭൂമിയുടെ ഈ ധീരരായ പുത്രന്മാരെയും പുത്രിമാരെയും ആദരിക്കാന്‍ നമ്മുടെ വീടുകളില്‍ ദീപം തെളിയിക്കണം ” മോദി പറഞ്ഞു.
അതേസമയം, ബീഹാറിലെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിക്കിടെ മോദി സൈനികരെക്കുറിച്ച് നടത്തിയ പരാമര്‍ശത്തിനെതിരെ നേരത്തെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരുന്നു.
രാജ്യത്തിന് തലകുനിക്കാന്‍ ഇടനല്‍കാതെ ബീഹാറിന്റെ പുത്രന്മാര്‍ ജീവന്‍ നല്‍കി എന്നായിരുന്നു ഗാല്‍വാനിലെ ഇന്ത്യാ- ചൈനാ സംഘര്‍ഷത്തെ സൂചിപ്പിച്ചുകൊണ്ട് മോദി പറഞ്ഞത്.
ബീഹാറിലെ ജവാന്‍മാര്‍ രക്തസാക്ഷിത്വം വരിച്ചപ്പോള്‍ പ്രധാനമന്ത്രി എന്തു ചെയ്യുകയായിരുന്നു എന്നതാണ് തന്റെ ചോദ്യമെന്നാണ് രാഹുല്‍ തിരിച്ചുചോദിച്ചത്.
ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് ചൈനീസ് സൈന്യം അതിക്രമിച്ചു കയറിയിട്ടില്ലെന്നു പറയുന്ന മോദി സൈനികരെ അപമാനിക്കുകയാണെന്നും രാഹുല്‍ പറഞ്ഞു.
ചൈന നമ്മുടെ മണ്ണിലേക്ക് വന്നപ്പോള്‍ പ്രധാനമന്ത്രി അത് നിഷേധിച്ചത് എന്തുകൊണ്ടാണ്? ഇന്ന്, ജവാന്‍മാരുടെ ത്യാഗത്തിന് മുന്നില്‍ തല കുനിക്കുന്നുവെന്ന് അദ്ദേഹം പറയുന്നു. പിന്നെ എന്തിനാണ് നിങ്ങള്‍ കള്ളം പറഞ്ഞത്? എന്നും രാഹുല്‍ ചോദിച്ചിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: Modi about Indian Army