ന്യൂദല്‍ഹി: ഫ്രാന്‍സില്‍ ഭീകരാക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. നൈസ് നഗരത്തില്‍ ഇന്നലെ മൂന്ന് പേര്‍ കൊല്ലപ്പെട്ട സംഭവത്തെ ഉള്‍പ്പെടെ പ്രധാനമന്ത്രി അപലപിച്ചു.
‘ നൈസ് നഗരത്തിലെ ചര്‍ച്ചിനുള്ളില്‍ ഇന്ന് നടന്ന ആക്രമണമുള്‍പ്പെടെ ഫ്രാന്‍സില്‍ നടന്ന ഭീകരാക്രമണത്തെ ഞാന്‍ ശക്തമായി അപലപിക്കുന്നു. ഇരകളുടെ കുടുംബത്തിനും ഫ്രാന്‍സിലെ ജനങ്ങള്‍ക്കും ഞങ്ങളുടെ അനുശോചനം അറിയിക്കുന്നു. തീവ്രവാദത്തിനെതിരെയുള്ള പോരാട്ടത്തില്‍ ഇന്ത്യ ഫ്രാന്‍സിനൊപ്പം നില്‍ക്കുന്നു.,’ മോദി ട്വീറ്റ് ചെയ്തു.
വ്യാഴാഴ്ചയാണ് ഫ്രാന്‍സിലെ നൈസ് നഗരത്തിലെ ചര്‍ച്ചിനുള്ളില്‍ അക്രമിയെത്തി കൊല നടത്തിയത്. ഭീകരാക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. ചര്‍ച്ചിനുള്ളില്‍ വെച്ച് രണ്ട് പേരാണ് കൊല്ലപ്പെട്ടത്. 60 കാരിയായ വൃദ്ധയെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. 55 കാരനായ ചര്‍ച്ചിലെ ജീവനക്കാരന്റെ തൊണ്ട മുറിക്കപ്പെട്ട നിലയിലാണ് മരിച്ചു കിടന്നത്. 44 കാരിയായ ഒരു സ്ത്രീ കുത്തേറ്റ നിലയില്‍ ചര്‍ച്ചില്‍ നിന്നും രക്ഷപ്പെട്ടെങ്കിലും പിന്നീട് മരിച്ചു.
ടുണീഷ്യയില്‍ നിന്നും ഫ്രാന്‍സിലെത്തിയ 21 കാരനായ യുവാവാണ് പ്രതി. ഫ്രഞ്ച് ഇറ്റാലിയന്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് പ്രകാരം ബ്രാഹിം അയ്സുറി എന്നാണ് പ്രതിയുടെ പേര്. ഇറ്റാലിയന്‍ റെഡ് ക്രോസ് ഡോക്യുമെന്റ് ഇറക്കിയ അറിയിപ്പ് പ്രകാരം സെപ്റ്റംബര്‍ 20 നാണ് ഇയാള്‍ യൂറോപ്പിലെത്തിയത്. ഇറ്റലിയില്‍ എത്തിയ ഇയാള്‍ പിന്നീട് ഫ്രാന്‍സിലേക്ക് കടക്കുകയായിരുന്നു.
പതിനെട്ട് വയസ്സുകാരനായ അബ്ദുള്ളഖ് അന്‍സൊരൊവ് എന്ന പ്രതിയെ സംഭവസ്ഥലത്തു തന്നെ വെടിവെച്ചു കൊന്നിരുന്നു. മോസ്‌കോവില്‍ നിന്നും ഫ്രാന്‍സിലേക്ക് കുടിയേറിയ വ്യക്തിയാണ് പ്രതി.
ഇപ്പോള്‍ ആക്രമണം നടന്ന നൈസ് നഗരത്തില്‍ നാലു വര്‍ഷം മുമ്പാണ് ഐ.എസിന്റെ ഭീകരാക്രമണം നടന്നത്. 2016 ല്‍ ഫ്രാന്‍സിന്റെ ദേശീയ ദിനമായ ജൂലൈ 14 ന് ആഘോഷം നടത്തുന്ന ആള്‍ക്കൂട്ടത്തിലേക്ക് ഐ.എസ് അനുഭാവിയായ ഒരാള്‍ ട്രക്ക് ഇടിച്ചു കയറ്റുകയായിരുന്നു. 86 പേരാണ് ഈ ആക്രമണത്തില്‍ മരിച്ചത്. 456 പേര്‍ക്ക് ആ ആക്രമണത്തില്‍ പരിക്കേല്‍ക്കുകയും ചെയ്തു.