ന്യൂദല്‍ഹി: ഒരുമാസത്തിനുള്ളില്‍ അയോധ്യാക്കേസില്‍ സുപ്രീംകോടതി വിധി വരാനിരിക്കെ 2010-ലെ ഹൈക്കോടതി വിധി ഓര്‍മ്മിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അലഹബാദ് ഹൈക്കോടതി വിധി പുറപ്പെടുവിച്ച ശേഷം രാജ്യത്തു സമാധാനം നിലനിര്‍ത്താന്‍ സഹായിച്ച ജനങ്ങള്‍ക്കും സാമൂഹ്യ സംഘടനകള്‍ക്കും പുരോഹിതര്‍ക്കും നേതാക്കള്‍ക്കും ഒമ്പതു വര്‍ഷത്തിനുശേഷം നന്ദി പറഞ്ഞായിരുന്നു മോദി സുപ്രീംകോടതി വിധി വരാനിരിക്കുന്ന കാര്യം പരോക്ഷമായി പരാമര്‍ശിച്ചത്.
പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പ്രഭാഷണ പരമ്പരയായ ‘മന്‍ കി ബാത്തി’ല്‍ ആയിരുന്നു മോദിയുടെ പരാമര്‍ശം. ഹൈക്കോടതി വിധി വന്ന ശേഷമാണു രാജ്യത്തിന്റെ ഐക്യം ശക്തിപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.
ദീപാവലി ആശംസ നേരാന്‍ വേണ്ടിയായിരുന്നു മോദി പ്രധാനമായും മന്‍ കി ബാത്തില്‍ സംസാരിച്ചത്. ഇതിനിടയ്ക്കാണ് അയോധ്യാ പരാമര്‍ശം വന്നത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
2010 സെപ്റ്റംബര്‍ 30-ന് 2400 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ബാബ്‌റി പള്ളി ഉള്‍പ്പെട്ടിരുന്ന തര്‍ക്കഭൂമി, കേസിലെ കക്ഷികളായിരുന്ന മുന്ന് വിഭാഗങ്ങള്‍ക്കും തുല്യമായി വീതിക്കണമെന്ന് അലഹാബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ച് വിധിച്ചു.
രാമക്ഷേത്രം തകര്‍ത്താണ് പള്ളി നിര്‍മ്മിച്ചതെന്നും അതിനാല്‍ പള്ളിയുടെ ഭൂമി ഹിന്ദുക്കള്‍ക്ക് വിട്ടുകൊടുക്കണമെന്നും ചരിത്രപ്രധാന വിധിയില്‍ കോടതി വ്യക്തമാക്കി. എന്നാല്‍, 2011 മേയ് എട്ടിന് സുപ്രീംകോടതി, വീതിച്ചു കൊടുക്കാന്‍ കക്ഷികള്‍ ആവശ്യപ്പെട്ടിട്ടില്ല എന്നു ചൂണ്ടിക്കാട്ടി ഹൈക്കോടതിയുടെ വിധിക്ക് സ്റ്റേ പ്രഖ്യാപിച്ചു.
ഇപ്പോഴത്തെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അടുത്തമാസം 17-നു വിരമിക്കാനിരിക്കെ അതിനു മുന്‍പു തന്നെ സുപ്രീംകോടതി വിധി വരുമെന്ന് ഏറെക്കുറേ വ്യക്തമാണ്. കേസിലെ വാദപ്രതിവാദങ്ങള്‍ അടുത്തിടെ അവസാനിച്ചിരുന്നു.