ന്യൂദല്‍ഹി: അടുത്ത വര്‍ഷം ഇന്ത്യയില്‍ സിംഗിള്‍ ഡോസ് കൊവിഡ് -19 വാക്‌സിന്‍ വിപണിയിലെത്തിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വാക്‌സിന്‍ നിര്‍മ്മതാക്കളായ മോഡേണ. മറ്റ് ഇന്ത്യന്‍ കമ്പനികളുമായി ഇത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്നും കമ്പനി വ്യക്തമാക്കി.
യു.എസ് കമ്പനിയായ ഫൈസര്‍ 2021 ല്‍ തന്നെ 5 കോടി ഷോട്ടുകള്‍ നല്‍കാന്‍ തയ്യാറാണെന്നാണ് വിവരം. എന്നാല്‍ നഷ്ടപരിഹാരമുള്‍പ്പെടെയുള്ള കാര്യമായ നിയന്ത്രണ ഇളവുകള്‍ ഇതിന് ആവശ്യമാണെന്ന് ചൊവ്വാഴ്ച ഫൈസറുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.
രാജ്യത്ത് ഉപയോഗാനുമതി തേടി ഫൈസര്‍ ആദ്യം അപേക്ഷ നല്‍കിയിരുന്നെങ്കിലും കേന്ദ്രസര്‍ക്കാര്‍ അവഗണിക്കുകയായിരുന്നു.
ഇന്ത്യന്‍ കമ്പനികളായ സെറം ഇന്‍സ്റ്റിറ്റ്യൂട്ടും ഭാരത് ബയോടെക്കും രാജ്യത്ത് വാക്‌സിന്‍ ഉപയോഗത്തിന് അപേക്ഷ നല്‍കുന്നതിനു മുന്‍പു തന്നെ അടിയന്തരാനുമതി തേടി ഫൈസര്‍ അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍, സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് അന്ന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ അപേക്ഷ പരിഗണിക്കുന്നത് നീട്ടുകയായിരുന്നു. തദ്ദേശീയ വാക്‌സിനുകള്‍ക്ക് അനുമതി നല്‍കുകയും ചെയ്തു. ആത്മനിര്‍ഭര്‍ ഭാരത് വാക്‌സീനുകളാണ് തങ്ങളുടേതെന്നു പ്രഖ്യാപിച്ചു. ഇതോടെ ഫൈസര്‍ അപേക്ഷ പിന്‍വലിച്ചു.
ഇപ്പോള്‍ സംസ്ഥാനങ്ങള്‍ ഫൈസറിനെ നേരിട്ട് സമീപിക്കുകയും കേന്ദ്ര ഇടപെടണമെന്ന് ഫൈസര്‍ നിലപാടെടുക്കുകയും ചെയ്തതോടെയാണ് കേന്ദ്രം പ്രതിസന്ധിയില്‍ ആയത്. ഇതോടെ ഫൈസറുമായി ചര്‍ച്ച നടത്തുന്നുണ്ടെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.
ലോകത്ത് ലഭ്യമായതില്‍ ഏറ്റവും ഫലപ്രാപ്തിയുള്ള വാക്‌സിനുകളാണ് ഫൈസറും (95%) മൊഡേണയും (94.1%). ഇവ സൂക്ഷിക്കാന്‍ മെച്ചപ്പെട്ട ശീതീകരണ സംവിധാനം വേണമെന്നത് ഇന്ത്യയ്ക്ക് മുന്നിലെ പ്രതിസന്ധിയാണ്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
Content Highlights: Moderna, Pfizer Covid Vaccines Likely In India Next Year: Report