| Saturday, 12th February 2022, 8:47 pm

രാഹുല്‍ ഗാന്ധിയുടെ ശരീരത്തല്‍ ജിന്നയുടെ പ്രേതം കയറിയിരിക്കുകയാണ്: ഹിമന്ദ ബിശ്വ ശര്‍മ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗുവാഹത്തി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ മുഹമ്മദ് അലി ജിന്നയോട് ഉപമിച്ച് അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മ. രാഹുല്‍ ഗാന്ധിയെ ആധുനിക ജിന്നയെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.

ഇന്ത്യ-പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയതിന് തെളിവ് ചോദിച്ച രാഹുല്‍ ഗാന്ധിയോട് കഴിഞ്ഞ ദിവസം നിങ്ങള്‍ രാജീവ് ഗാന്ധിയുടെ മകനാണോ അല്ലയോ എന്ന് ശര്‍മ ചോദിച്ചിരുന്നു. ഇതിനെ പറ്റി വിശദീകരിക്കുന്നതിനിടയിലാണ് രാഹുല്‍ ഗാന്ധിയെ ജിന്നയോട് ഉപമിച്ചത്.

‘രാഹുലിന്റെ ഭാഷയും വാക്ചാതുര്യവും 1947-ന് മുമ്പുള്ള ജിന്നയുടെ ഭാഷയ്ക്ക് സമാനമാണ്. ഒരു തരത്തില്‍ പറഞ്ഞാല്‍, രാഹുല്‍ ഗാന്ധി ആധുനിക ജിന്നയാണ്,’ അദ്ദേഹം പറഞ്ഞു.

‘നമ്മുടെ സൈനികര്‍ അതിര്‍ത്തിയില്‍ ഒരു ഓപ്പറേഷന് പോവുന്നു. ഇതൊരു സ്ട്രാറ്റെജിക് ഓപ്പറേഷനാണ്. ഓപ്പറേഷന് ശേഷമാണ് പ്രെസ് റിലീസ് ഇറക്കുന്നത്. അപ്പോള്‍ മാത്രമാണ് നമ്മള്‍ അതിനെ പറ്റി അറിയുന്നത്. ആരെങ്കിലും അതിന് തെളിവ് ആവശ്യപ്പെട്ടാല്‍ ആ സൈനീകര്‍ക്ക് എത്രമാത്രം വിഷമം വരുമെന്ന് ആലോചിച്ച് നോക്കൂ,’ ശര്‍മ പറഞ്ഞു.

പാര്‍ലമെന്റില്‍ ബി.ജെ.പിയെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗം ഉള്‍പ്പെടെയുള്ള സമീപകാല പ്രസംഗങ്ങള്‍ പരാമര്‍ശിച്ചുകൊണ്ട് ശര്‍മ പറഞ്ഞത്, ‘ജിന്നയുടെ പ്രേതം അദ്ദേഹത്തിന്റെ ശരീരത്തില്‍ പ്രവേശിച്ചത് പോലെയാണ്’ ഇത് കാണപ്പെടുന്നത് എന്നാണ്.

‘ഇന്ത്യ ഗുജറാത്ത് മുതല്‍ പശ്ചിമ ബംഗാള്‍ വരെ മാത്രമാണെന്ന് അദ്ദേഹത്തിന് തോന്നുന്നു. കഴിഞ്ഞ പത്ത് ദിവസമായി അദ്ദേഹം പറയുന്നത് ഞാന്‍ നിരീക്ഷിക്കുകയാണ്. ഒരിക്കല്‍ ഇന്ത്യ സംസ്ഥാനങ്ങളുടെ യൂണിയനാണെന്ന് അദ്ദേഹം പറഞ്ഞു. മറ്റൊരിക്കല്‍ ഇന്ത്യ എന്നാല്‍ ഗുജറാത്തില്‍ നിന്ന് ബംഗാള്‍ വരെയാണ്. അതുകൊണ്ട് ഞാന്‍ പറയുന്നത് ജിന്നയുടെ പ്രേതം രാഹുല്‍ ഗാന്ധിയില്‍ പ്രവേശിച്ചുവെന്നാണ്, ഞാന്‍ ഇത് ഉത്തരാഖണ്ഡില്‍ പറഞ്ഞിരുന്നു, ”അദ്ദേഹം പറഞ്ഞു.

ശര്‍മയുടെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് അസമില്‍ പ്രകടനം നടത്തുകയും അദ്ദേഹത്തിന്റെ കോലം കത്തിക്കുകയും ചെയ്തു.

ഫെബ്രുവരി 14ന് ഒറ്റഘട്ടമായാണ് ഉത്തരാഖണ്ഡില്‍ വോട്ടെടുപ്പ്. മാര്‍ച്ച് 10ന് വോട്ടെണ്ണും


Content Highlight: modern-day-jinnah-assam-chief-minister-himanta-biswa-sarma-escalates-attack-on-rahul-gandhi

We use cookies to give you the best possible experience. Learn more