ഇ.ഡി സമൻസിന് പിന്നാലെ കോൺഗ്രസിൽ നിന്ന് രാജിവെച്ച് മോഡലും ഭർതൃപിതാവും
national news
ഇ.ഡി സമൻസിന് പിന്നാലെ കോൺഗ്രസിൽ നിന്ന് രാജിവെച്ച് മോഡലും ഭർതൃപിതാവും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 17th March 2024, 5:27 pm

ഹരിദ്വാർ: ചോദ്യം ചെയ്യലിനായി ഇ.ഡി സമൻസ് അയച്ചതിന് പിന്നാലെ കോൺഗ്രസിൽ നിന്ന് രാജിവെച്ച് ഉത്തരാഖണ്ഡ് മുൻ മന്ത്രി ഹരക് സിങ് റാവത്തിന്റെ മരുമകളും മോഡലുമായ അനുകൃതി ഗുസൈൻ റാവത്ത്.

ഉടൻ ബി.ജെ.പിയിൽ ചേരുമെന്നാണ് സൂചന. കോർബറ്റ് ടൈഗർ റിസർവിൽ നടന്ന മരംമുറിയുമായി ബന്ധപ്പെട്ട് അനുകൃതിയോടും ഭർതൃപിതാവിനോടും ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇ.ഡി ഒരു മാസം മുമ്പ് ആവശ്യപ്പെട്ടിരുന്നു.

ഉത്തരാഖണ്ഡ് കോൺഗ്രസ്‌ സംസ്ഥാന അധ്യക്ഷൻ കരൺ മഹറക്ക് എഴുതിയ കത്തിലാണ് വ്യക്തിപരമായ കാരണങ്ങളാൽ താൻ പാർട്ടി വിടുകയാണെന്ന് അനുകൃതി അറിയിച്ചത്.

കോൺഗ്രസ് പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജിവെക്കുന്ന കാര്യം അറിയിച്ച് പി.സി.സി അധ്യക്ഷന് നൽകിയ കാത്ത് അനുകൃതി തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പോസ്റ്റ്‌ ചെയ്തു.

ഫെബ്രുവരി ഏഴിന് ഉത്തരാഖണ്ഡ്, ഹരിയാന, ന്യൂദൽഹി എന്നിവിടങ്ങളിലെ 17 കേന്ദ്രങ്ങളിൽ വനംകൊള്ളയുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം ഇ.ഡി റെയ്ഡ് നടത്തിയിരുന്നു. തുടർന്നാണ് ഇരുവരെയും ചോദ്യം ചെയ്യലിനായി വിളിപ്പിച്ചത്.

അനധികൃത മരംമുറി, സാമ്പത്തിക ക്രമക്കേട്, അനധികൃത നിർമാണം തുടങ്ങിയ ആരോപണങ്ങളാണ് ഹരക് സിങ് റാവത്തിനെതിരെയുള്ളത്. നേരത്തെ ബി.ജെ.പിയിലായിരുന്ന റാവത്ത് മുൻ ബി.ജെ.പി സർക്കാരിൽ വനം മന്ത്രിയായിരിക്കെ പാഖ്രോ കടുവ സങ്കേതം കൊണ്ടുവന്നതിൽ പ്രവർത്തിച്ചിരുന്നു.

ഇതിന് മുമ്പും നിരവധി തവണ റാവത്ത് പാർട്ടി മാറിയിട്ടുണ്ട്. 1991ൽ ബി.ജെ.പി ടിക്കറ്റിൽ നിയമസഭയിലെത്തിയ റാവത്ത് 1998ൽ ബി.എസ്.പിയിലേക്കും പിന്നീട് കോൺഗ്രസിലേക്കും ചുവട് മാറി. പിന്നീട് 2012ൽ മുഖ്യമന്ത്രി സ്ഥാനം ലഭിക്കാത്തതിനെ തുടർന്ന് ബി.ജെ.പിയിലേക്ക് തിരിച്ചുവന്ന അദ്ദേഹത്തെ 2022ൽ അച്ചടക്ക നടപടിയുടെ ഭാഗമായി ആറ് വർഷത്തേക്ക് ബി.ജെ.പിയിൽ നിന്ന് വിലക്കി.

തുടർന്ന് ദിവസങ്ങൾക്കകം മരുമകൾക്കൊപ്പം കോൺഗ്രസിൽ ചേരുകയായിരുന്നു.

മിസ് ഇന്ത്യ പസഫിക് വേൾഡ് 2014, മിസ് ഗ്രാൻഡ് ഇന്റർനാഷണൽ 2017 സൗന്ദര്യ മത്സരങ്ങളിൽ പങ്കെടുത്ത അനുകൃതി 2022ൽ ഉത്തരാഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് വേണ്ടി മത്സരിച്ചെങ്കിലും ബി.ജെ.പിയോട് പരാജയപ്പെട്ടു.

Content Highlight: Model-turned-politician Anukriti Gusain quits Congress month after ED summons to her and father-in-law Harak Singh Rawat