പൊതുയിടങ്ങളില്‍ മുലയൂട്ടാന്‍ വിലക്കുള്ള അമേരിക്കയില്‍ കുഞ്ഞിനെ മുലയൂട്ടി റാംപില്‍ ചുവടുവെച്ച് മോഡല്‍
World News
പൊതുയിടങ്ങളില്‍ മുലയൂട്ടാന്‍ വിലക്കുള്ള അമേരിക്കയില്‍ കുഞ്ഞിനെ മുലയൂട്ടി റാംപില്‍ ചുവടുവെച്ച് മോഡല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 18th July 2018, 11:49 am

മിയാമി: കുഞ്ഞിനെ മുലയൂട്ടി റാംപിലൂടെ ക്യാറ്റ്‌വാക്ക് ചെയ്ത് അമേരിക്കന്‍ മോഡല്‍. മിയാമി സ്വിം സ്യൂട്ട് ഷോയിലാണ് അമേരിക്കന്‍ മോഡല്‍ മാര മാര്‍ട്ടിന്‍ കുഞ്ഞിനെ മുലയൂട്ടി കയ്യടി നേടിയത്.

അമേരിക്കയില്‍ പൊതുയിടങ്ങളില്‍ സ്ത്രീകള്‍ക്ക് മുലയൂട്ടാന്‍ വിലക്കുള്ളപ്പോഴാണ് മാര മാര്‍ട്ടിന്‍ മുലയൂട്ടി റാംപില്‍ ചുവടുവെച്ചത്. സ്വര്‍ണ നിറമുള്ള ബിക്കിനിയണിഞ്ഞാണ് മാരയെത്തിയത്. കയ്യില്‍ അഞ്ചുമാസം പ്രായമുള്ള മകള്‍ അരിയയും.

വേദിയില്‍ നിന്നുള്ള ശബ്ദം ശല്യമാകാതിരിക്കാന്‍ അരിയയുടെ ചെവിയില്‍ നീലനിറത്തിലുള്ള ഹെഡ്‌സെറ്റ് വെച്ചു കൊടുത്തിരുന്നു. ആരവത്തോടെയാണ് മാരയെ സദസ്സ് വരവേറ്റത്. കുഞ്ഞിനെ മുലയൂട്ടി റാംപിലൂടെ നടക്കാനുള്ള തീരുമാനം നേരത്തെ ആസൂത്രണം ചെയ്തതല്ലെന്ന് മാരയും സംഘാടകരും വ്യക്തമാക്കി.


Read: ആര്‍.എസ്.എസും മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീനും ഒരേ നാണയത്തിന്റെ രണ്ടുവശങ്ങളെന്ന് കോണ്‍ഗ്രസ്


“അവള്‍ക്ക് വിശക്കുന്നുണ്ടായിരുന്നു. ഷോ തുടങ്ങാന്‍ വൈകിയതോടെ കുഞ്ഞ് കരയാനും തുടങ്ങി. മുന്നില്‍ വേറെ വഴികളില്ലായിരുന്നു. മുലയൂട്ടിക്കൊണ്ടിരുന്നപ്പോള്‍ എന്റെ ഊഴം വന്നു. നേരെ എഴുന്നേറ്റ് റാംപിലേക്ക്. ടീമിന്റെ മുഴുവന്‍ പിന്തുണയുമുണ്ടായിരുന്നു”, മാര പറയുന്നു.

ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ മാരക്കും കുഞ്ഞിനും അഭിനന്ദനപ്രവാഹമാണ്. എല്ലാത്തിനും നന്ദി പറഞ്ഞ് മാര ഇന്‍സ്റ്റഗ്രാമില്‍ കുറിപ്പ് പങ്കുവെച്ചു.

ലോകമെമ്പാടും നടക്കുന്ന മുലയൂട്ടല്‍ ക്യാംപയിനിംഗ് പ്രോത്സാഹിപ്പിക്കാന്‍ ഐക്യരാഷ്ട്ര സഭ അടുത്തിടെ പ്രമേയം കൊണ്ടുവന്നിരുന്നു. ഇതിനെ ശക്തമായി എതിര്‍ത്ത രാജ്യം അമേരിക്കയാണ്.

കാരണം ശിശുക്കള്‍ക്ക് വേണ്ടിയുള്ള ബേബിഫുഡ് 70 ശതമാനവും അമേരിക്കയില്‍ നിന്നാണ് മറ്റുരാജ്യങ്ങളിലേയ്ക്ക് വിതരണം ചെയ്യുന്നത്. ഇതാണ് മുലയൂട്ടല്‍ ക്യാംപയിനിംഗ് പ്രോത്സാഹിപ്പിക്കുന്നത് അമേരിക്ക എതിര്‍ക്കാനുള്ള കാരണം.

മുലപ്പാല്‍ കുഞ്ഞിന്റെ ആരോഗ്യത്തിന് അത്യാന്താപേക്ഷിതമാണെന്ന കണ്ടെത്തലുകളെ തുടര്‍ന്നാണ് ഐക്യരാഷ്ട്ര സഭ മുലയൂട്ടല്‍ പ്രോത്സാഹിപ്പിക്കാന്‍ പ്രമേയം കൊണ്ടുവരാന്‍ തീരുമാനിച്ചത്.


Read: ഇ.വി.എം വേണ്ട, ബാലറ്റ് പേപ്പര്‍ മതി; ലോക്‌സഭാ തെരഞ്ഞെടുപ്പിന് ബാലറ്റ് പേപ്പര്‍ മതിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് പ്രതിപക്ഷം


കൂടാതെ പൊതുസ്ഥലത്ത് മുലയൂട്ടാനുള്ള സ്വാതന്ത്രത്തിനായി ബ്രല്‍ഫി വിപ്ലവത്തിനും ലോകത്താകമാനമുള്ള അമ്മമാര്‍ ആഹ്വാനം ചെയ്തിരുന്നു. യു.എസില്‍ വില്‍മിംഗ്ടണിലെ ഒരു മാളില്‍ കുഞ്ഞിനെ മുലയൂട്ടിയ സ്ത്രീയെ സുരക്ഷാ ഉദ്യോഗസ്ഥന്‍ പുറത്താക്കാന്‍ ശ്രമിച്ചതോടെയാണ് മുലയൂട്ടലില്‍ സ്ഥല-സാഹചര്യങ്ങളുടെ പ്രസക്തി ചര്‍ച്ചയായത്.

തുടര്‍ന്ന് ഓസ്‌ട്രേലിയന്‍ മോഡലായ മിറാന്‍ഡ കേര്‍, ബ്രസീലിയന്‍ സൂപ്പര്‍ മോഡല്‍ ജിസേല്‍ ബഞ്ചന്‍ അടക്കം പലരും കുഞ്ഞിനു മുലപ്പാല്‍ കൊടുക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു.

കൂടാതെ ഓസ്‌ട്രേലിയ, കാനഡ, അര്‍ജന്റീന, ന്യൂസിലാന്‍ഡ് തുടങ്ങിയ രാജ്യങ്ങളില്‍ പാര്‍ലമെന്റ് അംഗങ്ങള്‍ സമ്മേളനങ്ങള്‍ കൂടുമ്പോള്‍ കുഞ്ഞിനു മുലയൂട്ടുന്നതും വലിയ ചര്‍ച്ചയായിരുന്നു.

കേരളത്തില്‍ ക്യാംപയിനുമായി ബന്ധപ്പെട്ട് മോഡലായ ജിലു ജോസഫ് മുലയൂട്ടുന്നതും, കണ്ണൂര്‍ സ്വദേശി അമൃത മുലയൂട്ടുന്നതും കയ്യടി നേടിയിരുന്നു.