| Wednesday, 28th December 2022, 10:45 pm

'അനിയാ.. ഈ മരുന്നേതെന്ന് പറഞ്ഞു തരാമോ, പ്ലീസ്?'; പ്രിസ്‌ക്രിപ്ഷനില്‍ പരിഹാസ മറുപടിയെഴുതിയ ഡോക്ടര്‍ക്കെതിരെ വിമര്‍ശനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആലപ്പുഴ: മരുന്ന് കുറിപ്പടിയില്‍ പരിഹാസ മറുപടിയെഴുതിയെന്നാരോപിച്ച് ഡോക്ടര്‍ക്കെതിരെ വ്യാപക വിമര്‍ശനമുയരുന്നു. ആലപ്പുഴ ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരെ ആരോഗ്യ മന്ത്രിക്ക് പരാതിയും ലഭിച്ചിട്ടുണ്ട്. ഡോക്ടര്‍ക്കെതിരെ പരാതിയുമായി ഒരു പൊതുജനാരോഗ്യ പ്രവര്‍ത്തകനാണ് ആരോഗ്യമന്ത്രിയെ സമീപിച്ചത്.

മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടേയും സംസ്ഥാന ആരോഗ്യ വകുപ്പിന്റേയും പ്രിസ്‌ക്രിപ്ഷന്‍ മാനുവല്‍ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. സ്റ്റാഫ് നഴ്സിനും വനിതാ ഫാര്‍മസിസ്റ്റിനും നല്‍കിയ കുറിപ്പടിയില്‍ ഡോക്ടര്‍ പരിഹാസം ചേര്‍ത്തെന്നാണ് ആരോപണം.

ഡോക്ടറുടെ കുറിപ്പടിയിലെ മരുന്ന് ഏതെന്ന് കൃത്യമായി വായിച്ചെടുക്കാന്‍ ബുദ്ധിമുട്ടായതോടെ വനിതാ ജീവനക്കാരി ഡോക്ടറെ സമീപിക്കുകയായിരുന്നു. എന്നാല്‍, മരുന്നുകള്‍ ഏതെന്ന സൂചനകള്‍ക്കൊപ്പം ‘ദൈവത്തെ കളിയാക്കരുത് സിസ്റ്റര്‍’ എന്ന് കൂടി ഡോക്ടര്‍ എഴുതി നല്‍കുകയായിരുന്നു.

മറ്റൊരു കുറിപ്പടിയിലെ മരുന്ന് മനസിലാക്കാനാകാതെ ഡോക്ടറെ സമീപിച്ച സ്റ്റാഫ് നേഴ്സിനോ ഫാര്‍മസിസ്റ്റിനോ മലയാളത്തില്‍ മരുന്നിന്റെ പേര് എഴുതി നല്‍കിയെന്നും ആരോപണമുണ്ട്. ‘ഡെറിഫിലിന്‍’ എന്ന് മലയാളത്തില്‍ രണ്ടാമതും കുറിച്ചത് പരിഹാസ രൂപേണയാണെന്നാണ് ആക്ഷേപം.

ഡോക്ടറുടെ കുറിപ്പിടിക്കെതിരെ വ്യാപകമായ വിമര്‍ശനമാണ് സമൂഹ മാധ്യമങ്ങളിലടക്കം വരുന്നത്. ‘അനിയാ, ഈ പ്രിസ്‌ക്രിപ്ഷനില്‍ എഴുതിയിരിക്കുന്ന മരുന്നേതെന്ന് പറഞ്ഞു തരാമോ, പ്ലീസ്?’ എന്നാണ് ഡോക്ടറുടെ കുറിപ്പടി പോസ്റ്റ് ചെയ്തുകൊണ്ട് ഡോക്ടര്‍ മനോജ് വെള്ളനാട് ഫേസ്ബുക്കില്‍ കുറിച്ചത്. ‘ഓരോ കുറുപ്പടിയും ഓരോ ജീവിതങ്ങളാണ്, എത്ര മ്ലേച്ചമായിട്ടാണ് താങ്കള്‍ കുത്തിവരച്ചിരിക്കുന്നത്,’ എന്നാണ് മറ്റൊരാള്‍ സമൂഹ മാധ്യമത്തിലൂടെ വിമര്‍ശിച്ചത്.

മനോജ് വെള്ളനാടിന്റെ ഫേസ്ബുക്ക് കുറിപ്പ്:

‘അനിയാ, ഈ പ്രിസ്‌ക്രിപ്ഷനില്‍ എഴുതിയിരിക്കുന്ന മരുന്നേതെന്ന് പറഞ്ഞു തരാമോ, പ്ലീസ്?”
മെഡിക്കല്‍ സ്റ്റോറിലെ പയ്യന്‍ ആ പേപ്പര്‍ തിരിച്ചും മറിച്ചും ദൂരേക്കും അടുത്തുമൊക്കെ പിടിച്ചു വായിക്കാന്‍ ശ്രമിക്കുന്നു. കൊണ്ടുവന്ന ആളെ ഇടയ്ക്കിടെ ഇടം കണ്ണിട്ട് നോക്കുന്നുമുണ്ട്. വളരെ കഷ്ടപ്പെട്ട് ഒടുവിലയാളത് കണ്ടുപിടിക്കുന്നു.

”ഇത്.. ഇത് ലൈസര്‍ ഡിയാണ് ചേട്ടാ. എന്തര് പറ്റി? മൂടിടിച്ച് വീണാ? എന്തായാലും അഞ്ചു ദെവസത്തേക്ക് എടുക്കാല്ലീ.”
‘അയ്യോ വേണ്ടാ. ഇതെഴുതിയ ആള് ഞാന്‍ തന്നെയാ. പക്ഷെ, ഇപ്പൊ അത് കണ്ടിട്ട് ലൈസര്‍ ഡിയാണോ തറ തുടക്കണ ലൈസോളാണോ എന്നൊന്നും മനസിലാവുന്നില്ല. എനിവേ താങ്ക്‌സ് അനിയാ.’
പയ്യന്‍ പ്‌ളിംഗ്! ??

(ചിത്രത്തിലേത് ആലപ്പുഴയില്‍ നിന്നും ഇപ്പൊ വൈറലായ ഒരു പ്രിസ്‌ക്രിപ്ഷന്‍. ഹോ, ഹൊറിബിള്‍ എന്നേ പറയാനുള്ളൂ..)

Content Highlight: Mockery in Prescription; Criticism against Alappuzha General Hospital Doctor in Social Media

We use cookies to give you the best possible experience. Learn more