| Thursday, 31st December 2015, 12:41 pm

ഇന്ത്യയില്‍ മൊബൈയില്‍ ഉപയോക്താക്കളുടെ എണ്ണം 100 കോടി കവിഞ്ഞു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇന്ത്യയില്‍ മൊബൈല്‍ ഉപയോഗിക്കുന്നവരുടെ എണ്ണം 100 കോടി കവിഞ്ഞു. ആദ്യമായാണ് മൊബൈല്‍ വരിക്കാരുടെ എണ്ണം നൂറ് കോടി പിന്നിടുന്നത്. ടെലകോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ(ട്രായ്)യാണ് ഈ കണക്ക് പുറത്തുവിട്ടത്.

ചൈനയ്ക്ക് ശേഷം ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ രാജ്യമായി ഇതോടെ ഇന്ത്യ മാറി. സെപ്റ്റംബര്‍ അവസാനവാരത്തില്‍ 996.7 ദശലക്ഷം മൊബൈല്‍ ഉപയോക്താക്കളായിരുന്നു രാജ്യത്ത് ഉണ്ടായിരുന്നത്. എന്നാല്‍ ഒക്ടോബര്‍ അവസാനത്തോടെ ഇത് 100 കോടി എത്തുകയായിരുന്നെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

ഏതാനും വര്‍ഷങ്ങളായി ഇന്ത്യയിലെ മൊബൈല്‍ വരിക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവാണ് ഉണ്ടായത്. സ്മാര്‍ട്‌ഫോണുകളുടെ വിലയില്‍ വരുന്ന കുറവും കോള്‍ ചാര്‍ജുകളില്‍ ലഭിക്കുന്ന കുറഞ്ഞ നിരക്കും ആളുകളെ മൊബൈലിലേക്ക് കൂടുതല്‍ അടുപ്പിക്കുന്നതായിരുന്നു.

നഗര പ്രദേശങ്ങളിലെ വയര്‍ലെസ് സബ്‌സ്‌ക്രിപ്ഷന്‍ സെപ്റ്റംബര്‍  2015 അവസാനത്തില്‍ 577.82 ദശലക്ഷം ആയിരുന്നു. ഇത് ഒക്ടോബര്‍  2015 അവസാനമാകുമ്പോഴേക്കും 578.11 ദശലക്ഷമായി ഉയര്‍ന്നു.

ഇതേ കാലയളവില്‍ ഗ്രാമീണ മേഖലകളിലെ വയര്‍ലെസ് സബ്‌സ്‌ക്രിപ്ഷന്‍  418,44 ദശലക്ഷം ഉണ്ടായിരുന്നത്. 425,38 ദശലക്ഷമായി വര്‍ധിച്ചിട്ടുണ്ടെന്നും ട്രായ് അറിയിച്ചു .

We use cookies to give you the best possible experience. Learn more