മണിപ്പൂരില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് നിരോധനം നീട്ടി
ഇംഫാല്‍: മണിപ്പൂരില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് നിരോധനം സര്‍ക്കാര്‍ ഈ മാസം എട്ടുവരെ നീട്ടി. അക്രമത്തിന് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ ദുരുപയോഗം ചെയ്യുമെന്ന ആശങ്കയെ തുടര്‍ന്നാണ് മണിപ്പൂര്‍ സര്‍ക്കാര്‍ സംസ്ഥാനത്ത് മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കുള്ള നിരോധനം നവംബര്‍ 8 വരെ നീട്ടിയത്.
സെപ്റ്റംബറിലെ ഏതാനും ദിവസങ്ങള്‍ ഒഴികെ, വംശീയ സംഘര്‍ഷം തുടങ്ങിയ മെയ് മൂന്ന് മുതല്‍ സംസ്ഥാനത്ത് മൊബൈല്‍ ഇന്റര്‍നെറ്റ് സംവിധാനം നിരോധിച്ചിരിക്കുകയാണ്.
‘സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളില്‍ അടുത്തിടെ നടന്ന അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ക്രമസമാധാനത്തിന് ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാവുന്ന പൊതുജനങ്ങളുടെ വികാരം ഉണര്‍ത്തുന്ന ചിത്രങ്ങള്‍, വിദ്വേഷ പ്രസംഗങ്ങള്‍, വീഡിയോ സന്ദേശങ്ങള്‍ എന്നിവ സംപ്രേഷണം ചെയ്യാന്‍ സാമൂഹിക വിരുദ്ധര്‍ സമൂഹമാധ്യമങ്ങളെ വ്യാപകമായി ഉപയോഗിക്കുമെന്ന ആശങ്കയെ തുടര്‍ന്നാണ് നിരോധനം നീട്ടുന്നത്,’കമ്മീഷണര്‍ (ഹോം) ടി.രഞ്ജിത് സിംഗ് പുറപ്പെടുവിച്ച ഉത്തരവില്‍ പറഞ്ഞു.
ബുധനാഴ്ച മണിപ്പൂര്‍ റൈഫിള്‍സിന്റെ ആയുധശേഖരം കൊള്ളയടിക്കാന്‍ ജനക്കൂട്ടം ആക്രമണം നടത്തിയതിന് പിന്നാലെ സുരക്ഷാസേന ആകാശത്തേക്ക് വെടിയുര്‍ത്തിരുന്നു.
മണിപ്പൂരിന്റെ തലസ്ഥാനമായ ഇംഫാലില്‍ ആയുധശേഖരം കൊള്ളയടിക്കാന്‍ ശ്രമിച്ച ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ സുരക്ഷാ സേന വെടിയുതിര്‍ത്തതിനെത്തുടര്‍ന്ന് സ്ഥിതി ശാന്തമായിരുന്നു. മാര്‍ക്കറ്റുകള്‍ അടഞ്ഞുകിടന്നെങ്കിലും വിദ്യാഭ്യാസ സ്ഥാപനങ്ങളും സര്‍ക്കാര്‍ ഓഫീസുകളും സാധാരണപോലെ പ്രവര്‍ത്തിച്ചു.
കൂടുതല്‍ സുരക്ഷാ സേനയെ വിന്യസിക്കുകയും കര്‍ഫ്യൂ നിയന്ത്രണങ്ങള്‍ നീക്കുകയും ചെയ്തു. ഒരു പോലീസ് ഉദ്യോഗസ്ഥനെ വെടിവെച്ചുകൊന്നതും വിവിധ വംശീയ വിഭാഗങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലുകളും ഉള്‍പ്പെടെ സമീപകാല അക്രമ സംഭവങ്ങള്‍ കാരണം പ്രദേശത്ത് സംഘര്‍ഷം നിലനില്‍ക്കുകയാണ്.
എന്നാല്‍ കലാപസാധ്യതയില്ലാത്ത മേഖലകളില്‍ മൊബൈല്‍ ടവറുകള്‍ വീണ്ടും തുറക്കാനുള്ള സാധ്യതയും ഉത്തരവില്‍ പരാമര്‍ശിക്കുന്നുണ്ട്. മണിപ്പൂരിലെ വംശീയ സംഘര്‍ഷങ്ങളില്‍ 180ലധികം പേര്‍ കൊല്ലപ്പെട്ടിരുന്നു.
Content Highlight: Mobile internet ban in Manipur extended till Nov 8