| Monday, 6th July 2015, 5:03 pm

മൊബൈല്‍ ഫോണ്‍ വഴിയുള്ള ഇ- കൊമേഴ്‌സ് 2018 ഓടെ 638 മില്ല്യണ്‍ ഡോളറിലെത്തുമെന്ന് അസോച്ചം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മൊബൈല്‍ ഫോണുകളിലൂടെയുള്ള ആഗോള ഇ- കൊമേഴ്‌സ് 2018 ഓടെ 638 മില്ല്യണ്‍ ഡോളറിലെത്തുമെന്ന് അസോച്ചം- ഡെലോയിറ്റ് (ASSOCHAM- Deloitte) പഠനം. വിവിധ മൊബൈല്‍ ഡിവൈസുകളില്‍ ലഭ്യമായ ഇ കൊമേഴ്‌സ് ആപ്ലിക്കേഷനുകളാണ് വില്‍പനയിലും വരുമാനത്തിലുമുണ്ടായ വളര്‍ച്ചയ്ക്ക് കാരണമാകുന്നതെന്നും പഠനം പറയുന്നു.

ഫ്‌ലിപ് കാര്‍ട്ട്, ആമസോണ്‍, ജബോങ് തുടങ്ങിയ ഇ-ടെയിലര്‍ സ്ഥാപനങ്ങള്‍ക്ക് ലഭിക്കുന്ന 50 ശതമാനം വരുമാനവും മൊബൈല്‍ഫോണ്‍ വഴി ഷോപ്പിങ് നടത്തുന്ന ഉപഭോക്താക്കളില്‍ നിന്നാണ്. പ്രവചനാത്മക വിശകലനത്തിലൂടെ ഉപഭോക്താക്കള്‍ക്ക് യഥാസമയം മെച്ചപ്പെട്ട അനുഭവം പ്രദാനം ചെയ്യാന്‍ ഈ-ടെയിലര്‍മാര്‍ക്ക് സാധിക്കുന്നുണ്ട്. അസോച്ചം സെക്രട്ടറി ജനറല്‍ ഡി.എസ് റാവത്ത് പറഞ്ഞു.

ഉപഭോക്താക്കളുടെ സുരക്ഷിതതവും സ്വകാര്യതയും സംരക്ഷിക്കുന്നതും ഈ വിപണന മേഖലയെ ജനപ്രിയമാക്കുന്നു. ഗൂഗിള്‍ ഗ്ലാസ്, ആപ്പിള്‍ വാച്ച് തുടങ്ങിയ കണ്ടുപിടുത്തങ്ങള്‍ ഈ- കോമേഴ്‌സ് മേഖലയ്ക്ക് ഉപഭോക്താക്കളിലേക്കെത്താന്‍ പുതിയ വഴികള്‍ തുറക്കുന്നു. എങ്കിലും ഇ-കൊമേഴ്‌സ് ഒരു നഗര പ്രതിഭാസമാണെന്നും പഠനത്തില്‍ പറയുന്നു.

ഇന്റര്‍നെറ്റ് ഉപയോഗത്തിലും സ്മാര്‍ട്‌ഫോണ്‍ ഉപയോഗത്തിലുമുണ്ടാകുന്ന വളര്‍ച്ചയ്‌ക്കൊപ്പം തന്നെ ഇ- വിപണന മേഖലയ്ക്കും വളര്‍ച്ച സംഭവിക്കുന്നുണ്ട്. ഇന്റര്‍നെറ്റ് സൗകര്യമുള്ള ഹാന്റ്‌സെറ്റുകള്‍ ഷോപ്പിങ്ങ് ഉപഭോക്താക്കള്‍ക്ക് ഒരു വ്യത്യസ്തമായ അനുഭവമാക്കി മാറ്റുന്നുണ്ടെന്നും പഠനം പറയുന്നു.

ഭൂരിപക്ഷം(45%) ഉപഭോക്താക്കളും കാഷ് ഓണ്‍ ഡെലിവറി സംവിധാനമാണ് ഉപയോഗിക്കാറുള്ളത്. അതേസമയം 21 ശതമാനം ആളുകള്‍ ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചും 16 ശതമാനം ആളുകള്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചുമാണ് ഷോപ്പിങ് നടത്തുന്നതെന്നും പഠനം നിരീക്ഷിക്കുന്നു.

We use cookies to give you the best possible experience. Learn more