മൊബൈല്‍ ഫോണ്‍ വഴിയുള്ള ഇ- കൊമേഴ്‌സ് 2018 ഓടെ 638 മില്ല്യണ്‍ ഡോളറിലെത്തുമെന്ന് അസോച്ചം
Big Buy
മൊബൈല്‍ ഫോണ്‍ വഴിയുള്ള ഇ- കൊമേഴ്‌സ് 2018 ഓടെ 638 മില്ല്യണ്‍ ഡോളറിലെത്തുമെന്ന് അസോച്ചം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 6th July 2015, 5:03 pm

E-commerseന്യൂദല്‍ഹി: മൊബൈല്‍ ഫോണുകളിലൂടെയുള്ള ആഗോള ഇ- കൊമേഴ്‌സ് 2018 ഓടെ 638 മില്ല്യണ്‍ ഡോളറിലെത്തുമെന്ന് അസോച്ചം- ഡെലോയിറ്റ് (ASSOCHAM- Deloitte) പഠനം. വിവിധ മൊബൈല്‍ ഡിവൈസുകളില്‍ ലഭ്യമായ ഇ കൊമേഴ്‌സ് ആപ്ലിക്കേഷനുകളാണ് വില്‍പനയിലും വരുമാനത്തിലുമുണ്ടായ വളര്‍ച്ചയ്ക്ക് കാരണമാകുന്നതെന്നും പഠനം പറയുന്നു.

ഫ്‌ലിപ് കാര്‍ട്ട്, ആമസോണ്‍, ജബോങ് തുടങ്ങിയ ഇ-ടെയിലര്‍ സ്ഥാപനങ്ങള്‍ക്ക് ലഭിക്കുന്ന 50 ശതമാനം വരുമാനവും മൊബൈല്‍ഫോണ്‍ വഴി ഷോപ്പിങ് നടത്തുന്ന ഉപഭോക്താക്കളില്‍ നിന്നാണ്. പ്രവചനാത്മക വിശകലനത്തിലൂടെ ഉപഭോക്താക്കള്‍ക്ക് യഥാസമയം മെച്ചപ്പെട്ട അനുഭവം പ്രദാനം ചെയ്യാന്‍ ഈ-ടെയിലര്‍മാര്‍ക്ക് സാധിക്കുന്നുണ്ട്. അസോച്ചം സെക്രട്ടറി ജനറല്‍ ഡി.എസ് റാവത്ത് പറഞ്ഞു.

ഉപഭോക്താക്കളുടെ സുരക്ഷിതതവും സ്വകാര്യതയും സംരക്ഷിക്കുന്നതും ഈ വിപണന മേഖലയെ ജനപ്രിയമാക്കുന്നു. ഗൂഗിള്‍ ഗ്ലാസ്, ആപ്പിള്‍ വാച്ച് തുടങ്ങിയ കണ്ടുപിടുത്തങ്ങള്‍ ഈ- കോമേഴ്‌സ് മേഖലയ്ക്ക് ഉപഭോക്താക്കളിലേക്കെത്താന്‍ പുതിയ വഴികള്‍ തുറക്കുന്നു. എങ്കിലും ഇ-കൊമേഴ്‌സ് ഒരു നഗര പ്രതിഭാസമാണെന്നും പഠനത്തില്‍ പറയുന്നു.

ഇന്റര്‍നെറ്റ് ഉപയോഗത്തിലും സ്മാര്‍ട്‌ഫോണ്‍ ഉപയോഗത്തിലുമുണ്ടാകുന്ന വളര്‍ച്ചയ്‌ക്കൊപ്പം തന്നെ ഇ- വിപണന മേഖലയ്ക്കും വളര്‍ച്ച സംഭവിക്കുന്നുണ്ട്. ഇന്റര്‍നെറ്റ് സൗകര്യമുള്ള ഹാന്റ്‌സെറ്റുകള്‍ ഷോപ്പിങ്ങ് ഉപഭോക്താക്കള്‍ക്ക് ഒരു വ്യത്യസ്തമായ അനുഭവമാക്കി മാറ്റുന്നുണ്ടെന്നും പഠനം പറയുന്നു.

ഭൂരിപക്ഷം(45%) ഉപഭോക്താക്കളും കാഷ് ഓണ്‍ ഡെലിവറി സംവിധാനമാണ് ഉപയോഗിക്കാറുള്ളത്. അതേസമയം 21 ശതമാനം ആളുകള്‍ ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചും 16 ശതമാനം ആളുകള്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചുമാണ് ഷോപ്പിങ് നടത്തുന്നതെന്നും പഠനം നിരീക്ഷിക്കുന്നു.