മഴയും മിന്നലുമെല്ലാം ഇനി മുന്‍കൂട്ടി അറിയാം, ദുരന്തത്തെ നേരിടാന്‍ ഈ മൊബൈല്‍ ആപ്പുകള്‍ സജ്ജം
Kerala News
മഴയും മിന്നലുമെല്ലാം ഇനി മുന്‍കൂട്ടി അറിയാം, ദുരന്തത്തെ നേരിടാന്‍ ഈ മൊബൈല്‍ ആപ്പുകള്‍ സജ്ജം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 5th June 2020, 6:01 pm

മഴക്കാലം മലയാളികളുടെ നെഞ്ചടിപ്പ് കൂട്ടുന്ന കാലമായി മാറിക്കഴിഞ്ഞു. എന്നാല്‍ ഇനിയൊരു ദുരന്തത്തിന് കേരളത്തെ വിട്ടുകൊടുക്കാതിരിക്കാന്‍ സര്‍വ്വസന്നാഹങ്ങളോടെ സജ്ജമായിരിക്കുകയാണ് ഒരു കൂട്ടം മൊബൈല്‍ ആപ്ലിക്കേഷനുകള്‍. മിന്നലിന്റെ ശക്തിയറിയാനുള്ള ദാമിനിയും പ്രളയകാലത്ത് ഏറെ ഉപകാരമായ ക്യൂകോപ്പിയും തുടങ്ങി കേരളസര്‍ക്കാരിന്റെ GoKdiretc വരെ ഇക്കൂട്ടത്തിലുണ്ട്. ഇതില്‍ ഒരു ആപ്പെങ്കിലും ഫോണുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്യണമെന്ന നിര്‍ദേശമാണ് സര്‍ക്കാരിപ്പോള്‍ മുന്നോട്ടുവെച്ചിരിക്കുന്നത്.

ദുരന്തനിവാരണ അതോറിറ്റി പുറത്തിറക്കിയ കാലവര്‍ഷ മുന്നൊരുക്ക, ദുരന്ത പ്രതികരണ മാര്‍ഗരേഖയിലാണ് മഴയുടെയും മിന്നലിന്റെയും ഒക്കെ ശക്തി മുന്‍കൂട്ടി അറിയിക്കുന്ന, സര്‍ക്കാരിന്റെയും പൊലീസിന്റെയും വിവിധ നിര്‍ദേശങ്ങള്‍ പങ്കുവെക്കുന്ന ആപ്പുകളെക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.

ആദ്യം മിന്നലിനെക്കുറിച്ചുള്ള വിവരങ്ങള്‍ മുന്‍കൂട്ടിയറിക്കുന്ന ദാമിനി ആപ്പിനെക്കുറിച്ച് തന്നെ പറയാം. മിന്നലിന്റെ ശക്തിയറിയാന്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കല്‍ മെറ്റിയോറളജി വികസിപ്പിച്ച ആപ്പാണ് ദാമിനി. നിങ്ങള്‍ നില്‍ക്കുന്ന സ്ഥലത്തിന്റെ 20 കിലോമീറ്റര്‍ ചുറ്റളവില്‍ മിന്നലിന് സാധ്യതയുണ്ടെങ്കില്‍ 45 മിനിറ്റ് മുന്‍പേ മുന്നറിയിപ്പ് നല്‍കാന്‍ ദാമിനിക്കാകും. മിന്നലിന്റെ സാഹചര്യങ്ങള്‍ നിരീക്ഷിച്ച് ജി.പി.എസ് വഴിയാണ് മുന്നറിയിപ്പ് നല്‍കുക. മിന്നല്‍ മൂലം ഏറെ നാശനഷ്ടങ്ങള്‍ ഉണ്ടാകുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. അതുകൊണ്ടു തന്നെ ദാമിനി ലൈറ്റ്‌നിംഗ് ആപ്പ് വലിയ ദുരന്തങ്ങളില്‍ നിന്നും ആളപായത്തില്‍ നിന്നും ആളുകളെ രക്ഷിക്കുന്നതില്‍ ഏറെ സഹായകരമാകുമെന്നാണ് ദുരന്തനിവാരണ അതോറിറ്റി ചൂണ്ടിക്കാണിക്കുന്നത്. ഇപ്പോള്‍ തന്നെ ശക്തമായ ഇടിയും മിന്നലുമെല്ലാം തുടങ്ങിയിരിക്കുന്ന സ്ഥിതിക്ക് ഈ ആപ്പ് എത്രയും വേഗം എല്ലാവരും ഇന്‍സ്റ്റാള്‍ ചെയ്ത് ഉപയോഗിക്കാന്‍ തുടങ്ങണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം.

പ്രളയകാലത്ത് സര്‍ക്കാരിന്റെയും പൊലീസിന്റെയും ഔദ്യോഗിക നിര്‍ദേശങ്ങള്‍ ഏറ്റവും കൃത്യമായി ജനങ്ങളിലേക്ക് എത്തിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച ആപ്പായിരുന്നു ക്യുകോപ്പി. വിവിധ അതോറിറ്റികളുടെ നിര്‍ദേശങ്ങള്‍ ഒരൊറ്റ ആപ്പിലൂടെ അറിയാന്‍ സാധിക്കുമെന്നത് തയ്യാറെടുപ്പുകളിലും രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിലും ഏറെ സഹായകരമായിരുന്നു.

കൊവിഡ് മുന്നറിയിപ്പുകള്‍ക്കായി സര്‍ക്കാര്‍ തയ്യാറായിക്കിയ GoKdirect എന്ന ആപ്പ്. നിരവധി പേരാണ് ഇപ്പോള്‍ തന്നെ ഈ ആപ്പ് ഉപയോഗിക്കുന്നത്. കാലവര്‍ഷ ദുരന്ത സംബന്ധിയായ നിര്‍ദേശങ്ങള്‍ കൂടി പങ്കുവെക്കാന്‍ സജ്ജമായിരിക്കുന്നെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ഐ.ടി മിഷന്റെ ആപ്പായ എം.കേരളയും ഈ ആപ്പുകളുടെ കൂട്ടത്തിലുണ്ട്.

പൊതുജനങ്ങള്‍ മാത്രമല്ല, ഇത്തരം മൊബൈല്‍ ആപ്ലിക്കേഷനുകള്‍ ദുരന്തനിവാരണ അതോറിറ്റിയുടെ ഓഫീസുകളിലെ ഔദ്യോഗിക മൊബൈലുകളില്‍ നിര്‍ബന്ധമായും ഇന്‍സ്റ്റാള്‍ ചെയ്ത് നിരീക്ഷിക്കണമെന്ന് മാര്‍ഗരേഖയില്‍ പറയുന്നുണ്ട്. മറ്റു സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഈ ആപ്പുകള്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കണമെന്നും നിര്‍ദേശമുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ആപ്പുകള്‍ കൂടാതെ സര്‍ക്കാര്‍ വെബ്‌സൈറ്റുകളിലും നിരവധി വിവരങ്ങള്‍ ലഭ്യമാണ്. കാലാവസ്ഥ മുന്നറിയിപ്പുകള്‍ കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ mausam.imd.gov.in or www.imdtvm.gov.in എന്നീ വെബ്‌സൈറ്റുകളില്‍ ലഭ്യമാണ്. കടല്‍ക്ഷോഭവും മറ്റും സംബന്ധിച്ച വിവരങ്ങള്‍ അറിയാന്‍ ദേശീയ സമുദ്ര വിവര വിശകലന കേന്ദത്തിന്റെ www.incois.gov.inവെബ്‌സൈറ്റിലും ലഭ്യമാണ്.സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ വെബ്‌സൈറ്റായ dma.kerala.gov.inലുംഫേസ്ബുക്കില്‍ കേരളസര്‍ക്കാരിന്റെ ഔദ്യോഗിക പേജിലും മുഖ്യമന്ത്രിയുടെ പേജിലും നിര്‍ദേശങ്ങള്‍ പങ്കുവെക്കുന്നതായിരിക്കുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. നിര്‍ദേശങ്ങള്‍ നല്‍കാനായി ദുരന്തനിവാരണ അതോറിറ്റി പ്രത്യേക വാട്‌സ്ആപ്പ് ഗ്രൂപ്പും ആരംഭിച്ചിട്ടുണ്ട്.

ഇത്തരം ആപ്ലിക്കേഷനുകള്‍ ഏറെ പ്രധാനപ്പെട്ടതാകുന്നതിന് വേറെയും ചില കാരണങ്ങളുണ്ട്. പ്രകൃതി ദുരന്തങ്ങള്‍ക്കൊപ്പം തന്നെ വ്യാജവാര്‍ത്തകളും കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലും കേരളത്തിന് വലിയ തലവേദന സൃഷ്ടിച്ചിരുന്നു. വാട്‌സ്ആപ്പ് ഫോര്‍വേഡ് മെസേജുകള്‍ വഴി നാട് മുഴുവന്‍ പരന്ന വ്യാജവാര്‍ത്തകള്‍ സൃഷ്ടിച്ച ആശങ്കയും പരിഭ്രാന്തിയും പലപ്പോഴും യഥാര്‍ത്ഥ ദുരന്തത്തേക്കാള്‍ വലുതായിരുന്നു. അതിനാല്‍ തന്നെ വസ്തുതാപരമായ വിവരങ്ങള്‍ കൃത്യസമയത്ത് നല്‍കുന്ന ഇത്തരം ആപ്ലിക്കേഷനുകളെയും വെബ്‌സൈറ്റുകളെയും ആശ്രയിക്കാന്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

പൊതുജനങ്ങളും സര്‍ക്കാരും ഒരുപോലെ ജാഗരൂകരായാല്‍ മാത്രമേ കാലവര്‍ഷക്കെടുതികള്‍ മഹാദുരന്തമായി മാറുന്നത് തടയാന്‍ കേരളത്തിനാകൂ. ആരോഗ്യമേഖലയും മറ്റു സര്‍ക്കാര്‍ സംവിധാനങ്ങളും പൂര്‍ണ്ണമായും കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരിക്കുന്നതിനാല്‍ ഇപ്പോള്‍ ഒരു പ്രകൃതിദുരന്തം കൂടി വന്നാല്‍, അതിനെ നേരിടാന്‍ ജനത തയ്യാറല്ലാതിരുന്നാല്‍ കേരളത്തിന് തീര്‍ച്ചയായും വലിയ വില കൊടുക്കേണ്ടി വരും.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക