| Wednesday, 20th May 2020, 8:53 am

മദ്യ വിതരണത്തിനുള്ള മൊബൈല്‍ ആപ്പിന്റെ ട്രയല്‍ വിജയം; പക്ഷേ വൈകിയേക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവിതരണത്തിനായി തയ്യാറാക്കിയ മൊബൈല്‍ ആപ്പിന്റെ ആദ്യഘട്ട ട്രയല്‍ വിജയം. ആപ്പ് സുരക്ഷാ പരിശോധനയും ലോഡ് ടെസ്റ്റും വിജയകരമായി പൂര്‍ത്തിയാക്കി.

മദ്യ വിതരണത്തിന് തയ്യാറായിരിക്കുന്ന ബാറുകളുടെയും ബിയര്‍ പാര്‍ലറുകളുടെയും വിവരങ്ങള്‍ക്കൂടി ആപ്പില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ട്. അതേസമയം, ഓണ്‍ലൈന്‍ വില്‍പന ആരംഭിക്കണമെങ്കില്‍ ഗൂഗിളിന്റെ അനുമതി ലഭിച്ച ശേഷം ട്രയല്‍ റണ്‍ നടത്തേണ്ടതുണ്ട്. ഇതിന് ശേഷം മാത്രമേ ഉപഭോക്താക്കള്‍ക്ക് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയൂ.

കൊച്ചിയിലുള്ള ഫെയര്‍ കോഡ് ടെക്‌നോളജീസാണ് മൊബൈല്‍ ആപ്പ് വികസിപ്പിച്ചെടുക്കുന്നത്. ഒരേസമയം 25 ലക്ഷം പേര്‍ ഒരുമിച്ച് ബുക്ക് ചെയ്താലും തടസങ്ങള്‍ നേരിടാത്ത വിധത്തിലാണ് ആപ്പ് തയ്യാറാക്കുന്നത്. ഇക്കാര്യം ലോഡ് ടെസ്റ്റില്‍ വിജയിക്കുകയും ചെയ്‌തെന്നാണ് റിപ്പോര്‍ട്ട്.

സ്മാര്‍ട്ട് ഫോണില്‍ പ്ലേസ്റ്റോര്‍ വഴി ആപ്പ് ഡൗണ്‍ലോഡ് ചെയ്യണം. ജില്ല തെരഞ്ഞെടുത്ത് പേരും ലൊക്കേഷനും രേഖപ്പെടുത്തണം. പിന്‍കോഡ് നല്‍കിയാണ് കട രേഖപ്പെടുത്തേണ്ടത്. സര്‍വറുകളടക്കം സജ്ജമായിക്കഴിഞ്ഞെന്നാണ് വിവരം.

മദ്യം വാങ്ങാനുള്ള ടോക്കണ്‍ ലഭിക്കാന്‍ പേരും ലൊക്കേഷനും മൊബൈല്‍ നമ്പറും ഒഴികെയുള്ള വ്യക്തിവിവരങ്ങളൊന്നും നല്‍കേണ്ടതില്ല. 15 ലക്ഷം ആളുകള്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആദ്യദിവസം ഏഴ് ലക്ഷം പേര്‍ മദ്യം വാങ്ങാന്‍ എത്തിയേക്കും.

ബവ്‌റിജസ് കോര്‍പറേഷന്റെയും കണ്‍സ്യൂമര്‍ ഫെഡിന്റെയും 301 ഔട്ട്‌ലെറ്റുകള്‍ വഴിയും ബാറുകളും ബിയര്‍ വൈന്‍ പാര്‍ലറുകള്‍ വഴിയുമാണ് മദ്യ വിതരണം.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

We use cookies to give you the best possible experience. Learn more