ഗയ: പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത തെരഞ്ഞെടുപ്പ് റാലിയില്‍ സംഘര്‍ഷം. ബീഹാറിലെ ഗയയില്‍ നടത്തിയ റാലിയിലാണ് സംഘര്‍ഷമുണ്ടായത്.
ഇരിപ്പിടം കിട്ടാത്ത പ്രവര്‍ത്തകര്‍ വേദിയിലേയ്ക്ക് തള്ളിക്കയറിയതാണ് കൂട്ടത്തല്ലില്‍ കലാശിച്ചത്. അക്രമാസക്തരായ പ്രവര്‍ത്തകര്‍ കസേരകള്‍ തല്ലിത്തകര്‍ത്തു.
റാലിയില്‍ പ്രതീക്ഷിച്ചതിലും കൂടുതല്‍ ആളുകള്‍ എത്തിയതായി ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്യുന്നു. ആളുകളെ നിയന്ത്രിക്കാന്‍ രണ്ടു സംഘങ്ങള്‍ ശ്രമിക്കുന്നതിനിടെ സംഘര്‍ഷമുണ്ടാവുകയായിരുന്നു.
കസേരകള്‍ ആള്‍ക്കൂട്ടത്തിലേയ്ക്ക് എടുത്തെറിഞ്ഞവര്‍ ആളെ മനസ്സിലാവാതിരിക്കാന്‍ മുഖം മറച്ചു പിടിച്ചിരുന്നു. സംഭവസ്ഥലത്ത് നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
അതെസമയം, ബീഹാറിലെ ജാമുയില്‍ നടന്ന തെരഞ്ഞെടുപ്പു റാലിയില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മാഹാസഖ്യത്തെ നരേന്ദ്ര മോദി പരിഹസിച്ചു. “മഹാമിലാവത്” എന്നാണ് മോദി മഹാസഖ്യത്തെ പരിഹസിച്ചത്.
“നമ്മള്‍ തീവ്രവാദത്തെ നേരിട്ടതിനെ കുറിച്ച് ലോകം മുഴുവന്‍ സംസാരിക്കുമ്പോള്‍ കോണ്‍ഗ്രസ് പറയുന്നത് മോദി തെളിവ് നല്‍കണം എന്നാണ്. കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ രാജ്യത്തിന്റെ ഭരണം റിവേഴ്‌സ് ഗിയറിലായിപ്പോകും”- മോദി റാലിയില്‍ പറഞ്ഞു.
ദളിത് നേതാവ് ബി.ആര്‍ അംബേദ്ക്കറെ കോണ്‍ഗ്രസ് അവഗണിച്ച പോലെ മറ്റൊരു പാര്‍ട്ടിയും അവഗണിച്ചിട്ടില്ലെന്നും മോദി കൂട്ടിച്ചേര്‍ത്തു.