ബംഗലൂരു: ബാംഗ്ലൂരില്‍ അക്രമാസക്തരായ ജനക്കൂട്ടം 21 കാരിയായ ടാന്‍സാനിയന്‍ യുവതിയെ മര്‍ദ്ദിച്ച് വിവസ്ത്രയാക്കി നടത്തിച്ചു. ജനുവരി 31നാണ് അത്യന്തം ദാരുണമായ ഈ സംഭവം നടന്നത്.
ആചാര്യ കോളേജില്‍ ബി.ബി.എ വിദ്യാര്‍ത്ഥിനിയാണ് യുവതി. ഇവരോടൊപ്പമുണ്ടായിരുന്ന നാലു ടാന്‍സാനിയക്കാരെയും ആള്‍ക്കൂട്ടം മര്‍ദിച്ചവശരാക്കിയിരുന്നു.
സുഡാന്‍കാരനായ യുവാവിന്റെ കാറിടിച്ച് സംഭവസ്ഥലത്ത് ഒരു വൃദ്ധ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് ആക്രമണം. അപകടം നടന്ന് 30 മിനുട്ടുകള്‍ക്കു ശേഷം യുവതിയും മറ്റു നാലുപേരും അതുവഴി കാറില്‍ പോവുകയായിരുന്നെന്നും ആ സമയത്ത് അവിടെയുണ്ടായിരുന്ന ആള്‍ക്കൂട്ടം കാര്‍ തടയുകയും യുവതിയെ ആക്രമിക്കുകയുമായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.
ആള്‍ക്കൂട്ടം കാറു കത്തിക്കുകയും യുവതിയെ മര്‍ദ്ദിച്ച് വിവസ്ത്രയാക്കി റോഡിലൂടെ നടത്തിക്കുകയും ചെയ്തു. കാര്‍ കത്തിച്ചതിനെ തുടര്‍ന്ന് എ.ടി.എം കാര്‍ഡും പണവും പാസ്‌പോര്‍ട്ടും നഷ്ടപ്പെട്ടു. ഇതിനിടെ,സംഭവം കണ്ടുനില്‍ക്കുകയായിരുന്ന വ്യക്തി യുവതിക്ക് നാണം മറയ്ക്കാന്‍ ടീ ഷര്‍ട്ട്് നല്‍കി. പക്ഷേ, അക്രമാസക്തരായ ആള്‍ക്കൂട്ടം ടീ ഷര്‍ട്ട് നല്‍കിയ വ്യക്തിയെയും കൈയ്യേറ്റം ചെയ്തു.
തുടര്‍ന്ന് അക്രമത്തില്‍ നിന്ന് രക്ഷപ്പെടാന്‍ യുവതി ബസില്‍ ഓടിക്കയറിയെങ്കിലും യാത്രക്കാര്‍ ബസില്‍ നിന്നും യുവതിയെ ആള്‍ക്കൂട്ടത്തിലേക്ക് വലിച്ചെറിയുകയായിരുന്നു. പിന്നീട് യുവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും പണമില്ലാത്തതിനാല്‍ ആശുപത്രി അധികൃതര്‍ ചികിത്സ നിഷേധിച്ചു. ഇതിനിടയില്‍ ഫോണ്‍ മോഷ്ടിക്കപ്പെട്ടതിനാല്‍ സംഭവം ആരെയുമറിയിക്കാനും കഴിഞ്ഞില്ല.
തുടര്‍ന്ന് പോലിസ്‌റ്റേഷനില്‍ കേസു നല്‍കാനെത്തിയെങ്കിലും അധികൃതര്‍ പരാതി സ്വീകരിച്ചില്ല. മുന്‍പ് വൃദ്ധ മരിക്കാനിടയായ കാര്‍ അപകടമുണ്ടാക്കിയ സുഡാന്‍കാരനെ കൊണ്ടുവന്നാല്‍ പരാതി സ്വീകരിക്കാം എന്നായിരുന്നു പോലിസിന്റെ നിലപാട്.
അപകടം നടന്ന് അരമണിക്കൂറിന് ശേഷം മാത്രം എത്തിയ യുവതിയെ അക്രമിച്ച ജനങ്ങളുടെ നടപടിയും കാറോടിച്ച സുഡാന്‍കാരനെ ഹാജരാക്കിയാല്‍ മാത്രമേപരാതി സ്വീകരിക്കൂ എന്ന പോലിസിന്റെ നിലപാടും സംഭവത്തിനു പിന്നിലെ കടുത്ത വംശീയതയാണ് കാണിക്കുന്നത്.
സംഭവറിഞ്ഞ ദല്‍ഹിയിലെ ടാന്‍സാനിയന്‍ എംബസി നടുക്കം രേഖപ്പെടുത്തുകയും ഇന്ത്യയോട് വിശദീകരണം ആവശ്യപ്പെടുകയും ചെയ്തു.