വാഹനം നിര്‍ത്തിയതിനെച്ചൊല്ലി തര്‍ക്കം:ആള്‍ക്കൂട്ട ആക്രമണത്തില്‍ ചുമട്ടുതൊഴിലാളി മരിച്ചു
Kerala
വാഹനം നിര്‍ത്തിയതിനെച്ചൊല്ലി തര്‍ക്കം:ആള്‍ക്കൂട്ട ആക്രമണത്തില്‍ ചുമട്ടുതൊഴിലാളി മരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 13th October 2018, 8:06 am

വേങ്ങര: റോഡില്‍ വാഹനം നിര്‍ത്തിയതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തില്‍ 55-കാരന്‍ അടിയും ചവിട്ടുമേറ്റ് മരിച്ചു. ചുമട്ടുതൊഴിലാളിയായ പറപ്പൂര്‍ പൊട്ടിപ്പാറ പൂവളപ്പില്‍ കോയ ആണ് ആള്‍ക്കൂട്ട ആക്രമത്തിനിരയായത്.

വെള്ളിയാഴ്ച രാവിലെ പത്തുമണിയോടെ കോട്ടയ്ക്കല്‍ പറപ്പൂരിനടുത്ത് പൊട്ടിപ്പാറയിലാണ് സംഭവം. റോഡില്‍ വാഹനം നിര്‍ത്തിയതുമായി ബന്ധപ്പെട്ട് ബുധനാഴ്ച കോയയും മറ്റൊരാളും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയായി വെള്ളിയാഴ്ചയുണ്ടായ തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്. പൊട്ടിപ്പാറ സ്വദേശികള്‍തന്നെയായ ഒരുസംഘമാളുകള്‍ കോയയെ അടിച്ചും ചവിട്ടിയും പരിക്കേല്‍പ്പിച്ചു.

Also Read:  ഇന്ത്യയ്ക്ക് ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കൗണ്‍സിലില്‍ അംഗത്വം

ബോധരഹിതനായ കോയയെ കോട്ടയ്ക്കല്‍ അല്‍മാസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരിച്ചു.ഇതുമായി ബന്ധപ്പെട്ട് പൊട്ടിപ്പാറ സ്വദേശികളായ നൗഫല്‍, ജബ്ബാര്‍, അസ്‌കര്‍, ഹക്കിം, മൊയ്തീന്‍ഷാ എന്നിവരുടെപേരില്‍ വേങ്ങര പോലീസ് കേസെടുത്തു.

ശനിയാഴ്ച്ച പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹം ഖബറടക്കും. ആസിയയാണ് ഭാര്യ. മുഹമ്മദലി, സിദ്ദീഖ്, നജ്മുന്നിസ, സുലൈഖ, റംല എന്നിവര്‍ മക്കളാണ്. ഇന്ത്യയില്‍. ആള്‍ക്കൂട്ട ആക്രമണങ്ങള്‍ വര്‍ദ്ധിക്കുന്നു എന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.