മുംബൈ: ബീഫ് കടത്തിയെന്നാരോപിച്ച് മഹാരാഷ്ട്രയിലെ നാസിക്കില്‍ മുസ്‌ലിം യുവാവിനെ തല്ലിക്കൊന്നു. ശനിയാഴ്ച രാത്രി നാസിക് ജില്ലയിലെ സിന്നര്‍-ഘോട്ടി ഹൈവേയിലെ ഗംഭീര്‍വാടിക്ക് സമീപമാണ് സംഭവമെന്ന് എ.ബി.പി ലൈവ് മറാത്തി റിപ്പോര്‍ട്ട് ചെയ്തു.
രണ്ട് മുസ്‌ലിം യുവാക്കളെയാണ് പശു സംരക്ഷകരായ പതിനഞ്ചോളം വരുന്ന അക്രമിസംഘം വാഹനം തടഞ്ഞുനിര്‍ത്തി ക്രൂരമായി മര്‍ദിച്ചത്. മുംബൈയിലെ കുര്‍ള സ്വദേശികളായ അഫാന്‍ അന്‍സാരി, നസീര്‍ ഷെയ്ഖ് എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. അഫാന്‍ അന്‍സാരി (32) ആണ് കൊല്ലപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ നസീര്‍ ഷെയ്ഖ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.
ഇവര്‍ കാറില്‍ ബീഫ് കടത്തുകയാണെന്ന് ആരോപിച്ച് പശു സംരക്ഷകര്‍ തടഞ്ഞുനിര്‍ത്തി മര്‍ദിക്കുകയായിരുന്നു. ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ ഒരാള്‍ മരിച്ചതായി പൊലീസ് പറഞ്ഞു.
സംഭവത്തില്‍ ഗോട്ടി പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്നത്. പരിക്കേറ്റവരെ പൊലീസാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സയ്ക്കിടെ ഒരാള്‍ മരിച്ചെന്ന് സബ് ഇന്‍സ്‌പെക്ടര്‍ സുനില്‍ ഭാമ്രെ പറഞ്ഞു.
കേസില്‍ ഇതുവരെ പത്ത് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റുള്ള പ്രതികള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. പരിക്കേറ്റയാളുടെ പരാതിയില്‍ കൊലപാതകത്തിനും കലാപത്തിനും കേസെടുത്ത് അന്വേഷണം നടത്തുകയാണെന്നും പൊലീസ് അറിയിച്ചു.
മുസ്‌ലിം യുവാക്കള്‍ ബീഫ് കടത്തുകയായിരുന്നോ എന്നത് ലാബ് റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ വ്യക്തമാകൂവെന്നും പൊലീസ് പറഞ്ഞു. മഹാരാഷ്ട്രയില്‍ ഗോവധ നിരോധന നിയമം നടപ്പിലാക്കുന്നതിനായി കമ്മീഷന്‍ രൂപീകരിക്കാനുള്ള നിര്‍ദേശത്തിന് മാര്‍ച്ചില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ അംഗീകാരം നല്‍കിയിരുന്നു.
മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചു. ഇത്തരം സംഭവങ്ങളില്‍ അക്രമികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടതായി എ.ബി.പി ലൈവ് റിപ്പോര്‍ട്ട് ചെയ്യുന്നു.
15 ദിവസം മുമ്പ് മഹാരാഷ്ട്രയിലെ ഇഗത്പുരി താലൂക്കിലും സമാനമായൊരു സംഭവം നടന്നിരുന്നു. കാസറഘട്ട് ഭാഗത്ത് ബീഫ് കടത്തുന്നതായി സംശയിച്ച് ഒരു സംഘം വാഹനം തടഞ്ഞ് രണ്ട് യുവാക്കളെ ക്രൂരമായി മര്‍ദിച്ചിരുന്നു. ഇതിലൊരു യുവാവ് ഇരുട്ടില്‍ അക്രമികളില്‍ നിന്ന് രക്ഷപ്പെട്ട് ഓടുന്നതിനിടെ 250 അടി താഴ്ചയിലേക്ക് വീണ് മരിച്ചു. തുടര്‍ന്ന് ഗോട്ടി, ഇഗത്പുരി മേഖലകളില്‍ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു.