മലപ്പുറത്ത് ആള്‍ക്കൂട്ട ആക്രമണത്തിനിരയായ യുവാവ് ആത്മഹത്യ ചെയ്തു
Mob Lynching
മലപ്പുറത്ത് ആള്‍ക്കൂട്ട ആക്രമണത്തിനിരയായ യുവാവ് ആത്മഹത്യ ചെയ്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 12th November 2019, 10:41 am

മലപ്പുറം: മലപ്പുറത്ത് ആള്‍ക്കൂട്ട ആക്രമണത്തിനിരയായ യുവാവ് ആത്മഹത്യ ചെയ്ത നിലയില്‍. പുതുപ്പറപ് സ്വദേശി ഷാഹിര്‍ ആണ് ആത്മഹത്യ ചെയ്തത്. ആള്‍ക്കൂട്ട ആക്രമണത്തില്‍ മനംനൊന്താണ് യുവാവ് ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. ഷാഹിറിനെ ആക്രമിച്ചെന്ന പരാതിയില്‍ 15 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പുതുപ്പറമ്പ് സ്വദേശികളായ ഐതൊടിക അബ്ദുല്‍ ഗഫൂര്‍, മുഹമ്മദ് ശരീഫ്, ഏലപ്പറമ്പന്‍ ബഷീര്‍ എന്നിവരാണ് അറസ്റ്റിലായത്. കൊലപാതക ശ്രമം, ആത്മഹത്യാ പ്രേരണ എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്.

ഞായറാഴ്ച രാത്രി ബൈക്കില്‍ പോകുകയായിരുന്ന ഷാഹിറിനെ സുഹൃത്തായ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. പെണ്‍കുട്ടിയുമായി പ്രണയബന്ധമാരോപിച്ചാണ് യുവാവിനെ മര്‍ദ്ദിച്ചത്. പെണ്‍കുട്ടിയുടെ അച്ഛന്‍ ഉള്‍പ്പടെയുള്ള മറ്റു പ്രതികള്‍ക്ക് വേണ്ടിയുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കി.

വിവരം അറിഞ്ഞ് അമ്മ ഷൈലജയോടൊപ്പം സ്ഥലത്തെത്തിയ അനുജന്‍ ഷിബിലിനെയും ആള്‍ക്കൂട്ടം മര്‍ദ്ദിച്ചു. മൊബൈല്‍ ഫോണ്‍ പിടിച്ചു വാങ്ങിയതായും അമ്മ പറയുന്നു. മര്‍ദ്ദനത്തില്‍ മനംനൊന്ത ഷാഹിര്‍ വീട്ടില്‍ എത്തിയ ഉടനെ വിഷം കഴിക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ച ഷാഹിര്‍ ചൊവ്വാഴ്ച പുലര്‍ച്ചെയോടെ മരിക്കുകയായിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

നേരത്തെയും ആള്‍ക്കൂട്ട ആക്രമണത്തിന്റെ പേരില്‍ മലപ്പുറത്ത് യുവാവു ആത്മഹത്യ ചെയ്തിട്ടുണ്ടായിരുന്നു. കുറ്റിപ്പാല സ്വദേശി മുഹമ്മദ് സാജിദായിരുന്നു തൂങ്ങിമരിച്ചത്. രാത്രി സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെന്നാരോപിച്ചായിരുന്നു ആള്‍ക്കൂട്ടം യുവാവിനെ ആക്രമിച്ചത്. ഇതില്‍ മനം നൊന്തായിരുന്നു യുവാവ് ആത്മഹത്യ ചെയ്തത്.

സാജിദ് താസമിക്കുന്ന പണിക്കര്‍പ്പടി എന്ന സ്ഥലത്ത് നിന്ന് രണ്ട് കിലോമീറ്റര്‍ അകലെയുള്ള മമ്മാലിപ്പടി എന്ന സ്ഥലത്തെ വീടിന് സമീപത്ത് സംശയകരമായ സാഹചര്യത്തില്‍ കണ്ടെന്നാരോപിച്ചാണ് ഒരു സംഘം സാജിദിനെ മര്‍ദ്ദിച്ചത്. കയറു കൊണ്ട് കൈകാലുകള്‍ കെട്ടിയിട്ട ശേഷമായിരുന്നു മര്‍ദ്ദനം. മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു.  സാജിദിനെ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.

കോട്ടയ്ക്കല്‍ പറപ്പൂരില്‍ ആള്‍ക്കൂട്ട ആക്രമണത്തെ തുടര്‍ന്ന് ചുമട്ടുതൊഴിലാളി കോയ കൊല്ലപ്പെട്ടിരുന്നു. റോഡില്‍ വാഹനം നിര്‍ത്തിയതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നാണ് ഒരു സംഘം ആളുകള്‍ കോയയെ തല്ലിയും ചവിട്ടിയും കൊലപ്പെടുത്തിയത്. ബോധരഹിതനായ കോയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരിക്കുകയായിരുന്നു. 2018 ഒക്‌ടോബര്‍ 12നായിരുന്നു സംഭവം.

‘ഒരാള്‍ കോയയെ തല്ലുന്നത് കണ്ടു.ആ അടി താങ്ങാനുള്ള ആരോഗ്യമില്ലാത്ത ആളാണ് കോയ. അയാള്‍ തിരിച്ചും അടിച്ചു. പിന്നീട് അവിടെ കൂട്ടത്തല്ലായിരുന്നു. ഞങ്ങള്‍ അടുത്ത് ചെല്ലുമ്പോഴേക്കും കോയ നിലത്ത് കിടന്ന് പിടയുകയായിരുന്നു.’, സംഭവത്തിന്റെ ദൃക്സാക്ഷി പറഞ്ഞിരുന്നു.

കോഴിയെ മോഷ്ടിച്ചെന്ന പേരില്‍ ഇത്തര സംസ്ഥാന തൊഴിലാളിയായ മാണിക് റോയിയെ തല്ലിക്കൊലപ്പെടുത്തിയതും 2018ല്‍ തന്നെയായിരുന്നു. ഇദ്ദേഹം പശ്ചിമ ബംഗാള്‍ സ്വദേശിയാണ്. ജൂണ്‍ 25ന് കൊല്ലത്താണ് സംഭവം. ജൂലൈ 17നാണ് മാണിക് മരിക്കുന്നത്.

സമീപത്തെ വീട്ടില്‍നിന്ന് കോഴിയെ വാങ്ങി താമസസ്ഥലത്തേക്ക് വരികയായിരുന്നു മാണിക് റോയി. റോഡരികിലെ കലുങ്കിലിരുന്ന രണ്ടുപേരു തടഞ്ഞുനിര്‍ത്തി മോഷ്ടാവെന്ന് ആരോപിച്ച് മര്‍ദിക്കുകയായിരുന്നു. കോഴിയെ വിറ്റ വീട്ടുകാര്‍ വന്നുപറഞ്ഞപ്പോഴാണ് മര്‍ദ്ദനം നിര്‍ത്തിയത്.

രക്തംവാര്‍ന്ന് ബോധരഹിതനായ മാണിക് റോയിയെ നാട്ടുകാരാണ് അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിസയ്ക്ക് ശേഷം ജോലിക്ക് പോയിത്തുടങ്ങിയ മാണിക് ജോലി സ്ഥലത്ത് കുഴഞ്ഞു വീണ് മരിക്കുകയായിരുന്നു.

ബന്ധുക്കള്‍ മരണത്തില്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി. തലയുടെ പിന്‍ഭാഗത്ത് മര്‍ദ്ദനമേറ്റുണ്ടായ മുറിവില്‍ അണുബാധയുണ്ടായതും ശ്വാസകോശത്തിനേറ്റ ക്ഷതവുമാണ് മാണികിന്റെ മരണത്തിനു കാരണമായതെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ തെളിയുകയായിരുന്നു.

സദാചാരം, സംശയം, വാക്കുതര്‍ക്കം ഇങ്ങനെ പല കാരണങ്ങളിലായി കേരളത്തില്‍ ആള്‍ക്കൂട്ട ആക്രമണങ്ങള്‍ വര്‍ധിച്ചു വരുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ