| Monday, 3rd December 2018, 10:14 pm

ഇടുക്കിയില്‍ ആള്‍ക്കൂട്ട ആക്രമണം: വൃദ്ധനെ തെരുവിലിട്ട് മര്‍ദ്ദിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

മൂന്നാര്‍: മീന്‍ വ്യാപാരിയെ തെരുവില്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ച സംഭവത്തില്‍ മാങ്കുളം സ്വദേശികളായ 5 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. അടിമാലി വാളറ താണേലി എം. മക്കാറിനെയാണ്(68) കഴിഞ്ഞ വ്യാഴാഴ്ച മാങ്കുളത്ത് വെച്ച് ആള്‍ക്കൂട്ടം മര്‍ദ്ദിച്ചത്. ഇദ്ദേഹം കോതമംഗലത്ത് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്.

ആശുപത്രിയില്‍ നിന്നുള്ള അറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് മൂന്നാര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ഒരു സ്ത്രീയോട് അപമര്യാദയായി പെരുമാറിയതിനാലാണ് വൃദ്ധനെ മര്‍ദ്ദിച്ചതെന്ന് പ്രതികള്‍ പൊലീസിനോട് പറഞ്ഞു.


എന്നാല്‍ മീന്‍ വിറ്റ വകയില്‍ 30000 രൂപ ഒരു ഹോട്ടലില്‍ നിന്നും ലഭിക്കാനുണ്ടെന്നും അത് ചോദിച്ചതിനാല്‍ മര്‍ദ്ദിക്കുകയായിരുന്നുമെന്നും മക്കാര്‍ പൊലീസിനോട് പറഞ്ഞു. മര്‍ദ്ദിച്ച സംഘം ഭീഷണിപ്പെടുത്തിയതിനാലാണ് കേസ് കൊടുക്കാതിരുന്നതെന്നും മക്കാര്‍ പൊലീസിനോട് പറഞ്ഞു. ഇതിനിടെ മര്‍ദ്ദന ദൃശ്യം ആരോ സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

അതേസമയം, മര്‍ദനത്തില്‍ പ്രതിഷേധിച്ച് പത്താം മൈല്‍ ഇരുമ്പുപാലം മേഖലകളില്‍ ചൊവ്വാഴ്ച രാവിലെ 11 മുതല്‍ 12 വരെ വ്യാപാര സ്ഥാപനങ്ങള്‍ അടച്ചിട്ടും ഓട്ടോ ടാക്‌സികള്‍ പണിമുടക്കിയും ഹര്‍ത്താല്‍ നടത്തുമെന്ന് ആക്ഷന്‍ കൗണ്‍സില്‍ പറഞ്ഞു.

ഫോട്ടോ കടപ്പാട്: മലയാള മനോരമ

We use cookies to give you the best possible experience. Learn more