Mob Lynching
മോഷ്ടാവെന്ന് ആരോപിച്ച് വിദ്യാര്‍ത്ഥിയെ ജനക്കൂട്ടം തല്ലിക്കൊന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Sep 15, 12:05 pm
Saturday, 15th September 2018, 5:35 pm

ഗുവാഹത്തി: വാഹന മോഷ്ടാവെന്ന ആരോപിച്ച് ബിസിനസ് മാനേജ്മെന്റ് വിദ്യാര്‍ത്ഥിയെ ജനക്കൂട്ടം തല്ലിക്കൊന്നു. തൗബാല്‍ സ്വദേശിയായ ഫറൂഖ് ഖാനെയാണ് ഇംഫാലില്‍ നാട്ടുകാര്‍ കൊലപ്പെടുത്തിയത്.

കാറില്‍ സഞ്ചരിക്കുകയായിരുന്ന ഫറൂഖിനെയും രണ്ട് സുഹൃത്തുക്കളെയും നാട്ടുകാര്‍ വഴിയില്‍ തടഞ്ഞു നിര്‍ത്തുകയും മോഷ്ടാക്കളെന്നാരോപിച്ച് മര്‍ദ്ദിക്കുകയുമായിരുന്നു. കൂടെയുണ്ടായിരുന്ന രണ്ട് സുഹൃത്തുക്കള്‍ രക്ഷപ്പെട്ടെങ്കിലും ഫറൂഖ് സംഘത്തിന്റെ കയ്യിലകപ്പെടുകയായിരുന്നു.


ഫറൂഖും സുഹൃത്തുക്കളും ബൈക്ക് മോഷ്ടിക്കുന്നത് കണ്ടെന്നും അതിനാലാണ് മര്‍ദ്ദിച്ചതെന്നുമാണ് നാട്ടുകാര്‍ പറയുന്നത്. സംഭവത്തില്‍ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. തുടര്‍ന്ന് അറസ്റ്റ് ചെയ്തവരെ വിട്ടയയ്ക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചു.

അതേസമയം, ഫറൂഖ് നിരപരാധിയാണെന്നും ഫറൂഖിനെതിരെ നടന്ന ആക്രമണം ന്യൂനപക്ഷത്തിനെതിരായ അക്രമമാണെന്നും ആരോപിച്ച് ആളുകള്‍ രംഗത്തെത്തിയിട്ടുണ്ട്. പ്രദേശത്ത് കനത്ത പൊലീസ് കാവലാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.