| Saturday, 8th October 2022, 4:15 pm

പൈതൃക പട്ടികയിലുള്ള മദ്രസയിലേക്ക് നവരാത്രി ആഘോഷത്തിനിടെ അതിക്രമിച്ച് കയറി ഹിന്ദുത്വവാദികള്‍; ജയ് ശ്രീറാം, ഹിന്ദു ധര്‍മം മുദ്രാവാക്യങ്ങള്‍ | D Nation

ഡൂള്‍ന്യൂസ് ഡെസ്‌ക്

കര്‍ണാടകയില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ പൈതൃക പട്ടികയിലുള്ള മദ്രസയിലേക്ക് നവരാത്രി ആഘോഷങ്ങളുടെ ഭാഗമായുള്ള ദസറ ഘോഷയാത്രയുടെ ഭാഗമായിരുന്ന ഒരു സംഘമാളുകള്‍ അതിക്രമിച്ച് കയറിയതിന്റെ ദൃശ്യങ്ങളും റിപ്പോര്‍ട്ടുകളുമൊക്കെ പുറത്തുവന്നിരിക്കുകയാണ്. കര്‍ണാടകയിലെ ബിദര്‍ ജില്ലയില്‍ ബുധനാഴ്ച രാത്രിയായിരുന്നു സംഭവം.

മദ്രസ കോമ്പൗണ്ടിനുള്ളിലെ പടികളില്‍ നിന്നുകൊണ്ട് ജയ് ശ്രീറാം, ഹിന്ദു ധര്‍മം ജയ് മുദ്രാവാക്യങ്ങള്‍ വിളിച്ച ഹിന്ദുത്വവാദികളുടെ ഈ സംഘം മദ്രസ കെട്ടിടത്തിന്റെ ഒരു ഭാഗത്ത് വെച്ച് പൂജയും നടത്തി.

ഇതിന്റെ വീഡിയോ ദൃശ്യങ്ങളും ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വീഡിയോ വൈറലായതിന് പിന്നാലെ അക്രമികള്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പ്രദേശത്തെ മുസ്ലിം കമ്യൂണിറ്റിയില്‍ നിന്നുള്ള അംഗങ്ങള്‍ ലോക്കല്‍ പൊലീസ് സേറ്റഷന് മുന്നില്‍ പ്രതിഷേധപ്രകടനം നടത്തി.

സംഭവത്തില്‍ ഒമ്പത് പേര്‍ക്കെതിരെ പൊലീസ് കേസെടുക്കുകയും നാല് പേരെ അറ്സ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

സയ്യിദ് മുഭാഷിര്‍ അലി എന്ന വ്യക്തി മാര്‍ക്കറ്റ് പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്.

മഹ്മൂദ് ഗവാന്‍ മദ്രസയില്‍ അതിക്രമിച്ച് കയറിയതിന് ഒമ്പത് പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും ഇവരെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും ബിദര്‍ അഡീഷണല്‍ എസ്.പി മഹേഷ് മേഘന്നവറാണ് മാധ്യമങ്ങളോട് പറഞ്ഞത്.

ദസറ ഘോഷയാത്രയുടെ ഭാഗമായിരുന്ന സംഘം മദ്രസയുടെ പൂട്ട് തകര്‍ത്തുകൊണ്ട് ഉള്ളിലേക്ക് അതിക്രമിച്ച് കയറുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

മദ്രസ കെട്ടിടത്തിലേക്ക് അതിക്രമിച്ച് കയറി പൂജ നടത്തിയതിനൊപ്പം ഈ സംഘം തേങ്ങ എറിഞ്ഞുടക്കുകയും ചെയ്തിരുന്നുവെന്നും അതില്‍ മദ്രസ കെട്ടിടത്തിന് കേടുപാടുകള്‍ സംഭവിച്ചുവെന്നും പ്രദേശവാസികള്‍ ആരോപിച്ചതായി ഇന്ത്യന്‍ എക്‌സ്പ്രസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. എന്നാല്‍ പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

സംഭവത്തെ അപലപിച്ചുകൊണ്ട് ബിദറില്‍ നിന്നുള്ള നിരവധി മുസ്ലിം സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. എല്ലാ പ്രതികളെയും ഉടന്‍ അറസ്റ്റ് ചെയ്തില്ലെങ്കില്‍ ഈ വെള്ളിയാഴ്ചയിലെ ജുമുഅ നമസ്‌കാരത്തിന് ശേഷം പ്രതിഷേധം ശക്തമാക്കുമെന്നാണ് സംഘടനകളുടെ മുന്നറിയിപ്പ്.

മദ്രസക്കെതിരായ ആക്രമണത്തില്‍ കര്‍ണാടകയിലെ ഭരണകക്ഷിയായ ബി.ജെ.പിക്കെതിരെ വിമര്‍ശനവുമായി എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഉവൈസിയും രംഗത്തെത്തി. ‘മുസ്ലിങ്ങളെ അപമാനിക്കാന്‍’ കര്‍ണാടകയിലെ സര്‍ക്കാര്‍ ഇത്തരം സംഭവങ്ങളെ പ്രോത്സാഹിപ്പിക്കുകയാണെന്ന് ഉവൈസി ആരോപിച്ചു.

ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ കീഴിലുള്ള, അവര്‍ പരിപാലിച്ച് പോരുന്ന പൈതൃക കെട്ടിടമാണ് 1460കളുടെ സമയത്ത് നിര്‍മിച്ച ബിദറിലെ ഈ മഹ്മൂദ് ഗവാന്‍ മദ്രസ.

ബഹ്മനി സുല്‍ത്താനേറ്റിന്റെ കീഴിലുള്ള ഇന്തോ-ഇസ്ലാമിക് വാസ്തുവിദ്യയുടെ പ്രാദേശിക ശൈലിയെ പ്രതിഫലിപ്പിക്കുന്ന നിര്‍മിതിയാണിത്.

ദേശീയ പ്രാധാന്യമുള്ള സ്മാരകങ്ങളുടെ പട്ടികയിലും ഈ മദ്രസയെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

എന്തായാലും ഹിന്ദുത്വവാദികള്‍ അതിക്രമിച്ച് കടന്ന സംഭവത്തിന് പിന്നാലെ മദ്രസക്കും പരിസര പ്രദേശങ്ങള്‍ക്ക് ചുറ്റും പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

Content Highlight: Mob Enters Heritage Madrasa In Karnataka On Dussehra and Performs Puja

ഡൂള്‍ന്യൂസ് ഡെസ്‌ക്