മലപ്പുറം: മോഷ്ടാക്കളെന്ന് ആരോപിച്ച് യുവാക്കളെ കെട്ടിയിട്ട് മര്‍ദ്ദിച്ചു. മലപ്പുറത്തെ വള്ളിക്കുന്ന് റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുവെച്ചായിരുന്നു ആക്രമണം നടന്നത്. പ്രദേശത്ത് മോഷ്ടാക്കളുടെ ശല്യമുണ്ടെന്നും മോഷ്ടാക്കളാണെന്ന് ആരോപിച്ചുകൊണ്ടുമായിരുന്നു മര്‍ദ്ദനം.
ഞായറാഴ്ച രാത്രി ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കായി വള്ളിക്കുന്ന് റെയില്‍വേ സ്റ്റേഷന്‍ പരിസരത്തെത്തിയ ഷറഫുദ്ദീന്‍, നവാസ് എന്നീ യുവാക്കളെയാണ് മോഷ്ടാക്കളെന്ന് ആരോപിച്ച് നാട്ടുകാര്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചത്. നീണ്ട നേരം ഇവരെ കെട്ടിയിട്ട് മര്‍ദ്ദിക്കുകയായിരുന്നു. പരപ്പനങ്ങാടി പൊലിസെത്തിയാണ് ഇരുവരെയും മോചിപ്പിച്ച് ആശുപത്രിയില്‍ എത്തിച്ചത്.
കമ്പി, പൈപ്പ്, മരത്തടി തുടങ്ങിയ മാരകായുധങ്ങള്‍കൊണ്ട് മാര്‍ദ്ദിക്കുകയായിരുന്നു. ഒന്നും പറയാന്‍ സമ്മതിക്കാതെ കൂട്ടമായി ആക്രമിക്കുകയും കെട്ടിയിടുകയുമായിരുന്നു. പിന്നീട് വന്നവരെല്ലാം നിറുത്താതെ മര്‍ദ്ദിച്ചു. പേര് ചോദിച്ച ശേഷമായിരുന്നു അക്രമമെന്നും ഷറഫുദ്ദീന്‍ പറഞ്ഞു.
‘ആദ്യ അടിയില്‍ തന്നെ തലപൊട്ടി രക്തമൊലിക്കാന്‍ തുടങ്ങിയിരുന്നു. ദാഹിച്ചു വലഞ്ഞു വെള്ളം ചോദിച്ചിട്ടും ആരും നല്‍കാന്‍ തയ്യാറായില്ല. പൊലിസിലേല്‍പിക്കാന്‍ വരെ പറഞ്ഞിട്ടും ആരും കേട്ടില്ല. അവര്‍ പൊലിസിനെ വിളിക്കുന്നത് കണ്ടിട്ടില്ല. എങ്ങിനെയൊ പൊലിസെത്തി കെട്ടഴിച്ചുവിടുകയും ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു.’ ആക്രമണത്തിനിരയായ ഷറഫുദ്ദീന്‍ മാധ്യമങ്ങളോട് പറഞ്ഞു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
‘നൂറിന് മുകളില്‍ ആളുകളുണ്ടായിരുന്നു. ഫോണില്‍ നിന്നും സഹോദരനെ വിളിക്കാന്‍ ശ്രമിച്ചതും അവര്‍ ഫോണ്‍ പിടിച്ചുവാങ്ങി. പിന്നീട് സഹോദരന്‍ തിരിച്ചുവിളിച്ചപ്പോഴും വളരെ മോശമായാണ് അവര്‍ സംസാരിച്ചത്. പിന്നീട് സഹോദരന്റെ മകന്‍ സ്ഥലത്തെത്തി വിവരങ്ങള്‍ ചോദിക്കാന്‍ തുടങ്ങിയപ്പോഴേക്കും അവനെയും മര്‍ദ്ദിച്ചു.’ ഷറഫുദ്ദീന്‍ പറഞ്ഞു.
പൊലിസെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും അക്രമം നടത്തിയ പ്രദേശവാസികളെ അറസ്റ്റ് ചെയ്യാന്‍ തയ്യാറായില്ലെന്നും സംഭവം നടന്ന് രണ്ട് ദിവസം കഴിഞ്ഞ് ചൊവ്വാഴ്ചയാണ് തന്റെ മൊഴിയെടുത്തതെന്നും ഷറഫുദ്ദീന്‍ കുറ്റപ്പെടുത്തി.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ആള്‍ക്കൂട്ടം തന്നെ സംഘം ചേര്‍ന്ന് ആക്രമിക്കുകയായിരുന്നെന്ന് മൊഴി നല്‍കിയിട്ടും പ്രദേശത്ത് സംഘര്‍ഷമുണ്ടായി എന്ന് മാത്രമാണ് പൊലിസ് രേഖപ്പെടുത്തിയതെന്നും അത്തരത്തിലാണ് കേസെടുത്തിരിക്കുന്നതെന്നും ഷറഫുദ്ദീന്‍ അറിയിച്ചു.