| Saturday, 23rd March 2019, 10:06 am

'പാക്കിസ്ഥാനിലേക്ക് പോകൂ' വെന്ന് ആക്രോശം; ഗുര്‍ഗാവില്‍ മുസ്‌ലിം കുടുംബത്തെ വീട്ടില്‍ ആക്രമിച്ചു 25 അംഗ സംഘം; വീട് കൊള്ളയടിച്ചെന്നും പരാതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഗുര്‍ഗാവിലെ ധമാസ്പൂര്‍ ഗ്രാമത്തിലെ മുസ്‌ലിം കുടുംബത്തെയും വീട്ടിലെത്തിയ അതിഥികളെയും ഒരു സംഘം വീട്ടില്‍ കയറി ആക്രമിച്ചു. വടികളും മറ്റുമായി വീട്ടില്‍ കയറി 20-25 പേര്‍ അടങ്ങുന്ന സംഘമാണ് ആക്രമണം നടത്തിയത്.

പുറത്ത് ക്രിക്കറ്റ് കളിക്കുകയായിരുന്ന ഈ വീട്ടിലെ കുട്ടികളോട് “പോയി പാക്കിസ്ഥാനില്‍ നിന്ന് കളിക്കൂ” വെന്ന് അക്രമിസംഘം പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് വീട്ടില്‍ കയറി ആക്രമണം നടത്തിയത്.

ഉത്തര്‍പ്രദേശ് സ്വദേശിയായ മൂന്നു വര്‍ഷമായി കുടുംബസമേതം ഗുര്‍ഗാവില്‍ താമസിക്കുന്ന മുഹമ്മദ് സാജിദിന്റെ കുടുംബമാണ് ആക്രമിക്കപ്പെട്ടത്. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചു മണിക്കായിരുന്നു സംഭവം. സംഭവവുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച രാത്രി ഒരാളെ അറസ്റ്റു ചെയ്തു.

Also read:കൂറുമാറിയാല്‍ മന്ത്രിസ്ഥാനം റെഡി; ബി.ജെ.പി മന്ത്രിമാരില്‍ 29 ശതമാനം പേരും മറ്റു പാര്‍ട്ടികളില്‍ നിന്ന് കൂറുമാറിയവര്‍

വീടിനു സമീപത്തെ ഒഴിഞ്ഞ സ്ഥലത്ത് കുട്ടികള്‍ ക്രിക്കറ്റ് കളിക്കുകയായിരുന്നു. രണ്ടംഗ സംഘം ബൈക്കിലെത്തി നിങ്ങളിവിടെ എന്ത് ചെയ്യുകയാണ് പോയി പാക്കിസ്ഥാനില്‍ ചെന്ന് കളിക്കൂ എന്ന് പറഞ്ഞെന്നാണ് ആക്രമിക്കപ്പെട്ട സാജിദിന്റെ മരുമകന്‍ ദില്‍ഷാദ് പറയുന്നത്.

ഇത് വാക്ക് തര്‍ക്കത്തിന് ഇടയാക്കുകയും സാജിദ് പ്രശ്‌നത്തില്‍ ഇടപെടുകയുമായിരുന്നു. അതോടെ ബൈക്കില്‍ പിന്നിലുണ്ടായിരുന്ന കുട്ടി സാജിദിനെ മര്‍ദ്ദിക്കുകയും “നീ കാത്തിരുന്നോ, ഞങ്ങള്‍ കാണിച്ചുതരാം?” എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

പത്തുമിനിറ്റിനുശേഷം രണ്ട് ബൈക്കിലായി ആറ് കുട്ടികളും കാല്‍നടയായി കുറേപ്പേരും വീട്ടില്‍ ആയുധങ്ങളുമായെത്തി ആക്രമിക്കുകയായിരുന്നു.

“അവരെ കണ്ടതോടെ ഞങ്ങള്‍ വീട്ടിനുള്ളിലേക്ക് ഓടിപ്പോയി. പുറത്തിറങ്ങിയില്ലെങ്കില്‍ ഞങ്ങള്‍ അങ്ങോട്ട് വന്ന് കൊല്ലും എന്നവര്‍ പറയുന്നുണ്ടായിരുന്നു. ഞങ്ങള്‍ പുറത്തിറങ്ങാതായതോടെ അവര്‍ ബലം പ്രയോഗിച്ച് വീട്ടിന് അകത്തേക്ക് കടക്കുകയും ആക്രമിക്കുകയുമായിരുന്നു.” എന്നാണ് സാജിദ് പരാതിയില്‍ പറയുന്നത്.

അവര്‍ വീട്ടിലുള്ളവരുടെ ഫോണ്‍ പിടിച്ചെടുക്കുകയും വിലപിടിപ്പുള്ള വസ്തുക്കളുമെടുത്ത് കൊണ്ടുപോകുകയും ചെയ്തതായി സാജിദ് ആരോപിക്കുന്നു.

“ഞാന്‍ അടുക്കളയില്‍ ഭക്ഷണം പാകം ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് പുറത്ത് ബഹളം കേട്ടത്. ചെന്ന് നോക്കുമ്പോഴേക്കും കുറേപ്പേര്‍ വീടിനുള്ളിലേക്ക് അതിക്രമിച്ചു കടക്കുകയും ഞങ്ങളെ മര്‍ദ്ദിക്കാനും തുടങ്ങി. പുറത്തുപോകൂവെന്ന് ഞാനവരോട് കേണപേക്ഷിച്ചു. അവര്‍ അത് ശ്രദ്ധിച്ചില്ല. അവര്‍ ജനല്‍ ചില്ലകള്‍ തകര്‍ത്തു. ഞങ്ങളുടെ കാറും തകര്‍ത്തു. വീട്ടില്‍ സൂക്ഷിച്ചിരുന്ന രണ്ട് സ്വര്‍ണ കമ്മലും 25000 രൂപയുടെ സ്വര്‍ണ ചെയിനും ഉള്‍പ്പെടെ വിലപിടിപ്പുള്ളതെല്ലാം കൊണ്ടുപോയി” എന്നാണ് സാജിദിന്റെ ഭാര്യ സമീന പറഞ്ഞതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടു ചെയ്യുന്നു.

സംഭവവുമായി ബന്ധപ്പെട്ട് ഐ.പി.സി 148, 149, 307, 323 427, 452, 506 വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് പറഞ്ഞു. പ്രതികളില്‍ ചിലരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അവരെ ഉടന്‍ അറസ്റ്റു ചെയ്യുമെന്നും പൊലീസ് പറഞ്ഞു.

We use cookies to give you the best possible experience. Learn more