മൃഗബലി ആരോപണം: തെലങ്കാനയിലെ മദ്‌റസക്ക് നേരെ ആർ.എസ്.എസ്‌ ആക്രമണം
national news
മൃഗബലി ആരോപണം: തെലങ്കാനയിലെ മദ്‌റസക്ക് നേരെ ആർ.എസ്.എസ്‌ ആക്രമണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 16th June 2024, 3:22 pm

ഹൈദരാബാദ്: മൃഗബലി നടത്തിയെന്നാരോപിച്ച് തെലങ്കാനയിലെ മദ്‌റസക്ക് നേരെ ആക്രമണം. ശനിയാഴ്ചയാണ് തെലങ്കാനയിലെ മേദക് ജില്ലയിൽ മൃഗബലി നടത്തിയെന്നാരോപിച്ച് ഒരു കൂട്ടം ആളുകൾ മദ്രസക്ക് നേരെ ആക്രമണത്തെ അഴിച്ചുവിട്ടത്.

മിറാജ് ഉൽ ഉലൂം മദ്രസയുടെ മാനേജ്‌മെൻ്റ് ബക്രീദിന് ബലിയർപ്പിക്കാൻ കന്നുകാലികളെ വാങ്ങിയിരുന്നു. അവർ കന്നുകാലികളെ കൊണ്ടുവന്നതിന് തൊട്ടുപിന്നാലെ മദ്രസയ്ക്ക് ചുറ്റും ജനക്കൂട്ടം തടിച്ചുകൂടി. തുടർന്ന് അക്രമാസക്തരായ ജനം മൃഗബലിക്കെതിരെ പ്രതിഷേധിക്കുകയായിരുന്നു.

ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. അക്രമം രൂക്ഷമായതോടെ സ്ഥലത്ത് പൊലീസ് എത്തുകയും ആളുകളെ ഒഴിപ്പിക്കുകയും ചെയ്തു. നിലവിൽ സ്ഥിതി നിയന്ത്രണവിധേയമാണെന്ന് പോലീസ് അറിയിച്ചു.

‘മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിൽ രണ്ട് സമുദായങ്ങൾ തമ്മിൽ ഏറ്റുമുട്ടലുണ്ടായതിനാൽ മേദക്കിൽ സംഘർഷം നിലനിന്നിരുന്നു. തുടക്കത്തിൽ, ബക്രീദിനോട് അനുബന്ധിച്ച് ബലിക്കായി കാളയെ വിൽക്കുന്ന സ്ഥലത്താണ് അക്രമം പൊട്ടിപ്പുറപ്പെട്ടത്.

ഇതിനെത്തുടർന്ന് രണ്ട് വ്യത്യസ്ത സ്ഥലങ്ങളിൽ സംഘർഷമുണ്ടായിട്ടുണ്ട്. ആളുകൾ തമ്മിൽ വലിയ രീതിയിലുള്ള സംഘർഷമാണ് ഉണ്ടായത്. പൊലീസ് എത്തിയതോടെയാണ് ആളുകൾ പിൻവാങ്ങിയത്.

സംഘർഷത്തിൽ ഓരോ ഗ്രൂപ്പിലെയും രണ്ട് പേർക്ക് വലിയ പരിക്കേറ്റിട്ടുണ്ട്. രണ്ട് ഗ്രൂപ്പുകൾക്കെതിരെയും കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്, ഇതുവരെ എട്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അക്രമത്തിൽ ഉൾപ്പെട്ട മറ്റുള്ളവരെ തിരിച്ചറിയാൻ, പോലീസ് വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ച്‌ കൊണ്ടിരിക്കുകയാണ്. ഇപ്പോൾ സ്ഥലത്ത് വലിയ പ്രശ്നങ്ങൾ ഒന്നും തന്നെ ഇല്ല. സ്ഥിതി നിയന്ത്രണവിധേയം തന്നെയാണ്,’ എസ്.പി പറഞ്ഞു.

അതേസമയം, ആയിരക്കണക്കിന് ആർ.എസ്.എസ്‌ (രാഷ്ട്രീയ സ്വയംസേവക് സംഘ്) പ്രവർത്തകർ മദ്രസ ആക്രമിക്കുകയും ആളുകൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തതായി എ.ഐ.എം.ഐ.എം എം.എൽ.എ കർവാൻ എം. കൗസർ മൊഹിയുദ്ദീൻ ആരോപിച്ചു. മനഃപൂർവം സംഘർഷവും ജനങ്ങൾക്കിടയിൽ വിഭാഗീയത സൃഷ്ടിക്കാനുമാണ് അവർ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

പരിക്കേറ്റവരെ ചികിത്സയ്‌ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോയപ്പോൾ ജനക്കൂട്ടം അവർക്കെതിരെ വീണ്ടും ആക്രമണം സൃഷ്ടിക്കുകയും ആശുപത്രി അടിച്ചുതകർക്കുകയും ചെയ്തെന്ന് മുഹിയുദ്ദീൻ കൂട്ടിച്ചേർത്തു.

Content Highlight: Mob attacks madrasa in Telangana over alleged animal sacrifice, several injured