| Monday, 8th April 2019, 11:43 pm

ബീഫ് വില്‍പന നടത്തി എന്നാരോപിച്ച് അസമില്‍ മുസ്‌ലിം കച്ചവടക്കാരനെ മര്‍ദിച്ചു; ബലമായി പന്നിയിറച്ചി കഴിപ്പിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: അസമിലെ ബിസ്വനാഥ് ജില്ലയില്‍ ബീഫ് വില്‍പന നടത്തി എന്നാരോപിച്ച് ഷൗക്കത്ത് അലി എന്ന മുസ്‌ലിം കച്ചവടക്കാരനു നേരെ ആള്‍ക്കൂട്ട ആക്രമണം. ഷൗക്കത്തിനെ ആക്രമിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ ആക്രമികള്‍ സാമൂഹ്യമാധ്യമങ്ങളിലും പ്രചരിപ്പിച്ചിരുന്നു. ഷൗക്കത്തിനെ ബലമായി പന്നിയിറച്ചി തിന്നാന്‍ നിര്‍ബന്ധിക്കുന്നതായും വീഡിയോയില്‍ കാണാം.

‘നിങ്ങള്‍ക്ക് ബീഫ് വില്‍ക്കാനുള്ള ലൈസന്‍സുണ്ടോ. നിങ്ങള്‍ ബംഗ്ലാദേശിയാണോ. നിങ്ങളുടെ പേര് പൗരത്വ പട്ടികയിലുണ്ടോ’- ഷൗക്കത്തിനോട് കൂടി നിന്ന ജനക്കൂട്ടം ചോദിക്കുന്നതായി വീഡിയോയില്‍ വ്യക്തമാകുന്നു.

സംഭവത്തില്‍ പൊലീസ് എഫ്.ഐ.ആര്‍ റെജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. രണ്ടു പരാതികളുടെ അടിസ്ഥാനത്തിലാണ് പൊലീസ് എഫ്.ഐ.ആര്‍ എടുത്തിരിക്കുന്നത. അലിയുടെ ബന്ധുക്കളുടെ പരാതി കൂടാതെ അലിയെ മര്‍ദിച്ച ചന്തയിലെ മാനാജേര്‍ കമല്‍ താപ്പയും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ സംഭവത്തിന് വര്‍ഗീയ നിറം നല്‍കേണ്ടെന്നായിരുന്നു ബിശ്വനാഥ് ജില്ലാ പൊലീസിന്റെ വാദം. ഷൗക്കത്തിനെ കൂടാതെ മറ്റൊരു മതത്തില്‍ പെട്ട ഒരാളെക്കൂടി ആള്‍ക്കൂട്ടം കൈകാര്യം ചെയ്തിട്ടുണ്ടെന്ന കാര്യം നിരത്തിയാണ് പൊലീസിന്റെ വാദം.

പശു സംരക്ഷണ നിയമം നിലവിലുള്ള സംസ്ഥാനമാണ് അസം. അസാം കാലി സംരക്ഷണ നിയമം 1950 അനുസരിച്ച് 14 വര്‍ഷം പ്രായമുള്ള, ജോലിക്ക് ഉപയോഗിക്കാന്‍ കഴിയാത്ത പശുക്കളെ അറവ് ചെയ്യാം. എന്നാല്‍ അത്തരം പശുക്കള്‍ക്ക് മൃഗസംരക്ഷണ വകുപ്പിന്റെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ആവശ്യമാണ്. എന്നാല്‍ മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളിലേത് പോലെ അസാമില്‍ പശുവിനേയും, പോത്തിനേയും കാളയേയും നിയമത്തില്‍ വേര്‍തിരിച്ചു പറയുന്നില്ല.

We use cookies to give you the best possible experience. Learn more