മംഗളൂരുവില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് നേരെ സദാചാര ആക്രമണം; 7 പേര്‍ അറസ്റ്റില്‍
Kerala News
മംഗളൂരുവില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് നേരെ സദാചാര ആക്രമണം; 7 പേര്‍ അറസ്റ്റില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 2nd June 2023, 10:29 am

മംഗളൂരു: മംഗളൂരുവില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് നേരെ സദാചാര ആക്രമണം നടത്തിയ ഏഴുപേരെ അറസ്റ്റ് ചെയ്തതായി പൊലീസ്. തലപ്പാടി ഉള്ളാള്‍ സ്വദേശികളാണ് അറസ്റ്റിലായത്.

ഇന്നലെ രാത്രി എട്ട് മണിയോട് കൂടിയാണ് മലയാളി വിദ്യാര്‍ത്ഥികള്‍ നേരെ ആക്രമണം ഉണ്ടായത്. മൂന്ന് പേര്‍ പരിക്കേറ്റ് ആശുപത്രിയിലാണ്. ഇവരോടൊപ്പമുണ്ടായിരുന്ന മറ്റ് പെണ്‍കുട്ടികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

ഇന്നലെ രാത്രി സോമേശ്വര്‍ ബീച്ചില്‍ വെച്ചായിരുന്നു മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് നേരെ സദാചാര ആക്രമണം ഉണ്ടായത്. സാഫര്‍ ഷെരീഫ്, മുജീബ് എന്നിവരടങ്ങുന്ന മൂന്ന് പേരാണ് ആക്രമത്തിനിരയായത്. മംഗളൂരുവിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ പഠിക്കുന്നവരാണ് ഇവര്‍.

മൂന്ന് ആണ്‍കുട്ടികളും പെണ്‍കുട്ടികളുമടങ്ങുന്ന സംഘം ബീച്ചില്‍ നടക്കുന്നതിനിടെ കുറച്ചാളുകളെത്തി ഇവരെ ചോദ്യം ചെയ്യുകയായിരുന്നു. പേരുകള്‍ ചോദിച്ചതിന് ശേഷമായിരുന്നു ആക്രമണമെന്ന് പൊലീസ് പറയുന്നു. ആണ്‍കുട്ടികള്‍ മൂന്ന് പേരും മുസ്‌ലിം വിഭാഗത്തില്‍ ഉള്ളവരും പെണ്‍കുട്ടികള്‍ ഹിന്ദു വിഭാഗത്തില്‍ നിന്നുള്ളവരുമാണ്.

അറസ്റ്റിലായവര്‍ തീവ്ര ഹിന്ദുസംഘടനാ പ്രവര്‍ത്തകരാണെന്നാണ് പൊലീസ് നല്‍കുന്ന വിവരം. സംഭവത്തില്‍ ഉള്ളാള്‍ പൊലീസാണ് കേസെടുത്തിരിക്കുന്നത്.

Contenthighlight: Mob attacked malayali students in mangaluru: police arrested 7 persons