ഉത്തരകാശി: നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നുവെന്നാരോപിച്ച് 30 പേരടങ്ങുന്ന യുവാക്കളുടെ സംഘം വടികളുമായെത്തി ക്രിസ്മസ് പരിപാടിക്ക് നേരെ ആക്രമണം നടത്തി. ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിലെ പുരോല ഗ്രാമത്തില്‍ ആണ് സംഭവം.
ഹിന്ദുത്വ സംഘടനയില്‍ ഉള്‍പ്പെട്ടവരാണ് ആക്രമണം നടത്തിയെതെന്നാണ് ആരോപണം. എന്നാല്‍, ആക്രമം നടത്തിയവരെയും ആക്രമിക്കപ്പെട്ടവരെയും പൊലീസ് കസ്റ്റഡിയിലെടുക്കുകയും പിന്നീട് വിട്ടയക്കുകയും ചെയ്തു.
ആക്രമണത്തിനിരയായ പാസ്റ്റര്‍ ലാസറസ് കൊര്‍ണേലിയസ്, ഭാര്യ സുഷമ കൊര്‍ണേലിയസ് എന്നിവരുള്‍പ്പടെ ആറ് പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ ആക്രമിച്ച ചില യുവാക്കളെയും കസ്റ്റഡിയിലെടുത്തിരുന്നു. തുടര്‍ന്ന് വിഷയം രമ്യമായി പരിഹരിച്ചതിനെ തുടര്‍ന്ന് എല്ലാവരെയും വിട്ടയച്ചതായി പൊലീസ് അറിയിച്ചു.
ഡെറാഡൂണില്‍ നിന്ന് 150 കിലോമീറ്റര്‍ അകലെയുള്ള ഗ്രാമത്തിലെ ഹോപ്പ് ആന്‍ഡ് ലൈഫ് സെന്ററില്‍ വെള്ളിയാഴ്ച ഉച്ചയോടെയാണ് ആക്രമണം നടന്നത്.
ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായുള്ള പ്രാര്‍ത്ഥന നടക്കുമ്പോഴായിരുന്നു ആക്രമണം. മുസ്സൂറി യൂണിയന്‍ ചര്‍ച്ചിലെ പാസ്റ്റര്‍ ലാസറസ് കൊര്‍ണേലിയസ് ആയിരുന്നു പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കിയത്.
ഇവിടെ നേരത്തെയും ക്രിസ്ത്യാനികളും മുസ്‌ലിങ്ങളും ഉള്‍പ്പെടെയുള്ള മതന്യൂനപക്ഷങ്ങള്‍ക്കെതിരെ നേരത്തെയും ആക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് പ്രദേശവാസികള്‍ പറഞ്ഞതായി എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം, ഉത്തരാഖണ്ഡ് സര്‍ക്കാര്‍ അടുത്തിടെ നിയമസഭയില്‍ മതപരിവര്‍ത്തന വിരുദ്ധ ബില്‍ പാസാക്കുകയും അതിന് കഴിഞ്ഞ ദിവസം ഗവര്‍ണറുടെ അനുമതി ലഭിക്കുകയും ചെയ്തിട്ടുണ്ട്.
അതിനിടെ, ഉത്തര്‍പ്രദേശില്‍ സമാധാനപരമായ അന്തരീക്ഷത്തില്‍ ക്രിസ്മസ് ആഘോഷിക്കുന്നുണ്ടെന്നും മതപരിവര്‍ത്തനം നടക്കുന്നില്ലെന്നും ഉറപ്പാക്കണമെന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
ഒരു ജില്ലയിലും അനധികൃത മതപരിവര്‍ത്തനം നടക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും യോഗി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.
സംസ്ഥാനത്തെ ക്രമസമാധാനവും കൊവിഡ് സാഹചര്യവും കാലാവസ്ഥാ പ്രതിസന്ധികളും അവലോകനം ചെയ്യാന്‍ വിളിച്ചുചേര്‍ത്ത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Content Highlight: Mob Attack On Christmas Celebrations In Uttarakhand Village Over “Conversion”