രാജസ്ഥാനില്‍ ആള്‍ക്കൂട്ട കൊലപാതകം; യുവാവിനെ മര്‍ദിച്ചത് ഇരുപതിലധികം പേര്‍ ചേര്‍ന്ന്
national news
രാജസ്ഥാനില്‍ ആള്‍ക്കൂട്ട കൊലപാതകം; യുവാവിനെ മര്‍ദിച്ചത് ഇരുപതിലധികം പേര്‍ ചേര്‍ന്ന്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 17th August 2022, 2:09 pm

ജയ്പൂര്‍: രാജസ്ഥാനിലെ അല്‍വാര്‍ ജില്ലയില്‍ ആള്‍ക്കൂട്ട കൊലപാതകം. രാംബാസ് സ്വദേശിയായ ചിരഞ്ജ്‌ലാല്‍ ആണ് കൊല്ലപ്പെട്ടത്. അല്‍വാറില്‍ ജില്ലയിലെ ഗോവിന്ദ്ഗഢില്‍ ഞായറാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെയായിരുന്നു സംഭവം.

പിക്കപ്പ് വാനിലും സ്‌കോപര്‍പ്പിയോയിലുമായെത്തിയ 25പേരോളമുള്ള സംഘമാണ് യുവാവിനെ മര്‍ദിച്ചത്. ചിരഞ്ജ്‌ലാലിന്റെ നിലവിളി കേട്ട് ഓടിയെത്തിയ ആളുകളാണ് ലാലിനെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്.

ചിരഞ്ജിലാല്‍ ട്രാക്ടര്‍ മോഷ്ടിക്കാന്‍ ശ്രമിച്ചു എന്നാരോപിച്ചാണ് സംഘം യുവാവിനെ ആക്രമിച്ചത്.

പ്രതികള്‍ തന്നെയാണ് പൊലീസിനെ വിളിച്ചുവരുത്തിയത്. രാവിലെ 6.30 ഓടെ ഗോവിന്ദ്ഗഡ് പൊലീസ് എത്തിയപ്പോള്‍ അക്രമികളും ഗ്രാമവാസികളും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. തുടര്‍ന്ന് പൊലീസ് തന്നെയാണ് പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചത്.

ചിരഞ്ജ്‌ലാല്‍ തിങ്കളാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് മരിച്ചത്. 11 മണിയോടെ മൃതദേഹം ജയ്പൂരില്‍ നിന്ന് രാംബാസ് ഗ്രാമത്തില്‍ എത്തിച്ചപ്പോഴും ആളുകള്‍ പ്രതിഷേധമുയര്‍ത്തിയിരുന്നു.

ചൊവ്വാഴ്ച രാവിലെ കൊല്ലപ്പെട്ട ചിരഞ്ജ്‌ലാലിന്റെ കുടുംബാംഗങ്ങളും ഗ്രാമത്തിലെ ജനങ്ങളും രാംഗഡ്-ഗോവിന്ദ്ഗഡ് റോഡ് തടഞ്ഞു. സര്‍ക്കാരിനെതിരെ മുദ്രാവാക്യങ്ങളും സംഘം ഉയര്‍ത്തിയിരുന്നു.

കൊല്ലപ്പെട്ട ചിരഞ്ജ്‌ലാലിന്റെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും കുടുംബാംഗത്തിന് ജോലി നല്‍കണമെന്നും കുടുംബം ആവശ്യപ്പെട്ടു. പ്രതിയെ അറസ്റ്റ് ചെയ്യണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. മൂന്ന് ആവശ്യങ്ങളും അംഗീകരിക്കുന്നത് വരെ ശവസംസ്‌കാര ചടങ്ങുകള്‍ നടത്തില്ലെന്ന നിലപാടിലായിരുന്നു കുടുംബം. തുടര്‍ന്ന് സര്‍ക്കാര്‍ ഇവരുമായി ചര്‍ച്ച നടത്തി.

Content Highlight: Mob attack in rajasthan, youth died, family under protest