മലപ്പുറം: മങ്കട വലമ്പൂരില്‍ യുവാവിന് നേരെ ആള്‍ക്കൂട്ട ആക്രമണം. കരുവാരക്കുണ്ട് സ്വദേശി ഷംസുദ്ദീനാണ് ആക്രമണത്തിന് ഇരയായത്. മുന്നില്‍ പോയ വാഹനം നടുറോഡില്‍ നിര്‍ത്തിയത് ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് അതിക്രമം നടന്നത്.
യുവാവിന്റെ ഇടതു കണ്ണിന് മുകളിൽ ഗുരുതമായി പരിക്കേറ്റിട്ടുണ്ട്. ആക്രമണത്തിന് ശേഷം ഒന്നര മണിക്കൂറോളം സമയം യുവാവ് റോഡില്‍ പരിക്കേറ്റ് കിടന്നതായാണ് വിവരം.
സംഭവത്തില്‍ മങ്കട പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. റോഡില്‍ വലിയ അപകടം ഒഴിവായതാണെന്നും താന്‍ ചോദ്യം ചെയ്ത വ്യക്തി മറ്റൊരാളെ വിളിച്ചുവരുത്തുകയായിരുന്നുവെന്നും ഷംസുദ്ദീന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ഇയാള്‍ വന്നയുടനെ തന്നെ മര്‍ദിച്ചുവെന്നും പിന്നാലെ കൂടുതല്‍ ആളുകള്‍ സ്ഥലത്തേക്ക് വരാന്‍ തുടങ്ങിയെന്നും അദ്ദേഹം പ്രതികരിച്ചു. പരിക്ക് പറ്റിയ കണ്ണിന് മുകളില്‍ 10 സ്റ്റിച്ച് ഉണ്ടെന്നും കാഴ്ചയ്ക്കും പരിമിതിയുണ്ടെന്നും ഷംസുദ്ദീന്‍ പറഞ്ഞു.
റോഡില്‍ വീണുകിടക്കുന്നത് കണ്ട ആളുകള്‍ എന്താണ് കാര്യമെന്ന് ചോദിച്ചപ്പോള്‍, അക്രമികള്‍ അവന്‍ മദ്യപിച്ചിട്ടുണ്ടെന്നും ഇവിടെയെത്തി പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയാണെന്നുമാണ് പറഞ്ഞതെന്നും ഷംസുദ്ദീൻ പറഞ്ഞു.
മദ്യപിച്ച ആളാണെന്ന് പറഞ്ഞതുകേട്ട ആളുകള്‍ സഹായിക്കാതെ പോകുകയായിരുന്നുവെന്നും യുവാവ് പറഞ്ഞു.
ഇതിനിടെ വെള്ളം ആവശ്യപ്പെട്ടപ്പോള്‍ വഴിയിലൂടെ പോയിരുന്ന ഒരാള്‍ വെള്ളം നല്‍കിയെന്നും എന്നാല്‍ മര്‍ദിച്ച വ്യക്തികളിലൊരാള്‍ കുപ്പിയില്‍ തുപ്പുകയും ശേഷം വെള്ളം കുടിക്കാന്‍ ആവശ്യപ്പെട്ടെന്നും ഷംസുദ്ദീൻ പറഞ്ഞു.
കഞ്ചാവാണോ പോക്കറ്റില്‍ എം.ഡി.എം.എ ഉണ്ടോ എന്ന ചോദ്യങ്ങളുണ്ടായെന്നും ഫോണ്‍ പിടിച്ചുവാങ്ങാന്‍ ശ്രമമുണ്ടായെന്നും യുവാവ് പറഞ്ഞു.
Content Highlight: Mob attack in Malappuram; The young man lay bleeding on the road for an hour and a half