തളിപ്പറമ്പ്: ഗാര്‍ഹിക പീഡനം അനുഭവിക്കുന്ന ക്വിയര്‍ പെണ്‍കുട്ടിയെ അന്വേഷിച്ചു ചെന്ന വ്യക്തികള്‍ക്ക് നേരെ പൊലീസ് നോക്കി നില്‍ക്കേ നാട്ടുകാരുടെ കയ്യേറ്റം. പൊലീസിന്റെ ഭാഗത്ത് നിന്നും ഗുരുതര വീഴ്ചയുണ്ടായതായി അന്വേഷിച്ചു ചെന്നവര്‍ ആരോപിക്കുന്നു. പെണ്‍കുട്ടിയെ അന്വേഷിച്ചു ചെന്ന റോസ, ഗാര്‍ഗി.എച്ച്, നസീമ നസ്രിന്‍, ആതിര, ഷബാന എന്നിവര്‍ക്ക് നേരെയാണ് നാട്ടുകാരുടെ കയ്യേറ്റമുണ്ടായത്.
അഞ്ജനയെന്ന പെണ്‍കുട്ടി ഒരു മാസത്തോളമായി ഗാര്‍ഹിക പീഡനം അനുഭവിക്കുകയാണ്. ഡിസംബര്‍ 24ന് വീട്ടിലേക്ക് പോയ പെണ്‍കുട്ടിയെ പിന്നീട് വീട്ടുകാര്‍ പൂട്ടിയിടുകയും മര്‍ദ്ദിക്കുകയും ചെയ്യുകയായിരുന്നു. ബൈസെക്ഷ്വല്‍ ആണെന്ന കാരണം പറഞ്ഞ് വീട്ടുകാര്‍ മര്‍ദ്ദിക്കുന്നതായി പെണ്‍കുട്ടി ഫോണ്‍ സംഭാഷണത്തില്‍ പറഞ്ഞിരുന്നെന്നും നസീമ നസ്രിന്‍ തന്റെ ഫേസ്ബുക്ക് ലൈവിലൂടെ പറഞ്ഞു.
വീട്ടുകാരില്‍ നിന്നും തന്നെ രക്ഷിക്കണമെന്ന് പെണ്‍കുട്ടി കരഞ്ഞ് ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് തങ്ങള്‍ അന്വേഷിക്കാന്‍ ചെന്നതെന്നും നസീമ പറഞ്ഞു.
‘ബ്രണ്ണന്‍ കോളേജിലെ ബി. എ മലയാളം മുന്‍ വിദ്യാര്‍ത്ഥിയാണ് അഞ്ജന. വീട്ടുകാരില്‍ നിന്നുള്ള പീഡനം മൂലം വീട്ടില്‍ നില്‍ക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ അഞ്ജന ഗാര്‍ഗിയുടേയും എന്‍റെയും വീട്ടില്‍ താമസിച്ചു വരുകയായിരുന്നു. ഡിസംബര്‍ 24ാം തീയതി അഞ്ജന പുതിയൊരു വീടെടുത്ത് താമസിക്കാന്‍ ഒരുങ്ങുമ്പോള്‍ അനിയത്തി വിളിച്ച് ആത്മഹത്യക്ക് ശ്രമിക്കുമെന്ന് പറഞ്ഞതിനെത്തുടര്‍ന്ന് അവള്‍ വീട്ടിലേക്ക് പോവുകയായിരുന്നു. അന്നാണ് അവളെ അവസാനമായി ഞങ്ങള്‍ കണ്ടത്’. നസീമ നസ്രിന്‍ പറഞ്ഞു.
’24ന് വൈകീട്ട് തിരിച്ചെത്തുമെന്ന് പറഞ്ഞാണ് അഞ്ജന പോയത്. എന്നാല്‍ രാത്രി എട്ട് മണിയോടെ അഞ്ജന ഗാര്‍ഗിയെ ഫോണില്‍ ബന്ധപ്പെടുകയായിരുന്നു.
ബന്ധുക്കള്‍ തന്നെ ബലംപ്രയോഗിച്ച് പാലക്കാടുള്ള ഡീഅഡിക്ഷന്‍ സെന്ററിലേക്ക് കൊണ്ടുപോവുകയാണെന്നാണ് അഞ്ജന പറഞ്ഞത്. എങ്ങനെയെങ്കിലും എന്നെ രക്ഷിക്കണമെന്ന് പറഞ്ഞ് കരയുകയായിരുന്നു അഞ്ജന. അഞ്ജനയുടെ ബന്ധുക്കളില്‍ ഒരാളോടും ഫോണില്‍ സംസാരിച്ചു. അഞ്ജന ഒരു ബൈസെക്ഷ്വല്‍ വ്യക്തിയായതുകൊണ്ടാണ് ഡീഅഡിക്ഷന്‍ സെന്ററിലേക്ക് കൊണ്ടുപോകുന്നതെന്നാണ് ബന്ധു പറഞ്ഞത്. പൊലീസില്‍ കേസ് കൊടുക്കുമെന്നു പറഞ്ഞപ്പോള്‍ കേസ് കൊടുത്തിട്ട് കാര്യമില്ലെന്നാണ് ബന്ധു പറഞ്ഞത്’, നസീമ നസ്രിന്‍ കൂട്ടിച്ചേര്‍ത്തു.
പൊലീസില്‍ പരാതി കൊടുത്തപ്പോള്‍ ക്രിസ്മസ് ആയതിനാല്‍ രാത്രി ഒരു നടപടിയും നടക്കില്ലെന്നായിരുന്നു മറുപടിയെന്നും നസീമ പറയുന്നു. പിന്നീട് അഞ്ജനയുടെ വീടിന്റെ പരിധിയിലുള്ള തളിപ്പറമ്പ് പൊലീസ് സ്‌റ്റേഷനിലാണ് പരാതിയുമായി ചെന്നതെന്നും പൊലീസ് രണ്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് തന്നെ വിളിച്ചതെന്നും നസീമ പറയുന്നു.
‘പെണ്‍കുട്ടിയുടെ വീട്ടില്‍ അന്വേഷിച്ചപ്പോള്‍ പ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്നാണ് പൊലീസ് പറഞ്ഞത്. അഞ്ജന വീട്ടുകാരുടെ കൂടെയായതിനാല്‍ ഞങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും പൊലീസ് പറഞ്ഞു. രണ്ട് ദിവസങ്ങള്‍ക്ക് ശേഷം അഞ്ജനയുടെ കാമുകന് ഹിന്ദു ഹെല്‍പ്പ് ലൈനില്‍ നിന്നും വിളി വരുകയും അവര്‍ അവനെ ഭീഷണിപ്പെടുത്തുകയും ചെയ്തു. അഞ്ജനയെ മാവോയിസ്റ്റും ലഹരിവസ്തുക്കള്‍ക്കടിമയും ആക്കുകയാണ് കാമുകന്റെ ലക്ഷ്യമെന്നാണ് ഹിന്ദു ഹെല്‍പ്പ് ലൈനില്‍ നിന്നുള്ളവര്‍ പറഞ്ഞത്. അഞ്ജനയുടെ അമ്മയുമായി ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ ഇനി ഒരിക്കലും നിങ്ങള്‍ക്ക് അഞ്ജനയെ കാണാന്‍ കഴിയില്ലെന്നാണ് അവര്‍ പറഞ്ഞത്’, നസീമ പറയുന്നു.
‘പെണ്‍കുട്ടിയുടെ വീട്ടിലേക്ക് പോണമെന്ന് പൊലീസിനോട് ആവശ്യപ്പെട്ടെങ്കിലും പൊലീസിന്റെ ഭാഗത്തു നിന്നും മോശം പ്രതികരണമാണുണ്ടായത്. പൊലീസ് ജീപ്പിന് പുറകില്‍ ഓട്ടോയില്‍ പെണ്‍കുട്ടിയുടെ വീട്ടിലേക്ക് പുറപ്പെട്ട ഞങ്ങളെ പല ഊടുവഴികളിലൂടെ കൊണ്ടുപോയി വഴി തെറ്റിക്കാനും പൊലീസ് ശ്രമിച്ചു’ , നസീമ പറഞ്ഞു.
അഞ്ജനയെ കാണാനില്ലെന്ന് പറഞ്ഞ് നിരവധി തവണ പൊലീസില്‍ പരാതി നല്‍കിയെങ്കിലും പൊലീസ് നടപടിയെടുത്തില്ലെന്നും ആരോപണമുണ്ട്. പെണ്‍കുട്ടിയെ കാണണമെന്നാവശ്യപ്പെട്ട് എത്തിയ സുഹൃത്തുക്കളോട് ഹൈക്കോടതിയില്‍ പോയി കേസ് കൊടുക്കാന്‍ പൊലീസ് പറയുന്നതിന്റെ വീഡിയോയും ഗാര്‍ഗി ഷെയര്‍ ചെയ്തിട്ടുണ്ട്.
പെണ്‍കുട്ടിയെ അന്വേഷിച്ചു ചെന്നവരില്‍ റോസയെന്ന ട്രാന്‍സ് വ്യക്തിയോട് നാട്ടുകാര്‍ എന്ന് പറഞ്ഞെത്തിയ സംഘം മോശമായി പെരുമാറിയതായും വീഡിയോയില്‍ അവര്‍ പറയുന്നു. നാട്ടുകാര്‍ എന്ന് പറയുന്നവര്‍ ഹിന്ദു ഹെല്‍പ്പ് ലൈന്‍ പ്രവര്‍ത്തകരാണെന്നും ആരോപണമുയരുന്നുണ്ട്. അഞ്ജനയുടെ കാമുകനെ ഫോണില്‍ വിളിച്ച് ഹിന്ദു ഹെല്‍പ്പ് ലൈന്‍ പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയതായും വീഡിയോയില്‍ പറയുന്നു. പെണ്‍കുട്ടിയെ വിട്ടു കിട്ടണമെന്നും പൊലീസ് എത്രയും പെട്ടന്ന് നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ സൂഹൃത്തുക്കളായ ഇവര്‍ തളിപ്പറമ്പ് പൊലീസ് സ്റ്റേഷനിലുണ്ട്.
വെള്ളിയാഴ്ച രാവിലെ 10 മണിക്ക് തളിപ്പറമ്പ് പൊലീസ് സ്റ്റേഷനില്‍ എത്തിയാല്‍ അഞ്ജനയെ കാണാമെന്ന് പൊലീസ് പറഞ്ഞിരുന്നുവെന്നും എന്നാല്‍ അങ്ങനൊരു കാര്യം തങ്ങള്‍ പറഞ്ഞില്ലെന്ന് പൊലീസ് പിന്നീട് പറഞ്ഞതായും ഗാര്‍ഗി പറയുന്നു.
പെണ്‍കുട്ടി ചികിത്സയിലാണെന്നും വീട്ടുകാര്‍ക്കൊപ്പം സുരക്ഷിതയാണെന്നും തളിപ്പറമ്പ് പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയുടെ സുഹൃത്തുക്കള്‍ പറഞ്ഞ കാര്യങ്ങളും ഫേസ്ബുക്ക് വീഡിയോ ദൃശ്യങ്ങളും വ്യാജമാണെന്നുമാണ് പൊലീസിന്റെ വാദം.