കണ്ണൂര്‍: ആള്‍ക്കൂട്ട വിചാരണയ്ക്കും ക്രൂരമര്‍ദ്ദനത്തിനും കേരളത്തില്‍ നിന്ന് പുതിയൊരു ഇര കൂടി. കണ്ണൂരിലാണ് സംഭവം. കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ വന്നതാണെന്ന് ആരോപിച്ച് ഒഡീഷ സ്വദേശിയെയാണ് ആള്‍ക്കൂട്ടം ക്രൂരമായി മര്‍ദ്ദിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചിട്ടുമുണ്ട്.
മര്‍ദ്ദനമേറ്റയാള്‍ കുട്ടികളെ തട്ടിക്കൊണ്ടു പോകാന്‍ വന്നതാണെന്നതിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തില്‍ അന്വേഷണം നടക്കുകയാണ്. കണ്ണൂര്‍ ജില്ലയിലെ മാനന്തേരിയിലുള്ള സത്രം എന്ന സ്ഥലത്താണ് സംഭവം നടന്നത്. ഒരു കുട്ടിയ്ക്ക് ഇയാള്‍ക്ക് നാലുലക്ഷം രൂപ ലഭിക്കുമെന്നാണ് നാട്ടുകാര്‍ ആരോപിച്ചത്.
നേരത്തേ പൊന്നാനിയിലും സമാനമായ സംഭവം നടന്നിരുന്നു. ആന്ധ്രപ്രദേശില്‍ നിന്നും ഭിക്ഷാടനത്തിനായി എത്തിയ നാരായണന്‍ എന്ന വൃദ്ധനെയാണ് നാട്ടുകാര്‍ നഗ്നനാക്കിയ ശേഷം ക്രൂരമായി മര്‍ദ്ദിച്ചത്. ഇയാളെ രക്ഷിക്കാനെത്തിയ പൊലീസിനെതിരേയും ആക്രമണം ഉണ്ടായിരുന്നു. ഇതു കൂടാതെ എറണാകുളത്തു നിന്നുള്‍പ്പെടെ ഇതര സംസ്ഥാനക്കാര്‍ക്കു നേരെ ഉണ്ടായ അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.
കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നുവെന്ന തരത്തില്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്ന സന്ദേശങ്ങളില്‍ ആശങ്കവേണ്ടെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞിരുന്നു. ഇത്തരം സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി അന്വേഷണത്തില്‍ തെളിഞ്ഞില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ ഭീതി പരത്തുന്ന സന്ദേശമയക്കുന്നവര്‍ക്കെതിരെ അഞ്ചു വര്‍ഷം തടവ് ലഭിക്കാവുന്ന കുറ്റം ചുമത്തി ക്രിമിനല്‍ കേസെടുക്കുമെന്ന് പൊലീസും വ്യക്തമാക്കിയിരുന്നു.
മര്‍ദ്ദനത്തിന്റെ വീഡിയോ: