mob attack
തെരുവ് ഗായകന്‍ ബാബു ഭായിയ്ക്കും കുടുംബത്തിനും നേരെ ആള്‍ക്കൂട്ട ആക്രമണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Nov 07, 03:06 pm
Saturday, 7th November 2020, 8:36 pm

കോഴിക്കോട്: തെരുവ് ഗായകന്‍ ബാബു ഭായിയ്ക്കും കുടുംബത്തിനും നേരെ ആള്‍ക്കൂട്ട ആക്രമണം. ശനിയാഴ്ച വൈകീട്ടോടെയായിരുന്നു മദ്യപിച്ചെത്തിയ ഒരു സംഘമാളുകള്‍ ബാബു ഭായിയേയും കുടുംബത്തേയും മര്‍ദ്ദിച്ചത്.

മര്‍ദ്ദനത്തില്‍ ബാബു ഭായിയ്ക്കും ഭാര്യ, മകന്‍ എന്നിവര്‍ക്കും പരിക്കേറ്റു. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

സംഭവത്തെക്കുറിച്ച് ബാബു ഭായിയുടെ മകന്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞത്:

അച്ഛന്‍ വീടിന്റെ മുകളിലുള്ള ഒരു സ്ഥലത്തേക്ക് പാല് വാങ്ങിക്കാന്‍ പോയതായിരുന്നു. പോകുന്ന വഴിയ്ക്ക് ഒരു കള്ളുഷാപ്പുണ്ട്. അതിന് സമീപമുള്ള ഒരു പാറയില്‍ കുറച്ചുപേര്‍ മദ്യപിച്ച്  ഇരിക്കുന്നുണ്ടായിരുന്നു.

അച്ഛനെ കണ്ട് അവര്‍ നീ എവിടേക്കാ പോകുന്നത് എന്ന് ചോദിച്ചു. പാല് വാങ്ങിക്കാന്‍ പോകുകയാണെന്ന് പറഞ്ഞപ്പോള്‍ അച്ഛനോട് നീ വലിയ പാട്ടുകാരനല്ലേ ഒരു പാട്ട് പാടിയിട്ട് പോയാല്‍ മതിയെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തി. എന്നാല്‍ അച്ഛന്‍ തനിക്ക് സുഖമില്ലെന്നും ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നും പാടാന്‍ വയ്യെന്നും പറഞ്ഞപ്പോള്‍ മര്‍ദ്ദിക്കുകയായിരുന്നു.

പിന്നീട് അച്ഛന്‍ വീട്ടിലേക്ക് വന്നെങ്കിലും വീട്ടുകാരോട് ഒന്നും പറഞ്ഞില്ല. എന്നാല്‍ ഞാന്‍ കടയില്‍ പോയി വരുമ്പോള്‍ രണ്ട് മൂന്ന് പേര്‍ എന്നെ വിളിച്ച് അച്ഛനെ കൂട്ടിവരാന്‍ പറഞ്ഞു. ഞാന്‍ അച്ഛനെ കൂട്ടി വന്നപ്പോള്‍ ആരേയും കാണാനില്ല. പെട്ടെന്ന് മൂന്ന് പേര്‍ ഓടി വന്ന് അച്ഛനെ തല്ലുകയായിരുന്നു. തല്ല് കൊണ്ട് അച്ഛന്‍ താഴെ വീണു. താഴെയിട്ട് ചവിട്ടി.

 

എനിക്ക് അവരെ തടയാനായില്ല. ഞാന്‍ കരഞ്ഞ് ബഹളം വെച്ചിട്ടും ആരും വന്നില്ല. പിന്നീട് ഞാന്‍ വീട്ടില്‍ പോയി ഏട്ടനേയും അമ്മേയേയും കൂട്ടി വന്നു. എന്നാല്‍ അപ്പോഴേക്കും വേറെയും കുറേപ്പേര്‍ വന്ന് ഞങ്ങളെ എല്ലാവരേയും തല്ലുകയായിരുന്നു.

15-ഓളം പേര്‍ ഉണ്ടായിരുന്നു. അമ്മയേയും തല്ലി. പിന്നീട് തങ്ങളുടെ തന്നെ ഒരു അമ്മാവന്‍ വന്നപ്പോഴേക്കും എല്ലാവരും വണ്ടിയുമെടുത്ത് രക്ഷപ്പെടുകയായിരുന്നു.

അവര്‍ പോയ ഉടന്‍ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചെങ്കിലും സ്റ്റേഷനില്‍ ആരും ഇല്ലെന്ന മറുപടിയാണ് ലഭിച്ചത്. നാളെ വരാനാണ് പറഞ്ഞത്. അക്രമിച്ചവരെ കണ്ടാലറിയാമെങ്കിലും പേര് അറിയില്ല.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Mob Attack Against Calicut Street Singer Babu Bhai