| Friday, 6th July 2018, 8:49 pm

ധൂലെയില്‍ ആള്‍ക്കൂട്ട ആക്രമണം: പ്രചരിച്ചത് സിറിയയില്‍ നിന്നുള്ള ദൃശ്യങ്ങളെന്ന് റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: മഹാരാഷ്ട്രയിലെ ധൂലയില്‍ അഞ്ചു”പേരുടെ മരണത്തിനിടയാക്കിയ ആള്‍ക്കൂട്ട ആക്രമണത്തിലേയ്ക്ക് നയിച്ച വീഡിയോ ഇന്ത്യക്ക് പുറത്തു നിന്നുള്ളതാണെന്ന് റിപ്പോര്‍ട്ട്.

അഞ്ചുവര്‍ഷം മുമ്പ് സിറിയയില്‍ ഗ്യാസ് ആക്രമണത്തില്‍ കൊല്ലപ്പെട്ട കുട്ടികളുടെ വീഡിയോയാണ് പ്രചരിപ്പിച്ചത് എന്നാണ് ബ്ലൂ ലൈവ് ഇന്‍ വെബ്‌സൈറ്റ് കണ്ടെത്തിയിരിക്കുന്നത്.

അവയവ മോഷ്ടാക്കളുടെ സംഘമാണ് കൊലയ്ക്ക് പിന്നിലെന്ന് ഹിന്ദിയിലുള്ള വിവരണത്തില്‍ പറയുന്നതും കേള്‍ക്കാം. എന്നാല്‍ 2013ല്‍ സിറിയയില്‍ ഗ്യാസ് ആക്രമണത്തില്‍ കൊല്ലപ്പെട്ട കുട്ടികളാണ് വീഡിയോയില്‍ ഉള്ളതെന്ന് ബ്ലൂ ലൈവ് ഇന്‍ വെബ്‌സൈറ്റ് വ്യക്തമാക്കി.


Read:  സാക്കിര്‍ നായികിനെ തിരിച്ചയക്കില്ലെന്ന് മലേഷ്യന്‍ സര്‍ക്കാര്‍


ഏതാണ്ട് ഇതേ സമയത്തു തന്നെ പാകിസ്താനില്‍ നിന്നും കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന വീഡിയോ പ്രചരിച്ചിരുന്നു. രണ്ടു വീഡിയോകളും ഒരേ സമയത്താണ് പ്രചരിച്ചത്.

ഇത്തരം വ്യാജ വീഡിയോകളുടെ പ്രചരണം രാജ്യമൊട്ടാകെ 20 ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്കാണ് വഴിവച്ചത്. മഹാരാഷ്ട്രയില്‍ മാത്രം പത്തു പേര്‍ കൊല്ലപ്പെട്ടു.

സമാനമായ മറ്റൊരു സംഭവത്തില്‍, കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ എത്തിയവരെന്ന വ്യാജ പ്രചരണത്തെ തുടര്‍ന്ന് മലെഗാവില്‍ രണ്ടുപേര്‍ ആക്രമിക്കപ്പെട്ടിരുന്നു. എന്നാല്‍, ഈ തട്ടിക്കൊണ്ടുപോകല്‍ വാര്‍ത്ത നിഷേധിച്ച് പൊലീസ് രംഗത്തുവന്നിരുന്നു.

ധൂലെയിലെയും നാസിക്കിലേയും നന്ദുര്‍ബാറിലേയും മൊബൈല്‍ സിഗ്‌നല്‍ പോലുമില്ലാത്ത ഉള്‍ഗ്രാമങ്ങളിലായിരുന്നു ആള്‍ക്കൂട്ട അക്രമങ്ങള്‍ അരങ്ങേറിയത്. ധൂലെയില്‍ ആറു വയസുകാരിയോട് സംസാരിച്ചു നില്‍ക്കവെ ആള്‍ക്കൂട്ടം ആക്രമിച്ചതാണ് സംഭവങ്ങളുടെ തുടക്കം.


Read:  പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന് 10 വര്‍ഷം തടവ്


കാകര്‍പട ഗ്രാമവാസികള്‍ സംഘം ചേര്‍ന്ന് ഇവരെ ആക്രമിക്കുകയായിരുന്നു. സമീപ ഗ്രാമങ്ങളിലേതുള്‍പ്പെടെ മൂവായിരത്തോളം വരുന്ന ആള്‍ക്കൂട്ടം കല്ലും വടിയും ഉപയോഗിച്ച് ഇവരെ തല്ലിച്ചതയ്ക്കുകയായിരുന്നു.

സംഭവസ്ഥലത്ത് പോലീസ് എത്തുമ്പോഴേയ്ക്കും അഞ്ചുപേരും കൊല്ലപ്പെട്ടിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് 23 പേരെ പൊലീസ് അറസ്ററ് ചെയ്തെങ്കിലും വ്യാജ വീഡിയോയുടെ ഉറവിടം എവിടെയാണെന്നു കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.

സംഭവം അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധയാകര്‍ഷിച്ചതേത്തുടര്‍ന്ന് വാട്സാപ്പ് ഗ്രൂപ്പുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്താന്‍ പൊലീസിനോട് നിദ്ദേശിച്ചിരിക്കുകയാണ് മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ്.

അതേസമയം, വാട്സ്ആപ്പില്‍ വ്യാജ പ്രചരണങ്ങള്‍ അയക്കുന്നവരെ നിരീക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more