പ്രചരിപ്പിക്കുന്നത് വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള വീഡിയോ ദൃശ്യങ്ങള്‍; മാധ്യമങ്ങളെ കൂട്ടുപിടിച്ച് ബി.ജെ.പി ബംഗാളിനെ അപകീര്‍ത്തിപ്പെടുത്തുന്നു: മമത
national news
പ്രചരിപ്പിക്കുന്നത് വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള വീഡിയോ ദൃശ്യങ്ങള്‍; മാധ്യമങ്ങളെ കൂട്ടുപിടിച്ച് ബി.ജെ.പി ബംഗാളിനെ അപകീര്‍ത്തിപ്പെടുത്തുന്നു: മമത
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 12th July 2024, 10:40 am

കൊൽക്കത്ത: ബി.ജെ.പിയും അതിനെ പിന്തുണക്കുന്ന ചില മാധ്യമങ്ങളും പശ്ചിമ ബംഗാളിനെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ പെരുമാറുകയാണെന്ന് മുഖ്യമന്ത്രി മമത ബാനർജി.

Also Read: പടം കണ്ട് സന്തോഷത്തോടെ ഇറങ്ങിയപ്പോഴാണ് ആ മോഹൻലാൽ ചിത്രം ബോക്സ്‌ ഓഫീസിൽ പരാജയപ്പെട്ടെന്ന് ഞാനറിഞ്ഞത്: വിപിൻ ദാസ്

നോർത്ത് 24 പർഗാനാസ് ജില്ലയിലെ അരിയാദഹയിൽ അടുത്തിടെ നടന്ന ആൾക്കൂട്ട ആക്രമണത്തെ സൂചിപ്പിച്ചു കൊണ്ടായിരുന്നു പരാമർശം. കൊൽക്കത്ത വിമാനത്താവളത്തിൽ വെച്ച് മാധ്യമ പ്രവർത്തകരോട് സംസാരിക്കവെയാണ് അവർ ഇക്കാര്യം പറഞ്ഞത്.

അരിയാദഹയിൽ ഒരു കൂട്ടം ആളുകൾ പെൺകുട്ടിയെ ആക്രമിക്കുന്നത് കാണിക്കുന്ന പഴയ വീഡിയോ ക്ലിപ്പിനെ തുടർന്ന് പൊലീസ് സ്വമേധയാ കേസെടുത്ത് പ്രാദേശിക ടി.എം.സി നേതാവും പ്രധാന പ്രതിയുമായ ജയന്ത് സിങ് ഉൾപ്പെടെ മൂന്ന് പേരെ അറസ്റ്റ് ചെയ്തിരുന്നു.

‘2021ൽ നടന്ന സംഭവത്തിന്റെ വീഡിയോ ക്ലിപ്പ് ആണ് ഇപ്പോഴും പ്രചരിപ്പിച്ച് കൊണ്ടിരിക്കുന്നത്. അർജുൻ സിങ് ബരാക്‌പൂർ ലോക്‌സഭാ മണ്ഡലത്തിലെ ബി.ജെ.പി എം.പി ആയിരുന്നപ്പോഴാണ് അവിടെ ആൾക്കൂട്ട ആക്രമണം നടക്കുന്നത്.

ബുധനാഴ്ചത്തെ ഉപ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പിയുടെ നിർദേശപ്രകാരം ഒരു വിഭാഗം ടി.വി ചാനലുകൾ പഴയ സംഭവം ആവർത്തിച്ച് കാണിക്കുകയാണ്. ചില വാർത്താ ചാനലുകൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു. അവർ ബി.ജെ.പി മുഖപത്രമായി മാറിയിരിക്കുന്നു,’ മമത പറഞ്ഞു.

ബി.ജെ.പി ക്ക് ബംഗാളിൽ പ്രതീക്ഷിച്ച വിജയം ഉണ്ടാക്കാൻ കഴിയാത്തത് കൊണ്ട് അവർ കാണിക്കുന്ന അമർഷമാണ് ഇതിനു പിന്നിലെന്നും മമത കൂട്ടിച്ചേർത്തു. ഇ.ഡി, സി.ബി.ഐ റെയ്ഡുകൾ ഭയന്ന് ടി.വി ചാനലുകൾ ബി.ജെ.പി ക്ക് വേണ്ടി നിലകൊള്ളുകയാണെന്നും മമത പറഞ്ഞു.

Content Highlight: Mob assault: Mamata charges BJP, a section of media with maligning Bengal