| Monday, 19th August 2024, 3:57 pm

അസമില്‍ ലൗ ജിഹാദ് ആരോപിച്ച് ആള്‍ക്കൂട്ട ആക്രമണം; 17 കാരനെതിരെ പോക്‌സോ കേസെടുത്ത് പൊലീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗുവാഹത്തി: അസമിലെ കച്ചാര്‍ ജില്ലയില്‍ പെണ്‍ സുഹൃത്തിനോട് സംസാരിച്ച മുസ്‌ലിം യുവാവിനെ ആള്‍ക്കൂട്ടം ആക്രമിച്ചു. സംഭവത്തിന് പിന്നാലെ യുവാവിനെതിരെ പൊലീസ് പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തു.

അസമിലെ നര്‍സിങ്പുര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിന് സമീപത്തെ സൊനാലി പൊലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം. 12-ാം ക്ലാസ് വിദ്യാര്‍ത്ഥിയായ യുവാവ് തന്റെ മുന്‍ സഹപാഠിയായ പെണ്‍കുട്ടിയുമായി സംസാരിക്കുന്നത് ചോദ്യം ചെയ്ത് ഒരു കൂട്ടം ആളുകള്‍ മര്‍ദ്ദിക്കുകയായിരുന്നു. പെണ്‍കുട്ടിയും യുവാവും തമ്മില്‍ പ്രണയബന്ധത്തിലാണെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം.

പതിനേഴുകാരനും പെണ്‍കുട്ടിയും രാവിലെ എട്ട് മണിയോടെ സ്‌കൂളിന് സമീപത്ത് സംസാരിച്ചുകൊണ്ടിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ഒരു ഹിന്ദു യുവാവ് 17 കാരനോട് പേര് ചോദിക്കുകയും തുടര്‍ന്ന് അവന്‍ തന്റെ മുസ്‌ലിം പേര് പറഞ്ഞതോടെ മര്‍ദ്ദിക്കാന്‍ ആരംഭിക്കുകയുമായിരുന്നു. 15-20 പേര്‍ ഉള്‍പ്പെട്ട സംഘമാണ് ഇവരെ മര്‍ദ്ദിച്ചതെന്നാണ് റിപ്പോര്‍ട്ട്.

ഇവരെ മര്‍ദ്ദിക്കുന്ന വീഡിയോ സാമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിട്ടുണ്ട്. ഈ ദൃശ്യത്തില്‍ 17കാരനെ അര്‍ദ്ധനഗ്നനായി ഒരു തൂണുമായി ചേര്‍ത്ത് കെട്ടിനിര്‍ത്തിയതായും മറ്റൊരു വീഡിയോയില്‍ കൈകള്‍ പരസ്പരം കെട്ടിയിട്ട് പ്രദേശവാസികള്‍ക്ക് മുന്നിലൂടെ നടത്തിക്കുന്നതായും കാണാം.

മര്‍ദ്ദനമേറ്റ് അലിയുടെ മൂക്കില്‍ നിന്ന് രക്തം വരുന്നതായും ദൃശ്യത്തില്‍ കാണുന്നുണ്ട്. മര്‍ദ്ദനത്തില്‍ പരിക്കേറ്റ യുവാവ് സഹായത്തിനായി കരയുന്നതും പെണ്‍കുട്ടിയുമായി പ്രണയബന്ധമില്ലെന്നും അക്രമികളോട് പറയുന്നുണ്ട്. ആള്‍ക്കൂട്ടത്തിലെ ഒരു സ്ത്രീ പെണ്‍കുട്ടിയുടെ മുടിയില്‍ പിടിച്ച് വലിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

എന്നാല്‍ സംഭവം നടന്ന് ഏതാനും മണിക്കൂറുകള്‍ക്കുശേഷം പെണ്‍കുട്ടിയുടെ പരാതിയില്‍ 17കാരനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തതായി ഓണ്‍ലൈന്‍ മാധ്യമമായ ദി സ്‌ക്രോള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ആള്‍ക്കൂട്ട ആക്രമണത്തിന്റെ പേരില്‍ യുവാവിന്റെ കുടുംബം നല്‍കിയ പരാതിയില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

‘പെണ്‍കുട്ടിയുടെ പരാതിയിലുള്ള പോക്‌സോ കേസ് പ്രകാരമാണ് ആണ്‍കുട്ടിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഈ മുസ്‌ലിം യുവാവ് മറ്റൊരു ഹിന്ദു ആണ്‍കുട്ടിയുടെ പേരില്‍ പെണ്‍കുട്ടിക്ക് ഒരു അശ്ലീല വീഡിയോ അയച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ പ്രധാനമായും പോക്‌സോ കേസ് പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അതേപോലെ യുവാവിനെ അക്രമിച്ച കേസില്‍ ഒരാളെ പൊലീസ് ചോദ്യം ചെയ്തിട്ടുണ്ട്,’ കച്ചാര്‍ പൊലീസ് സൂപ്രണ്ട് മാധ്യമങ്ങളോട് പറഞ്ഞു.

എന്നാല്‍ ഹിന്ദുത്വ ഗ്രൂപ്പ് ആയ ബജ്‌രംഗ്ദളിന്റെ ഇടപെടലാണ് തന്റെ മരുമകന്റെ അറസ്റ്റിന് കാരണമായതെന്ന് ആരോപിച്ച് 17കാരന്റെ അമ്മാവന്‍ രംഗത്തെത്തിയിട്ടുണ്ട്.

‘എന്റെ മരുമകന്‍ ക്രൂരമായി മര്‍ദ്ദിക്കപ്പെട്ടിട്ടും അതിന്റെ വീഡിയോ തെളിവ് ആയി ഉണ്ടായിരുന്നിട്ടും പൊലീസ് ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ഇത് അനീതിയാണ്,’ റഹീം ഉദ്ദിന്‍ ബര്‍ഭൂയാന്‍ ദി സ്‌ക്രോളിനോട് പറഞ്ഞു.

രണ്ടാഴ്ച മുമ്പ് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ ലവ് ജിഹാദിന് ജീവപര്യന്തം തടവ് ഏര്‍പ്പെടുത്താന്‍ നിയമനിര്‍മ്മാണം തുടങ്ങുമെന്ന് പ്രഖ്യാപിച്ചിരുന്നു. ബി.ജെ.പി സംസ്ഥാന സമിതി യോഗത്തിലായിരുന്നു പ്രഖ്യാപനം.

Content Highlight: Mob assault a boy in Assam accusing Love Jihad, Police arrested him under POCSO Case

We use cookies to give you the best possible experience. Learn more